സ്ഥലമുണ്ട്, കെട്ടിടമില്ല; ദേവഗിരി അംഗന്‍വാടി ‘ഓട്ട’ത്തിലാണ്
text_fieldsനെടുങ്കണ്ടം: രണ്ട് പതിറ്റാണ്ടിലധികമായി ദേവഗിരിയിലെ അംഗന്‍വാടി സഞ്ചരിക്കുകയാണ്. സ്വന്തം സ്ഥലമുണ്ടെങ്കിലും കെട്ടിടമില്ലാത്തതിനാല്‍ അംഗന്‍വാടി ഇപ്പോഴും ഓട്ടത്തിലാണ്. പാമ്പാടുംപാറ പഞ്ചായത്ത് മൂന്നാം വാര്‍ഡിലാണ് ഈ അംഗന്‍വാടി. ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ഷട്ടർ മുറിയില്‍ നിന്ന് വീണ്ടും മാറാന്‍ നിർദേശം നല്‍കിയിരിക്കുകയാണ്. പഞ്ചായത്തിന്റെ കണ്ണില്‍ സുരക്ഷയാണ് പ്രശ്നം. മുറി തിരിക്കണമെന്നാണ് പഞ്ചായത്ത് പറയുന്നത്. പ്രതിമാസ വാടക പോലും കൃത്യമായി നല്കാന് കഴിയാത്ത രീതിയിലാണ് അംഗന്‍വാടി പ്രവര്‍ത്തിക്കുന്നതെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. രണ്ട് പതിറ്റാണ്ടോളമായി വാടക കെട്ടിടങ്ങളില്‍ മാറി മാറി പ്രവര്‍ത്തിക്കുകയാണ്. നിലവില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ നിന്ന് എത്രയുംവേഗം ഒഴിഞ്ഞ് മാറണമെന്നാണ് പഞ്ചായത്തധികൃതര്‍ നല്കിയ നിര്‍ദേശം.
ആദ്യം പാമ്പാടുംപാറ പഞ്ചായത്ത് 11-ാം വാര്‍ഡില്‍ ആശാന്പടിയിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. അതൊരു വീടായിരുന്നു. വീട് വിറ്റപ്പോള്‍ മാറേണ്ടി വന്നു. പിന്നീട് മൂന്നാം വാര്‍ഡിലെ ദേവഗിരിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മൂന്നാം വാര്‍ഡിലെ വിവിധ കെട്ടിടങ്ങളിലായി അംഗന്‍വാടി സഞ്ചരിക്കുകയാണ്. 2018 ല്‍ പഞ്ചായത്തിന്റെ തനതു ഫണ്ടില്‍നിന്ന് നാല് ലക്ഷം രൂപ കെട്ടിട നിർമാണത്തിനായി അനുവദിച്ചു . അതില്‍ പകുതിയോളം മുടക്കി ദേവഗിരിയില്‍ സ്വകാര്യ വ്യക്തി സൗജന്യമായി നല്കിയ അഞ്ചു സെന്റ് സ്ഥലത്ത് അംഗന്‍വാടി കെട്ടിടത്തിന്റെ അടിത്തറ പണിതു. ബാക്കി നിര്‍മാണം നടത്തുന്നതിന് മുന്നോടിയായി സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍ വന്നതോടെ വിലങ്ങു വീണു.
അംഗന്‍വാടി നിർമാണ നിയമം അനുസരിച്ച് പുതുതായി നിർമിക്കുന്നത് സ്മാര്‍ട്ട് അംഗന്‍വാടി ആയിരിക്കണമെന്നും നിർമാണ തുക 27 ലക്ഷം രൂപ ആയിരിക്കണമെന്നുമാണ് പ്രാബല്യത്തില്‍ വന്ന നിയമം. എന്നാല്‍ ഒരു വാര്‍ഡില്‍ നിന്നും 27 ലക്ഷം രുപ മുടക്കി അംഗന്‍വാടി പണിയാന്‍ കഴിയാത്ത സ്ഥിതിയാണ് പഞ്ചായത്തിനുള്ളത്. എം.പി., എം.എല്‍.എ, ജില്ല പഞ്ചായത്ത് ഇവരില്‍ ആരെങ്കിലും ഫണ്ട് നല്കിയാല് മാത്രമേ അംഗന്‍വാടി പുനര്‍ നിർമിക്കാനാകൂ. മന്ത്രിയായിരുന്ന എം.എം.മണിയോട് പത്തുലക്ഷം രൂപ ആവശ്യപ്പെട്ട് അന്നത്തെ വാര്‍ഡ് അംഗം നിവേദനം നല്‍കിയിരുന്നു. അനുവദിച്ചാല്‍ ഐ.സി.ഡി.എസ് 17 ലക്ഷം അനുവദിക്കും. തുടര്‍ന്ന് സ്മാർട്ട് അംഗന്‍വാടി നിർമിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാര്‍. ഇതിനിടെ ജില്ല പഞ്ചായത്ത് 10 ലക്ഷം രൂപ അനുവദിച്ചിരുന്നു. ബാക്കി ഐ.സി.ഡി.എസ്. മുടക്കാനായിരുന്നു തീരുമാനം. എസ്റ്റിമേറ്റും എടുത്തിരുന്നു. അപ്പോഴേക്കും ത്രിതല പഞ്ചായത്ത് ഭരണ സമിതിയുടെ കാലാവധി അവസാനിച്ചതോടെ അനുവദിച്ച ഫണ്ടും ലഭിക്കാതായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.