കിണറ്റില്‍ കണ്ടെത്തിയ ചന്ദനത്തടികള്‍ പുറത്തെടുത്തു
text_fieldsനെടുങ്കണ്ടം: രാമക്കല്‍മേട്ടില്‍ ഉപയോഗശൂന്യമായ കിണറ്റില്‍ കണ്ടെത്തിയ ചന്ദനത്തടി കഷണങ്ങള്‍ വനംവകുപ്പ് മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ പുറത്തെടുത്തു. 60 അടിയോളം താഴ്ചയുള്ള കിണറ്റില്‍നിന്നാണ് ഒന്നരഅടി വരെ നീളമുള്ള ചെറിയ ചന്ദന മരക്കഷണങ്ങള്‍ പുറത്തെടുത്തത്. ചെറുതായി മുറിച്ച കഷണങ്ങള്‍, തടിയുടെ അവശിഷ്ടങ്ങള്‍, മരത്തിന്‍റെ തൊലി തുടങ്ങിയവയാണ് കിണറ്റില്‍നിന്ന് ലഭിച്ചത്. ചാക്കുകളിലായി ശേഖരിച്ച ചന്ദന മരക്കഷണങ്ങള്‍ കല്ലാര്‍ വനംവകുപ്പ് ഓഫിസിലേക്ക് മാറ്റി.
വിസ്താരം കുറവും ആഴമേറിയതുമായ കിണറ്റില്‍നിന്ന് തടിക്കഷണങ്ങള്‍ വീണ്ടെടുക്കുന്നത് ദുഷ്‌കരമായതിനാല്‍ വനംവകുപ്പ് അഗ്‌നിശമനസേന വിഭാഗത്തിലെ മുങ്ങല്‍ വിദഗ്ധരുടെ സഹായം തേടുകയായിരുന്നു. കഴിഞ്ഞദിവസം ബാലഗ്രാമില്‍ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍നിന്ന് മോഷണംപോയ മരങ്ങളുടെ ബാക്കിയാണ് ഇതെന്നാണ് നിഗമനം.
ബാലന്‍പിള്ള സിറ്റിയിലെ ചന്ദനമോഷണം സംബന്ധിച്ച് വനംവകുപ്പ് അന്വേഷണം ആരംഭിച്ചതോടെ മോഷ്ടാക്കള്‍ തടിക്കഷണങ്ങള്‍ കിണറ്റില്‍ ഉപേക്ഷിച്ചതാണോ, ഉപയോഗ ശൂന്യമായവ കിണറ്റില്‍ തട്ടിയതാണോ എന്നീ സംശയങ്ങളുമുണ്ട്. മോഷണം നടന്ന കൃഷിയിടത്തില്‍നിന്ന് അരക്കിലോമീറ്ററോളം അകലെയുള്ള പുരയിടത്തിലെ കിണറ്റിലാണ് തടിക്കഷണങ്ങള്‍ കിടന്നിരുന്നത്.
സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍നിന്ന 15 ഓളം ചന്ദനമരങ്ങളാണ് മുറിച്ചത്. അതില്‍ അഞ്ചു മരങ്ങളാണ് കടത്തിക്കൊണ്ടുപോയത്. എട്ട് ചെറിയ മരങ്ങള്‍ ചുവടെ വെട്ടിയെങ്കിലും കാതല്‍ ഇല്ലാത്തതിനാല്‍ കൃഷിയിടത്തില്‍തന്നെ ഉപേക്ഷിച്ചു. പ്രദേശത്തെ സി.സി ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണം നടത്താനാണ് വനംവകുപ്പ് നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.