ഉറപ്പ് നൽകി പൊളിച്ചു; പണി കഴിഞ്ഞപ്പോൾ ‘തനി സ്വഭാവം’ കാണിച്ചു
text_fieldsനെടുങ്കണ്ടം: പുനഃസ്ഥാപിച്ചു നൽകാമെന്ന ഉറപ്പിൽ റോഡ് നിർമാണത്തിനായി പൊളിച്ച് മാറ്റിയ വിധവയുടെ വീടിന്റെ മുറ്റത്തിന്റെ സംരക്ഷണ ഭിത്തിയും ഗേറ്റും പുനര്‍ നിർമിച്ചില്ല. എഴുകുംവയല്‍ ഈറ്റോലിക്കല് ജെയ്മോളുടെ വീടിന്റെ മുറ്റത്തിന്റെ സംരക്ഷണ ഭിത്തിയാണ് കരാറുകാരന് പൊളിച്ചത്. എഴുകുംവയല്‍ - തൂവല്‍ റോഡിന്റെ നിർമാണത്തിനായി ഏഴ് മാസം മുമ്പാണ് സംരക്ഷണഭിത്തിയും ഗേറ്റും പൊളിച്ചത്. ടാറിങ് പൂര്‍ത്തിയാകുമ്പോള്‍ ഇവ പുനസ്ഥാപിച്ച് നല്‍കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടും നിർമിച്ചുനല്കാന് തയാറായിട്ടില്ല.
പലതവണ കരാറുകാരനെ നേരിൽ കണ്ട് ആവശ്യപ്പെടുകയും പൊതുമരാമത്ത് വകുപ്പ് ഉള്‍പ്പടെ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായിട്ടില്ല. മഴ കനത്തതോടെ കല്‍ക്കെട്ടുകള്‍ പൊളിച്ചുമാറ്റിയ ഭാഗത്ത് മണ്ണിടിച്ചിൽ ആരംഭിച്ചതോടെ വീട്ടമ്മയും നാല് മക്കളും വാടകവീട്ടിലേക്ക് താമസം മാറി. മാത്രമല്ല, ഗേറ്റ് സഹിതം പൊളിച്ചുമാറ്റിയതോടെ വീട്ടിലേക്ക് കയറാനോ ഇറങ്ങാനോ ഇവർക്ക് കഴിയുന്നില്ല. പരാതി നൽകിയിട്ടും ഗ്രാമപഞ്ചായത്ത് അധികൃതര്‍ പോലും തിരിഞ്ഞുനോക്കുന്നില്ല.
വീടിന്റെ സംരക്ഷണഭിത്തിയും ഗേറ്റും അടിയന്തിരമായി പുനസ്ഥാപിച്ചില്ലെങ്കില്‍ സമര പരിപാടികള്‍ ആരംഭിക്കാനണ് വീട്ടമ്മയുടെ നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.