വേനല്‍ മഴ തുണച്ചു; കരിഞ്ഞുണങ്ങിയ ഏലത്തോട്ടങ്ങളിൽ പുനർജനി
text_fieldsനെടുങ്കണ്ടം: ഹൈറേഞ്ചില്‍ ആവശ്യത്തിന് വേനല്‍ മഴ ലഭിച്ചതോടെ ചൂടില്‍ കരിഞ്ഞുണങ്ങിയ ഏലതോട്ടങ്ങളില്‍ പുനര്‍ കൃഷിക്കായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. മഴക്കാലം എത്തുന്നതോടെ ഏലം വിളവെടുപ്പും തോട്ടങ്ങളിലെ പണിയും സജീവമാകേണ്ടിയിരുന്ന സ്ഥാനത്ത് ഇത്തവണ കര്‍ഷകര്‍ പുനര്‍ കൃഷിക്ക് പിന്നാലെയാണ്. ഉണങ്ങിയ ഏലചുവട് പിഴുതെടുത്ത് കളഞ്ഞ് പുതിയ കുഴികള്‍ കുത്തി മൂടി ചിമ്പ് നടുന്ന പണിയില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് മിക്ക കര്‍ഷകരും. ഹൈറേഞ്ചില്‍ ചുരുക്കം സ്ഥലങ്ങളിലൊഴികെ മിക്കയിടത്തും ഏലം പൂര്‍ണമായോ ഭാഗികമായോ കരിഞ്ഞ് നശിച്ച അവസ്ഥയാണ്. ആദായം രണ്ട് വര്‍ഷത്തേക്ക് പൂര്‍ണമായും ഇല്ലാതായതിനോടൊപ്പം പുനര്‍ കൃഷിക്കാവശ്യമായ ഏലം തട്ടകള്‍ക്ക് കനത്ത ക്ഷാമവും നേരിടുന്നു. നാട്ടിന്‍പുറങ്ങളില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും നിരവധി പേര് ഏലത്തോട്ടങ്ങള്‍ പാട്ടത്തിനെടുത്തിരുന്നു. നഷ്ടം നേരിട്ടതോടെ മിക്കവരും തോട്ടം ഉപേക്ഷിച്ചു മടങ്ങി. കടുത്ത വേനലില്‍ ഏലം കരിഞ്ഞുണങ്ങി ആദായം നഷ്ടപ്പെട്ട കര്‍ഷകര്‍ ഇപ്പോള്‍ നേരിടുന്നത് പുതിയ കൃഷിയിറക്കാനുള്ള തട്ടയുടെ ക്ഷാമമാണ്. മുമ്പ് നല്ലയിനത്തില്‍ പെട്ട ഏല തട്ടക്ക് 25 മുതല്‍ 150 രൂപ വരെയായിരുന്നു വില. ഇപ്പോൾ ഇത് 400 ലേക്കും 500 ലേക്കും എത്തിയതായാണ് കര്‍ഷകര്‍ പറയുന്നത്.
വായ്പ എടുത്തും കടം വാങ്ങിയും ഏലം കൃഷിയില്‍ ഏര്‍പ്പെട്ട കര്‍ഷകര്‍ വന്‍ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. ബാങ്കുകളിലടക്കമുള്ള കടബാധ്യതകള്‍ മിക്ക ഏലം കര്‍ഷകര്‍ക്കും ഉണ്ട്.ഏലം മേഖല ഏതാണ്ട് പൂർണമായും തകര്‍ന്നതോടുകൂടി കറുത്തപൊന്നിലാണ് കര്‍ഷകരുടെ പ്രതീക്ഷ. കുരുമുളകിന് മികച്ച വില ലഭിക്കുന്നത് കര്‍ഷകരുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നുണ്ടെങ്കിലും ഇത്തവണ വിളവ് കുറവാണ്. കടുത്ത വേനലില്‍ 40 ശതമാനത്തിലധികം കുരുമുളക് കൃഷി ഹൈറേഞ്ചില്‍ നശിച്ചതായാണ് കൃഷിവകുപ്പിന്റെ കണ്ടെത്തല്‍. വാടി നിന്ന കുരുമുളക് ചെടികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച വേനല്‍ മഴയില്‍ ഊര്‍ജം വീണ്ടെടുത്ത് തളിര്‍ക്കാന്‍ തുടങ്ങിയിട്ടുണ്ട്. രണ്ടാംഘട്ട വിളവെടുപ്പ് പുരോഗമിക്കുന്ന സാഹചര്യത്തില്‍ ലഭിച്ച വേനല്‍ മഴയും കര്‍ഷകര്‍ക്ക് പ്രയോജനം ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.