രാമക്കല്ലിലേക്കുള്ള പ്രവേശനം തമിഴ്നാട് തടഞ്ഞു
text_fieldsനെടുങ്കണ്ടം: രാമക്കല്ലിലേക്കുള്ള പ്രവേശനം തമിഴ്നാട് തടഞ്ഞതോടെ രാമക്കല്‍ മേട്ടിലേക്ക് സഞ്ചാരികളുടെ വരവ് കുറഞ്ഞു. ടൂറിസത്തെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന നൂറുകണക്കിന് ആളുകളുടെ ജീവിതം ഇതുമൂലം പ്രതിസന്ധിയിലായി.
വിനോദസഞ്ചാര കേന്ദ്രമായ രാമക്കല്‍മേട്, ആമപ്പാറ, കുരുവിക്കാനം, കാറ്റാടി പാടം എന്നീ മേഖലകളിലേക്കുള്ള സഞ്ചാരികളുടെ തിരക്കാണ് കുറഞ്ഞത്. ശക്തമായ മഴയും കാറ്റും കാരണം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം സഞ്ചാരികളുടെ തിരക്ക് ആദ്യമേ കുറവായിരുന്നു. അതിനു പുറമെയാണ് ഇപ്പോള്‍ തമിഴ്നാട് വനം വകുപ്പ് എടുത്ത കടുത്ത നിലപാട് സഞ്ചാരികളെ അകറ്റുന്നത്. ജൂണ്‍, ജൂലൈ മാസങ്ങളില്‍ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് അനുഭവപ്പെട്ടത്.
മുന്‍ വര്‍ഷങ്ങളില്‍ മെയ്, ജൂണ്‍, ജൂലൈ മാസങ്ങളില്‍ രാമക്കല്‍മേട്ടില്‍ മാത്രം 50,000ത്തിലധികം സഞ്ചാരികള്‍ എത്തിയിരുന്നു. എന്നാല്‍, ഈ വര്‍ഷം 45,000ത്തോളം വിനോദസഞ്ചാരികള്‍ മാത്രമാണ് മേഖലകളില്‍ സന്ദര്‍ശനം നടത്തിയത്. കഴിഞ്ഞ മാസങ്ങളിലെല്ലാം വിനോദ സഞ്ചാരികള്‍ കുറവായിരുന്നതിനാല്‍ ഇനിയുള്ള ഏക പ്രതീക്ഷ ഓണമാണ്.
എന്നാല്‍, തമിഴ്നാട് വനംവകുപ്പ് നിലപാട് മാറ്റിയില്ലെങ്കിൽ ടൂറിസത്തെ ആശ്രയിച്ചു ജീവിക്കുന്ന നൂറുകണക്കിണനാളുകളുടെ കുടുംബം പട്ടിണിയിലാകും. മേഖലയിലെ ജീവനക്കാരുടെ കുടുംബം പട്ടിണിയിലാകും.
ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് ജീവിക്കുന്ന വ്യാപാരികള്‍, ഓഫ് റോഡ് വാഹനങ്ങൾ, റിസോര്‍ട്ട് മേഖലയിലുള്ളവര്‍ തുടങ്ങിയവരെല്ലാം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഓഫ് റോഡ് മേഖലയില്‍ മാത്രം 80 ഓളം ജീവനക്കാരുണ്ട്. ഇവരുടെ ഏക ആശ്രയമാണ് നിലച്ചിരിക്കുന്നത്. ടൂറിസവുമായി ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുടെ കടുത്ത നിലപാടുകളും വിനോദസഞ്ചാരികളുടെ വരവ് കുറയാന്‍ കാരണമായെന്നും മേഖലയിലുള്ളവര്‍ പറയുന്നു. മോട്ടോര്‍ വാഹന ഡിപ്പാര്‍ട്ട്മെന്റ്, റവന്യൂ, വനം വകുപ്പ്, പൊലീസ് എന്നി വകുപ്പുകളുടെ ഇടപെടലുകളാണ് മേഖലയില്‍ സഞ്ചാരികള്‍ കുറയാന്‍ കാരണമായി പറയുന്നത്.
ഓഫ് റോഡ് സഫാരിക്ക് കൊണ്ടുവന്ന നിയന്ത്രണങ്ങളും ആമ പാറയില്‍ പുതുതായി നടപ്പിലാക്കിയ പാസ് സംവിധാനവും സഞ്ചാരികള്‍ കുറയാന്‍ കാരണമായതായി പറയപ്പെടുന്നു. ഇതിനെല്ലാം, പുറമെയാണ് ഇപ്പോള്‍ രാമക്കല്ലിലേക്കുള്ള പ്രവേശനം തടഞ്ഞ് തമിഴ്നാട് വനം വകുപ്പ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. ഇത് രാമക്കൽ മേടിന്റെ ടൂറിസം സാധ്യതകളെ വന്‍തോതില്‍ ബാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.