കായിക മേളകള്‍ വിളിപ്പാടകലെ; സിന്തറ്റിക് ട്രാക്ക് അറ്റകുറ്റപ്പണി അനിശ്ചിതത്വത്തിൽ
text_fieldsനെടുങ്കണ്ടം: സ്കൂള്‍ ഒളിമ്പിക്സ് അടക്കം കായിക മാമാങ്കങ്ങള്‍ വിളിപ്പാടകലെയായിട്ടും രാജ്യാന്തര നിലവാരത്തില്‍ നിർമിച്ച സ്റ്റേഡിയത്തിലെ തകര്‍ന്ന സിന്തറ്റിക് ട്രാക്കിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാന്‍ ആരുമില്ലെന്ന് ആക്ഷേപം.
ട്രാക്ക് തകര്‍ത്തവരോ ഉടമകളായ ഗ്രാമപഞ്ചായത്തോ, സ്റ്റേഡിയം നടത്തിപ്പിന് തെരഞ്ഞെടുത്ത മാനേജ്മെന്റ് കമ്മിറ്റിയോ അറ്റകുറ്റപ്പണിക്ക് തയാറാകുന്നില്ല. ഇതുമൂലം കായിക താരങ്ങളും മത്സരാർഥികളും വലയുകയാണ്.
ജില്ല സ്കൂള്‍ കായിക മേളകള്‍ അടക്കം കായികമേളകൾ ബുക്ക് ചെയ്തെങ്കിലും ആവശ്യമായ സൗകര്യം ഒരുക്കുന്നതിന് അധികൃതര്‍ തയാറായിട്ടില്ല. തകര്‍ന്ന സിന്തറ്റിക് ട്രാക്ക് എന്ന് നന്നാക്കുമെന്ന് നിര്‍മാണച്ചുമതലയുള്ള കിറ്റ്കോക്കുപോലും നിശ്ചയമില്ല. മത്സരങ്ങള്‍ യഥാസമയം നടത്താനാകുമോ എന്ന സംശയത്തിലാണ് സംഘാടകര്‍.
മേയ് 18നാണ് കല്ലുവീണ് ട്രാക്ക് തകര്‍ന്നത്. ഇതിന്റെ അറ്റകുറ്റപ്പണി മാസങ്ങളായി നീളുകയാണ്. ജില്ല ആശുപത്രിക്ക് കെട്ടിട നിര്‍മാണം നടക്കുന്നിടത്ത് കല്ലുപൊട്ടിച്ചപ്പോള് തെറിച്ചുവീണതാണ് ട്രാക്ക് തകരാന്‍ കാരണമെന്ന് പഞ്ചായത്ത് പറയുന്നത്. കല്ലുവീണ സിന്തറ്റിക് മെറ്റീരിയലിന് വിള്ളല്‍ വീഴുകയായിരുന്നു. ഇതുവഴി വെള്ളമിറങ്ങി ട്രാക്ക് ഇളകാതിരിക്കാന്‍ പടുത വിരിച്ചിരിക്കുകയാണ്. അറ്റകുറ്റപ്പണിക്ക് ആവശ്യമായ തുക ആശുപത്രി നിര്‍മാണ കരാറുകാരന് നല്‍കുമെന്ന് അറിയിച്ചിരുന്നുവെന്ന് പഞ്ചായത്ത് പറയുന്നു.
മൂന്നുമാസം പിന്നിട്ടിട്ടും നടപടിയില്ല. തകരാര്‍ സംഭവിച്ച വിവരം ഗ്രാമപഞ്ചായത്ത് കിഫ്ബിയെയും കിറ്റ്കോയെയും രേഖാമൂലം അറിയിച്ചെങ്കിലും സാങ്കേതിക തടസ്സം പറഞ്ഞ് ഒഴിഞ്ഞു മാറുകയാണെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. കിഫ്ബി ഫണ്ടില്‍നിന്ന് 10 കോടിയും സര്‍ക്കാര്‍ വിഹിതം മൂന്ന് കോടിയും പഞ്ചായത്ത് ഫണ്ടില്‍നിന്ന് ഒരു കോടിയും ഉള്‍പ്പെടെ 14 കോടി ചെലവഴിച്ച് നിര്‍മിച്ച് ആറുമാസം മുമ്പ് കായിക മന്ത്രി ഉദ്ഘാടനം ചെയ്തതാണ് നെടുങ്കണ്ടത്തെ സ്റ്റേഡിയം.
കായിക താരങ്ങള്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നകാര്യങ്ങളിലും മെല്ലെപ്പോക്കാണ്. പെണ്‍കുട്ടികളടക്കം കായിക താരങ്ങള്‍ക്ക് വസ്ത്രം മാറാനോ വിശ്രമിക്കാനോ സൗകര്യം ഒരുക്കിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.