ജീവിതചക്രം ചവിട്ടാനാവാതെ ചാണയന്ത്രം ചവിട്ടുന്നവര്‍
text_fieldsനെടുങ്കണ്ടം: നാട്ടുകാരുടെ ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി ഉപജീവനം നടത്തുന്ന ഏഴ് കുടുംബങ്ങൾ സ്വന്തം ജീവിതത്തിന് മൂര്‍ച്ച കൂട്ടാനാവാതെ ആട്ടുപാറയില്‍ ഒറ്റപ്പെട്ട്്് കഴിയുന്നു. ഇവര്‍ സമൂഹത്തിെൻറ ഭാഗമാണെന്ന് തെളിയിക്കുന്ന ഒരു രേഖയുമില്ല. കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്കാന് കഴിയുന്നില്ല. അന്തിയുറങ്ങാന്‍ അടച്ചുറപ്പുള്ള വീടോ റേഷന്‍കാര്‍ഡോ ഇല്ല. കോവിഡ് കാലമായിട്ടും സൗജന്യ റേഷന്‍ പോലുമില്ലാതെ പുറംലോകവുമായുള്ള ബന്ധം നഷ്ടപ്പെട്ട് കഴിയുകയാണിവര്‍.
പരമ്പരാഗതമായി ചാണയന്ത്രം ചലിപ്പിച്ച്്് ആയുധങ്ങള്ക്ക്്് മൂര്‍ച്ച കൂട്ടിയും അമ്മിക്കല്ലും ആട്ടുകല്ലും ഉരലും മറ്റും കൊത്തി നിരപ്പാക്കിയും കഴിഞ്ഞിരുന്ന ഇവരുടെ മാതാപിതാക്കള്‍ നാടോടികളായിരുന്നു. ചാണയന്ത്രവുമായും കല്ലുകൊത്തലുമായും വീടുകള്‍ കയറിയിറങ്ങിയശേഷം സന്ധ്യമയങ്ങുന്നതോടെ കടത്തിണ്ണയിലും മറ്റും ഉറങ്ങുകയായിരുന്നു പതിവ്. ഇടുക്കിയിലെ തോട്ടം മേഖലകളിലും തമിഴ്നാട്ടിലെ തേനി ജില്ലയിലുമായാണ് ജോലി ചെയ്തിരുന്നത്. തമിഴ്നാട്ടില്‍ പണി കുറഞ്ഞതോടെ ഏതാനും വര്‍ഷം മുമ്പ്് ബോഡിനായ്ക്കന്നൂരില്‍നിന്ന് ഇടുക്കി ഉടുമ്പന്‍ചോലയിലെ ആട്ടുപാറയിലെത്തി.
10 മക്കള്‍ക്കായി പണ്ടെന്നോ പിതാവ് വാങ്ങിയ 90 സെേൻറാളം ഭൂമിയാണ് ആകെ ഉള്ളത്. ഇതില്‍ ഏഴ് കുടുംബങ്ങളാണ് താൽക്കാലിക ഷെഡ് കെട്ടി താമസിക്കുന്നത്. തമിഴ്കലര്‍ന്ന മലയാളമാണ് സംസാരിക്കുന്നതെങ്കിലും ഇവര്‍ തമിഴരല്ല. സര്‍ക്കാര്‍ രേഖകളില്‍ ഉള്‍പ്പെടാത്തതിനാല്‍ നല്ലൊരു വീട് പോലും നിര്‍മിക്കാന്‍ സാധിക്കുന്നില്ല. ഇവര്േക്കാ കുട്ടികൾക്കോ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തെക്കുറിച്ച് കേട്ടറിവുപോലും ഇല്ല. നാല് കുട്ടികളെ തമിഴ്നാട്ടില്‍ സ്കൂളില്‍ ചേര്‍ത്തിരുന്നെങ്കിലും കഴിഞ്ഞവര്‍ഷം ലോക്ഡൗണ്‍ സമയത്ത്് ഉടുമ്പന്ചോലയിലേക്ക്്് കൊണ്ടുവന്നു. തിരിച്ച് തമിഴ്നാട്ടിലേക്കുപോകാന്‍ കഴിയാഞ്ഞതിനാല്‍ ഓണ്‍ലൈന്‍ പഠനവും മുടങ്ങി. ഒരു ഷെഡിന് മാത്രമാണ് വീട്ടുനമ്പറുള്ളത്. ആവശ്യമായ രേഖകളില്ലാത്തതിനാല്‍ ലൈഫ് പദ്ധതിയിലും ഉള്‍പ്പെടാനായില്ല.
റേഷന്‍ കാര്‍ഡ് ലഭിക്കുന്നതിന് എന്ത് നടപടികളാണ് സ്വീകരിക്കേണ്ടതെന്ന് ഇവര്‍ക്ക് അറിയില്ല. മുതിര്‍ന്നവരില്‍ ആര്‍ക്കും വിദ്യാഭ്യാസം ഇല്ലാത്തതുമൂലം അര്ഹതശപ്പെട്ട, ആനുകൂല്യം നേടിയെടുക്കാനുമാവുന്നില്ല. കുട്ടികളുടെ വിഭ്യാഭ്യാസവും മുടങ്ങിയാല്‍ ഭാവി തലമുറയും നിലവിലെ ജീവിതസാഹചര്യങ്ങള്‍ പിന്തുടരേണ്ട അവസ്ഥയിലാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.