ചൂട് കനക്കുന്നു; വരൾച്ച ഭീഷണിയും
text_fieldsതൊടുപുഴ: വേനൽ മഴ എന്താണ് പെയ്യാത്തതെന്ന ആശങ്കയിലാണ് മലയോര ജനത. ഉച്ചക്ക് പുറത്തിറങ്ങാൻ കഴിയാത്ത വിധം ചൂട് പൊള്ളിക്കുകയാണ്. ഹൈറേഞ്ച്, ലോ റേഞ്ച് വ്യത്യാസമില്ലാതെ ക്രമാതീതമായി ചൂടി കൂടി വരുന്നു. പലയിടത്തും വരൾച്ച ഭീഷണിയും. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ സാധാരണ മഴ ലഭിക്കാറുള്ളതാണ്. കഴിഞ്ഞ വർഷം ജില്ലയിൽ ഈ സീസണിൽ വലിയ തോതിൽ മഴ ലഭിച്ചിരുന്നു. 93.1 മില്ലീ മീറ്റർ മഴയാണ് ജില്ലയിൽ കഴിഞ്ഞ വർഷം ലഭിച്ചത്. അതേ സമയം ഈ വർഷം ജനുവരി ഒന്നു മുതൽ തിങ്കളാഴ്ച വരെ ലഭിച്ചത് 8.3 മില്ലീ മീറ്റർ മഴ മാത്രം.
തൊടുപുഴ ഉൾപ്പെടെ ലോറേഞ്ച് മേഖലകളിലാണ് ചൂട് കൂടുതൽ. ചിലയിടങ്ങളിൽ കൂടിയ താപ നില 35 - 36 ഡിഗ്രി സെൽഷ്യസായി ഉയർന്നു. വേനൽ മഴ ലഭിച്ചില്ലെങ്കിൽ വലിയ വരൾച്ചയെയാകും അഭിമുഖീകരിക്കേണ്ടി വരിക. ജില്ലയിലെ സ്വാഭാവിക ജല സ്രോതസുകൾ പലതും വറ്റി വരണ്ടു. പല പ്രദേശങ്ങളും ശുദ്ധ ജല ക്ഷാമത്തിന്റെ പിടിയിലാണ്. കാർഷിക മേഖലയും വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നു.വെള്ളമില്ലാതെ എങ്ങനെ കൃഷി ചെയ്യുമെന്ന ആശങ്കയിലാണ് കർഷകർ. പലയിടങ്ങളിലും കാട്ടു തീ ഭീഷണിയും ഉയർന്നിട്ടുണ്ട്.
ഏലം കർഷകരും ക്ഷീരകർഷകരും പ്രതിസന്ധിയിൽ
വേനലിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലാകുന്നത് ഏലം കൃഷിക്കാരാണ്. ഹൈറേഞ്ചിലെ മിക്ക ഏലത്തോട്ടങ്ങളിലും ജലസേചനം കാര്യക്ഷമമായി നടക്കുന്നില്ല .കടുത്ത വേനലിൽ ശുദ്ധജലത്തിനുപോലും ക്ഷാമം നേരിടുമ്പോൾ കൃഷിയിടങ്ങൾ നനയ്ക്കാനാകാതെ ചെറുകിട കർഷകർ ബുദ്ധിമുട്ടുന്നു.വൻകിട തോട്ടങ്ങളിൽ ജലസേചനം കൃത്യമായി നടക്കുന്നുണ്ടെങ്കിൽ മറ്റ് കർഷകർക്ക് പലപ്പോഴും ഇത് സാധ്യമല്ല.
പുൽമേടുകൾ കരിഞ്ഞുണങ്ങുന്നതിനാൽ കന്നുകാലികളും പട്ടിണിയിലാണ്. കൊടുംചൂടിൽ പാലുൽപാദനം കുറഞ്ഞതോടെ ക്ഷീരകർഷകർ പ്രതിസന്ധിയിലായി. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇക്കുറി ജനുവരി തുടക്കത്തിൽ തന്നെ പകൽച്ചൂട് വർധിച്ചു. വേനൽ മഴ ഇല്ലാതാകുകയും പകൽച്ചൂട് വർധിക്കുകയും ചെയ്യുന്നതിനാൽ ജലസ്രോതസുകൾ മിക്കവാറും വറ്റിവരണ്ടു തുടങ്ങി. കരകൃഷിക്കും പച്ചക്കറി അടക്കം ഇടവിളകൾക്കും ഇത് ഭീഷണിയായി. വേനൽ കടുക്കുന്നതോടെ നാശനഷ്ടക്കണക്കും ഉയരുമെന്നുറപ്പ്. കഴിഞ്ഞ വർഷം കോടികളുടെ ഏലംകൃഷിയാണ് വേനലിൽ നശിച്ചത്. കഴിഞ്ഞ വേനലിൽ കൃഷി നശിച്ച ഇടുക്കിയിലെ കർഷകർക്കാണ് പത്ത് കോടി സർക്കാർ കഴിഞ്ഞ ദിവസമാണ് സഹായം പ്രഖ്യാപിച്ചത്. 15,000 ത്തിലധികം ഹെക്ടർ സ്ഥലത്തെ ഏലം കൃഷിയാണ് കഴിഞ്ഞ വേനലിൽ നശിച്ചത്.
പച്ചപ്പുല്ല് കിട്ടാനില്ല; മഴ കാത്ത് കർഷകർ
പൊള്ളുന്ന ചൂടിൽ പച്ചപ്പുല്ല് ലഭ്യത കുറഞ്ഞതോടെ ക്ഷീര കർഷകർ ദുരിതത്തിലാണ്. കാലിത്തീറ്റക്കായി പുല്ല് വളർത്തുന്നവർക്ക് വേനൽ കനത്ത തിരിച്ചടിയാണ് നൽകുന്നത്. വയലുകളിൽ പുല്ല് വളർത്തിയവർക്ക് മാത്രമാണ് അൽപമെങ്കിലും പച്ചപ്പുല്ല് കാലിത്തീറ്റക്കായി ലഭിക്കുന്നത്. നിത്യവൃത്തിക്ക് പശു വളർത്തലിൽ ഏർപ്പെടുന്ന കർഷകർ പച്ചപ്പുല്ല് സംഘടിപ്പിക്കാൻ കഷ്ടപ്പെടുകയാണ്. പലയിടങ്ങളിൽ നിന്നും വലിയ വില കൊടുത്ത് വൈക്കോൽ വാങ്ങുകയാണ് ഇപ്പോൾ ചെയ്യുന്നത്. എന്നാൽ ഇതിനൊപ്പം പച്ചപ്പുല്ല് കൂടി നൽകിയാലേ കന്നുകാലികൾക്ക് ആരോഗ്യമുണ്ടാകുകയും പാൽ ഉൽപാദനം വർധിക്കുകയും ചെയ്യൂ. കാലിത്തീറ്റ കൂടുതലായി നൽകുന്നത് സാമ്പത്തിക ചിലവും വർധിപ്പിക്കുകയാണ്. ഇനി പച്ചപ്പുല്ല് ലഭിക്കണമെങ്കിൽ വേനൽ മഴ കനിയണമെന്നാണ് കർഷകർ പറയുന്നത്.
കുഞ്ഞുങ്ങൾക്ക് മുൻകരുതലുമായി ഐ.സി.ഡി.എസ്
വേനൽച്ചൂടിന്റെ കാഠിന്യം കൂടി തുടങ്ങിയതോടെ അംഗൻവാടികളിലെ കുഞ്ഞുങ്ങൾക്ക് ആരോഗ്യസുരക്ഷാ മുൻകരുതലുമായി ഐ.സി.ഡി.എസ്. കുട്ടികളെ വെയിലത്ത് കളിക്കാൻ വിടരുത്. കൃത്യസമയത്ത് പോഷകാഹാരം നൽകൽ തുടങ്ങിയ നിർദേശങ്ങൾ അംഗൻവാടി ജീവനക്കാർക്കു നൽകിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. അവധി ദിവസങ്ങളിൽ വീടുകളിലും ഇതു പാലിക്കാൻ രക്ഷിതാക്കളോട് ആവശ്യപ്പെടും. അംഗൻവാടികളിൽ കൃഷി ചെയ്യുന്ന ചീര, മുരിങ്ങ, മറ്റു പച്ചക്കറികൾ എന്നിവയും പോഷക ആഹാരത്തിനൊപ്പം കുട്ടികൾക്കു നൽകാനാണ് ശ്രമിക്കുന്നത്.
കുട്ടികളുടെ പോഷണക്കുറവ് പരിഹരിക്കാൻ അമൃതം പൊടി, മിൽമ പാൽ എന്നിവയാണ് നൽകുന്നത്. ആഴ്ചയിൽ രണ്ട് ദിവസം 125 മില്ലി ലീറ്റർ വീതം പാലും നൽകുന്നുണ്ട്. കൂടാതെ ചെറുപയർ, ഗോതമ്പ് എന്നിവയും ആഴ്ചയിൽ രണ്ട് ദിവസം മുട്ടയും നൽകുന്നുണ്ട്. ആറ് മാസം മുതൽ മൂന്ന് വയസ്സുവരെയുള്ള കുഞ്ഞുങ്ങൾക്കു ന്യൂട്രിമിക്സ് പൗഡറും വിതരണം ചെയ്യുന്നു. ഇത് കഴിക്കുന്നതു വഴി പകർച്ചവ്യാധികളെ പ്രതിരോധിക്കാനാകുമെന്നാണ് നിഗമനം.
ജലജന്യ രോഗങ്ങളിൽ ജാഗ്രത വേണം
വേനല്‍ കനക്കുന്ന സാഹചര്യത്തില്‍ ജലജന്യ രോഗങ്ങള്‍, ഭക്ഷ്യവിഷബാധക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ്. വഴിയോര കച്ചവടക്കാര്‍ മുതല്‍ എല്ലാ കടകളും ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം. മലിനമായ വെള്ളത്തില്‍ നിന്നുണ്ടാക്കുന്ന ഐസിന്റെ ഉപയോഗത്താല്‍ പല രോഗങ്ങളും ഉണ്ടാകാന്‍ സാധ്യത കൂടുതല്‍ ആയതിനാല്‍ ശുദ്ധജലം ഉപയോഗിച്ച് ഐസ് ഉണ്ടാക്കാന്‍ ശ്രദ്ധിക്കണം.
ചൂടുകാലത്ത് ആഹാര സാധനങ്ങള്‍ പെട്ടന്ന് കേട് വരുന്നതിനാല്‍ ഭക്ഷണ സാധനങ്ങള്‍ അടച്ച് സൂക്ഷിക്കണം. ഭക്ഷണ പാഴ്സലില്‍ തീയതിയും സ്റ്റിക്കറും പതിപ്പിച്ചിരിക്കണം. നിശ്ചിത സമയം കഴിഞ്ഞ ഭക്ഷണം കഴിക്കരുത്. നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം ശുദ്ധജലം കുടിക്കണം.
തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. യാത്രാ വേളയില്‍ വെള്ളം കരുതുന്നത് നല്ലത്. കടകള്‍, പാതയോരങ്ങളില്‍ നിന്നും ജ്യൂസ് കുടിക്കുന്നവര്‍ ഐസ് ശുദ്ധജലത്തില്‍ നിന്നുണ്ടാക്കിയതാണെന്ന് ഉറപ്പ് വരുത്തണണമെന്നും നിർദേശം നൽകുന്നു. വേനൽക്കാല പരിശോധനകൾ ഇതിനോടകം തന്നെ ആരംഭിച്ചതായയി അസി. ഫുഡ് സേഫ്റ്റി കമീഷണർ പറഞ്ഞു.
ഹൈറേഞ്ചിൽ ശുദ്ധ ജല ക്ഷാമം
നെടുങ്കണ്ടം: ചൂട് കനത്തതോടെ ഹൈറേഞ്ചില്‍ പലയിടത്തും ശുദ്ധജലക്ഷാമം. വേനൽ വറുതിയിലേക്ക് ഹൈറേഞ്ച് മാറുകയാണ്. കാലാവസ്ഥ വ്യതിയാനവും മഴക്കുറവും കണക്കിലെടുത്ത് ഗ്രാമീണ ജലസേചന പദ്ധതികള്‍ കാര്യക്ഷമമാക്കേണ്ടതുണ്ട്. നിര്‍മാണം പൂര്‍ത്തിയായതും പാതി വഴിയില്‍ മുടങ്ങിയതുമായ ജലസേചന പദ്ധതികള്‍ ഹൈറേഞ്ചില്‍ നിരവധിയുണ്ടെങ്കിലും ഇവയൊന്നും പ്രയോജനപ്രദമാക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ല.
മോട്ടോര്‍ തകരാറിലായവയും പ്രവര്‍ത്തനരഹിതമായ പമ്പുസെറ്റുകളും പൊട്ടിത്തകര്‍ന്ന പൈപ്പുകളും പൊട്ടിയൊലിക്കുന്ന ജല സംഭരണികളും ഒപ്പം ശുചീകരണം നടത്താത്ത കുളങ്ങളും കിണറുകളും ഹൈറേഞ്ചിലെ വിവിധ പഞ്ചായത്തുകളില്‍ നിരവധിയുണ്ട്. ഓരോ വര്‍ഷവും കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ ലക്ഷങ്ങളാണ് ഓരോ പഞ്ചായത്തും വിവിധ പദ്ധതികള്‍ക്കായി നീക്കിവെക്കുന്നത്. ഇവയില്‍ മിക്കതും കടുത്ത വേനലില്‍ നടപ്പാക്കുന്നവയാണ്. മാത്രവുമല്ല താല്‍ക്കാലിക പരിഹാരമാര്‍ഗ്ഗങ്ങളാണ്. കടുത്ത ജലക്ഷാമം മൂലം ജനം പൊറുതി മുട്ടിക്കഴിയുമ്പോള്‍ മാത്രം ഉണര്‍ന്നെണീക്കുന്ന അധികൃതര്‍ പുതുതായി പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പാക്കാന്‍ ശ്രമം ആരംഭിച്ചു വരുമ്പോഴേക്കും കാലവര്‍ഷം ആരംഭിക്കുകയും ആലോചനകള്‍ അവസാനിപ്പിക്കുകയുമാണ് പതിവ്.
ജില്ലയില്‍ ഏറ്റവുമധികം ജലക്ഷാമം നേരിടുന്നത് കേരള തമിഴ്നാട് അതിര്‍ത്തി പങ്കിടുന്ന കരുണാപുരം പഞ്ചായത്തിലാണ്. കൊടും വേനല്‍ തുടരുമ്പോള്‍ വരള്‍ച്ചയുടെ യാതനകള്‍ ഒന്നൊന്നായി അനുഭവിക്കുന്നവരാണ് കരുണാപുരം പഞ്ചായത്തിലെ ജനങ്ങള്‍. അതിര്‍ത്തി മേഖലയായ രാമക്കല്‍മേട്,മന്തിപ്പാറ,കരുണാപുരം,വയലാര്‍നഗര്‍,കുളത്തിന്മേട്,കട്ടേക്കാനം,തണ്ണിപ്പാറ തുടങ്ങി പതിനേഴ് വാര്‍ഡുകളിലും തുല്യ ജലക്ഷാമമാണ് അനുഭവപ്പെടുന്നത്.
വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ജലക്ഷാമത്തിന് ഇപ്പോഴും ശാശ്വത പരിഹാരം കെണ്ടത്താനായിട്ടില്ല. ചൂട് കൂടിയതോടെ ചെറു അരുവികളിലേയും തോടുകളിലേയും നീരൊഴുക്ക് ഇടമുറിഞ്ഞു. മലമുകളില്‍ തിര്‍ത്ത പലസംഭരണികളും ശൂന്യമാണ്. കുഴല്‍ കിണറുകളുടെ കഥയും വ്യത്യസ്ഥമല്ല.ഇതിനിടെ ഭൂമി തുരന്ന് മുന്നേറുകയാണ് കുഴല്‍ കിണര്‍ നിര്‍മാതാക്കള്‍. വേനല്‍ ആരംഭത്താടെ ലോറികളില്‍ ഘടിപ്പിച്ച ഭൂമി തുരക്കുന്ന യന്ത്ര സാമഗ്രികളുമായി വാഹനങ്ങള്‍ തലങ്ങും വിലങ്ങും പായുന്ന കാഴ്ചയാണ് ഹൈറേഞ്ചിലെമ്പാടും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.