ലൈഫ് പദ്ധതിയിൽ വീട് നിർമിച്ചത് കൈയേറ്റ ഭൂമിയിലെന്ന് ഹൈകോടതി
text_fieldsനെടുങ്കണ്ടം: ലൈഫ്മിഷന് പദ്ധതിപ്രകാരം നെടുങ്കണ്ടം പഞ്ചായത്ത് വീടിന് ഫണ്ട് അനുവദിച്ചത് കൈയേറ്റ ഭൂമിയിലെ നിർമാണത്തിനെന്ന് ഹൈകോടതി. പാറത്തോട് വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 49 സര്‍വേ നമ്പര്‍ 6081ല്‍പ്പെട്ട ഭൂമി സര്‍ക്കാര്‍ ഭൂമിയാണെന്ന് കണ്ടെത്തിയത്. തുക തിരിച്ചുപിടിക്കാനും കോടതി ഉത്തരവിട്ടു. പുറമ്പോക്ക് ഭൂമിയില്‍നിന്ന് കൈയേറ്റക്കാരനെ പുറത്താക്കണമെന്നും വിധിയില്‍ പറയുന്നു.
സര്‍ക്കാര്‍ഭൂമി കൈവശം വെച്ചിരിക്കുന്നവര്‍ക്ക് ലൈഫ് മിഷന് പദ്ധതിപ്രകാരം വീടിന് അര്‍ഹതയുണ്ടെന്ന ഹരജിക്കാരന്റെ അഭിഭാഷകന് വാദിച്ചെങ്കിലും കൈയേറ്റക്കാര്‍ക്ക് ഒരു ആനുകൂല്യവും പദ്ധതിപ്രകാരം ലഭിക്കില്ലെന്ന് കോടതി വിധിച്ചു. കൈയേറ്റക്കാരന് ഭൂമി ഒഴിയണമെന്നും പഞ്ചായത്തിന് എന്തെങ്കിലും തുക ഈടാക്കാന്‍ കഴിയുമെങ്കില്‍ ഉചിതമായ രീതിയില്‍ വീണ്ടെടുക്കണമെന്നും ചൂണ്ടിക്കാട്ടി.
2019ല്‍ നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിൽ മാന്‍കുത്തിമേട്ടില്‍ പുഷ്പകണ്ടം പൊട്ടംപ്ലാക്കല്‍ പി.ആർ. സജിക്ക് നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് ഫണ്ട് അനുവദിച്ചതാണ് കൈയേറ്റ ഭൂമിയിലാണെന്ന് കോടതി കണ്ടെത്തിയത്. അനധികൃത നിര്‍മാണമെന്ന് അന്ന് ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പുറമ്പോക്ക് കൈയേറി പഞ്ചായത്തിനെ കബളിപ്പിച്ച് ആനുകൂല്യം വാങ്ങി വീട് നിര്‍മിക്കുകയായിരുന്നുവെന്നാണ് അന്ന് ഉയർന്ന ആരോപണം. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച വീട് പുറമ്പോക്കിലാണെന്നാരോപിച്ച് തഹസില്‍ദാര്‍ സ്റ്റോപ് മെമ്മോ നല്‍കിയതില്‍ പ്രതിഷേധിച്ച് നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് ഭരണസമിതി തഹസില്‍ദാര്‍മാരെ തടഞ്ഞുവെച്ചിരുന്നു.
സജിക്ക് വീട് അനുവദിച്ചത് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാണെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞത്. പിന്നീട് ഭൂമിക്ക് പട്ടയമില്ലെന്ന് പഞ്ചായത്ത് കണ്ടെത്തി. തുടർന്ന് ജപ്തിനടപടി ആരംഭിച്ചു.
റവന്യൂ ഉദ്യോഗസ്ഥരും സര്‍ക്കാര്‍ ഭൂമി തിരികെപ്പിടിക്കാന്‍ നടപടിയാരംഭിച്ചു. പിന്നീട് നടന്ന അന്വേഷണത്തില്‍ സജിയെ മുന്നില്‍നിര്‍ത്തി മറ്റൊരു വ്യക്തിയാണ് കൈയേറ്റത്തിന് പിന്നിലെന്ന് റവന്യൂ വകുപ്പ് കണ്ടെത്തി. ഭൂമി തട്ടിയെടുക്കാന്‍ ഇയാൾ സജിയെ പ്രതിയാക്കിയതാണെന്നും അന്നത്തെ തഹസില്‍ദാര്‍ നിജു കുര്യന് കണ്ടെത്തി. ഇതിനെതിരെ സജി കോടതിയെ സമീപിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.