ആധികയുടെ മരണം ചികിത്സാപ്പിഴവ് മൂലമെന്ന് കുടുംബം
text_fieldsനെടുങ്കണ്ടം: കുഴിത്തൊളുവിലെ എൽ.കെ.ജി വിദ്യാർഥിനി പനി ബാധിച്ചുമരിച്ചത് ചേറ്റുകുഴി സഹകരണ ആശുപത്രിയിലെ ചികിത്സ പിഴവുമൂലമെന്ന് ആരോപണവുമായി കുടുംബം.
കുഴിത്തൊളു പൂതക്കുഴിയിൽ വിഷ്ണു- അതുല്യ ദമ്പതികളുടെ ഇളയ മകൾ ആധികയുടെ മരണത്തിലാണ് കുടുംബം പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. സഹകരണ ആശുപത്രിയിൽ നിന്ന് അമിത ഡോസിൽ മരുന്ന് നൽകിയതും തുടർ ചികിത്സ നൽകാത്തതുമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് ആരോപണം.
കഴിഞ്ഞ 14നാണ് നാല് വയസ്സുകാരി ആധിക കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. 12ന് പനി ബാധിച്ച കുട്ടിയെ ചേറ്റുകുഴിയിലെ സഹകരണ ആശുപത്രിയിലെത്തിച്ചു. അവിടെ നിന്ന് കുട്ടിക്ക് മരുന്നുകൾ നൽകിയെങ്കിലും 14ന് പനി കൂടുകയായിരുന്നു.
ഇതോടെ കട്ടപ്പനയിലെ സഹകരണ ആശുപത്രിയിലെത്തിച്ചു. ശിശു രോഗ വിദഗ്ധർ അവധിയിലായിരുന്നെങ്കിലും ഡ്യൂട്ടി ഡോക്ടർ കുട്ടിയെ പരിശോധിച്ചു. ഹൃദയമിടിപ്പ് കൂടുതലാണെന്ന് മനസ്സിലാക്കുകയും ചികിത്സ ആരംഭിക്കുകയും ചെയ്തു.
മുമ്പ് കൂടുതൽ അളവിൽ മരുന്ന് നൽകിയതാണ് കുട്ടിയുടെ ശാരീരിക ബുദ്ധിമുട്ടുകൾക്ക് കാരണമെന്ന് ഡോക്ടർ അഭിപ്രായപ്പെടുകയും ചേറ്റുകുഴിയിലെ സഹകരണ ആശുപത്രിയിലാണ് കാണിച്ചതെന്ന് വീട്ടുകാർ പറഞ്ഞപ്പോൾ കുട്ടിക്ക് മറ്റ് കുഴപ്പങ്ങളില്ലെന്നും വീട്ടിൽ കൊണ്ടുപൊക്കോളാൻ പറയുകയായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു.
വീട്ടിലെത്തി ഏതാനും മണിക്കൂറിനകം അസുഖം മൂർച്ഛിക്കുകയായിരുന്നു. തുടർന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയെങ്കിലും രക്ഷിക്കാനായില്ല.
ചേറ്റുകുഴിയിലെ ചികിത്സാപ്പിഴവ് പുറത്തറിയാതിരിക്കാൻ കട്ടപ്പന സഹകരണ ആശുപത്രിയിലെ ഡോക്ടറും കൂട്ടുനിന്നെന്നും ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ ഡോക്ടർമാർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ പൊലീസിലും ജില്ല കലക്ടർക്കും പരാതി നൽകി.
എന്നാൽ ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ലെന്നും കുട്ടിയുടെ ശാരീരിക ബുദ്ധിമുട്ടുകൾ മനസ്സിലാക്കിയതിനാൽ ശിശുരോഗ വിധഗ്ദനുള്ള ആശുപത്രിയിലെത്തിച്ച് ഉടൻ ചികിത്സ നൽകണമെന്ന് നിർദേശിച്ചിരുന്നതായും സഹകരണ ആശുപത്രി അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.