ചന്ദന മോഷണത്തിന് അറുതിയില്ല, പരസ്പരം പഴിചാരി പൊലീസും വനംവകുപ്പും
text_fieldsനെടുങ്കണ്ടം: ചന്ദനമരം മോഷണം വ്യാപകമാകുമ്പോഴും പൊലീസും വനംവകുപ്പും പരസ്പരം പഴിചാരി തടിതപ്പുന്നു. ചന്ദനമരം നഷ്ടപ്പെട്ട സ്ഥലത്തിന്‍റെ ഉടമ വനംവകുപ്പ് ഓഫിസില്‍ പരാതിയുമായി എത്തുമ്പോള്‍ മോഷണക്കേസ് പൊലീസീല്‍ നല്‍കണമെന്ന് പറഞ്ഞ് മടക്കിയയക്കുകയാണ്. പൊലീസ് സ്‌റ്റേഷനില്‍ എത്തുമ്പോള്‍ മരത്തിന്‍റെ കേസായതിനാൽ വനംവകുപ്പിനെ സമീപിക്കാനായിരിക്കും മറുപടി. ലക്ഷങ്ങളുടെ ചന്ദനമരം മോഷണംപോയ പരാതിയുമായി എത്തുമ്പോള്‍ പൊലീസും വനംവകുപ്പും പരസ്പരം കൈയൊഴിയുന്നതിനാൽ പലരും പരാതിക്ക് നൽകാൻ മടിക്കുകയാണ്.
ചന്ദനമരം മോഷണം സംബന്ധിച്ച് നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷനില്‍ പരാതിയുമായി എത്തുമ്പോള്‍ പരാതിക്കാരെ പരിഹസിച്ച് മടക്കിയയക്കുന്നതായും ആക്ഷേപമുണ്ട്. ബാലന്‍പിള്ള സിറ്റിയില്‍ ചന്ദനമരം മോഷണംപോയെന്ന പരാതിയുമായി എത്തിയ വീട്ടമ്മയോട് പ്രതിയെ കാണിച്ചുതന്നാല്‍ പിടിക്കാമെന്നും ഏലത്തോട്ടത്തില്‍ സി.സി ടി.വി കാമറ പിടിപ്പിക്കണമെന്നുമാണ് പൊലീസ് പറഞ്ഞത്.
രാമക്കല്‍മേട് മേഖലയില്‍ ചന്ദനമാഫിയ തഴച്ചുവളരുകയാണെന്നാണ് പ്രദേശവാസികളുടെ പരാതി. മോഷണപരമ്പരക്ക് പിന്നിൽ പ്രവർത്തിക്കുന്നവരെക്കുറിച്ച് പൊലീസിനും വനംവകുപ്പിനും കൃത്യമായ ധാരണ ഉണ്ടെങ്കിലും നടപടി സ്വീകരിക്കാത്തത് ചന്ദനമരം മോഷണം വര്‍ധിക്കാന്‍ കാരണമാകുന്നു. പൊലീസിലും വനംവകുപ്പിലും മറ്റിതര വകുപ്പുകളിലും ജോലിചെയ്യുന്ന ബന്ധുക്കളുടെ പിൻബലത്തിൽ പ്രതികൾ കേസുകള്‍ തേച്ചുമാച്ചുകളയുന്നതായും ആരോപണമുണ്ട്.
കഴിഞ്ഞദിവസം ബാലന്‍പിള്ള സിറ്റിയില്‍ 15ഓളം മരങ്ങള്‍ മുറിക്കുകയും വലുപ്പമുള്ള അഞ്ച് മരങ്ങള്‍ കടത്തിക്കൊണ്ടുപോവുകയും ചെയ്തു. ജില്ലയില്‍ മറയൂര്‍ കഴിഞ്ഞാല്‍ സ്വാഭാവികമായി ചന്ദനമരങ്ങള്‍ കൂടുതല്‍ വളരുന്നത് പട്ടംകോളനി മേഖലയിലെ സ്വകാര്യ ഭൂമിയിലാണ്. മാസങ്ങള്‍ക്ക് മുമ്പ് ഈ പ്രദേശത്തുനിന്ന് ചന്ദനമരം മോഷണംപോയിരുന്നു. തൂക്കുപാലം മേഖലയില്‍ അമ്പതേക്കര്‍ ഭാഗത്തുനിന്ന് സ്വകാര്യ വ്യക്തിയുടെ ഒരുലക്ഷത്തോളം രൂപയുടെ ചന്ദനമരമാണ് മാസങ്ങൾക്ക് മുമ്പ് മോഷ്ടിച്ച് കടത്തിയത്. ഇവിടങ്ങളില്‍നിന്ന് കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ 250ലധികം ചന്ദനമരങ്ങളാണ് മോഷണംപോയത്.
മാസങ്ങള്‍ക്ക് മുമ്പ് മുണ്ടിയെരുമ, ചോറ്റുപാറ, തൂക്കുപാലം മേഖലകളില്‍ ചന്ദനമരം മോഷണപരമ്പര അരങ്ങേറിയിരുന്നു. മുണ്ടിയെരുമയില്‍നിന്ന് നിരവധി ചന്ദനമരങ്ങള്‍ മുമ്പ് പലതവണ മുറിച്ചുകടത്തി. റവന്യൂ ഭൂമിയില്‍നിന്നും സ്വകാര്യ പുരയിടത്തില്‍നിന്നുമാണ് ചന്ദനമരങ്ങള്‍ അന്ന് മോഷണംപോയത്.
നെടുങ്കണ്ടം, എഴുകുംവയല്‍, വലിയതോവാള, തൂക്കുപാലം, രാമക്കല്‍മേട്, ചോറ്റുപാറ മേഖലകളില്‍നിന്ന് നൂറോളം ചന്ദനമരങ്ങൾ ഒരു വര്‍ഷത്തിനിടയില്‍ മുറിച്ചുകടത്തി. എന്നാല്‍, ഒരുകേസില്‍ പോലും പ്രതികളെ കണ്ടെത്താന്‍ പൊലീസിനോ വനംവകുപ്പിനോ കഴിഞ്ഞിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.