ഹൈറേഞ്ച് വരള്ച്ചയിലേക്ക്; കാർഷിക മേഖലയിൽ ആശങ്ക
text_fieldsനെടുങ്കണ്ടം: മഴ മാറി ചൂട് കനത്തതോടെ ഹൈറേഞ്ച് വരൾച്ചയിലേക്ക്. മേഖലയിൽ പല ഭാഗവും ജലക്ഷാമത്തിെൻറ പിടിയിലാണ്. മഴ ഇനിയും ലഭിച്ചില്ലെങ്കിൽ കുടിവെള്ളത്തിന് ഹൈറേഞ്ച് ജനത വലഞ്ഞതുതന്നെ. കാലവർഷം കനിയാത്തതാണ് ഏറെ ദുരിതമായത്.
സാധാരണ ജൂൺ, ജൂലൈ മാസങ്ങളിൽ ലഭിക്കാറുള്ള മഴ ഇക്കുറി ലഭിച്ചില്ല. ഇപ്പോൾതന്നെ ചെറു അരുവികളിലെയും തോടുകളിലെയും നീരൊഴുക്ക് ഇടമുറിഞ്ഞു. ജല സ്രോതസ്സുകളും വറ്റി. കൃഷികളും വാടിത്തുടങ്ങി. ഒട്ടുമിക്ക കിണറുകളും വറ്റിത്തുടങ്ങിയത് ജനങ്ങളെ ആശങ്കയിലാഴ്ത്തി. പലയിടത്തും കുടിവെള്ളം വിലകൊടുത്തു വാങ്ങുകയാണ്. ഉയർന്നപ്രദേശങ്ങളിൽ താമസിക്കുന്നവരാണ് ഏറെ കഷ്ടപ്പെടുന്നത്. പാറയിടുക്കുകളിൽ ഇറ്റു വീഴുന്ന വെള്ളത്തുള്ളികൾ ഓർമ മാത്രമായി.
നെടുങ്കണ്ടം, പാമ്പാടുംപാറ, കരുണാപുരം, ഉടുമ്പൻചോല, ഇരട്ടയാർ, വണ്ടന്മേട് പഞ്ചായത്തുകളിലാണ് ജലക്ഷാമം രൂക്ഷം. നാണ്യവിളകൾ പലതും കരിഞ്ഞുതുടങ്ങിയത് കർഷകരെ ആശങ്കയിലാഴ്ത്തി. ഉയർന്ന പ്രദേശങ്ങളിൽ ഏലം, കുരുമുളക്, വാഴ, പച്ചക്കറികൾ തുടങ്ങിയവ വാടിത്തുടങ്ങി. പാട്ടത്തിനെടുത്ത സ്ഥലത്ത് കൃഷി ചെയ്തവരുടെ സ്ഥിതി ദയനീയമാണ്. കനത്ത ചൂടിൽ മുടക്കുമുതൽപോലും നഷ്ടപ്പെടുന്ന അവസ്ഥയിലാണിവർ. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് നിർമിച്ച മിക്ക കുടിനീർ പദ്ധതികളും പ്രയോജനരഹിതമായ നിലയിലാണ്.
ജല അതോറിറ്റി വിതരണവും കാര്യക്ഷമമല്ല
താലൂക്ക് ആസ്ഥാനമായ നെടുങ്കണ്ടത്ത് ശുദ്ധജല വിതരണത്തിന് കാര്യക്ഷമമായ പദ്ധതികളില്ല. ടൗണിൽപോലും ജല വിതരണം കാര്യക്ഷമമല്ല. വേനൽ ആരംഭിച്ചാൽ പ്രദേശത്തെ കുടുംബങ്ങൾക്ക് വെള്ളം കിട്ടാക്കനിയാകുക പതിവാണ്. ശുദ്ധജല വിതരണത്തിന് കാര്യക്ഷമമായ പദ്ധതികൾ നടപ്പാക്കണമെന്ന മുറവിളിക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. എന്നാൽ, മാറി മാറി വരുന്ന ത്രിതല പഞ്ചായത്തുകളും ജനപ്രതിനിധികളും അലംഭാവം തുടരുകയാണ്. കല്ലാറിൽ വൈദ്യുതി ബോർഡിന്റെ സ്ഥലത്ത് കുളം നിർമിച്ച് ജല വിതരണം നടത്തുന്ന പദ്ധതി വിഭാവനം ചെയ്തിരുന്നെങ്കിലും നടപടിയില്ല.
പെരിഞ്ചാംകുട്ടിയിൽ ആവശ്യത്തിന് വെള്ളം ലഭ്യമാകുന്ന സ്രോതസ്സ് കണ്ടെത്തിയെങ്കിലും പദ്ധതി നടപ്പാക്കാൻ തയാറായിട്ടില്ല. ഹൈറേഞ്ചിന്റെ വിവിധ ഭാഗങ്ങളിൽ ചെറിയ അറ്റകുറ്റപ്പണി തീർത്താൽ ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന നിരവധി കുഴൽക്കിണറുകളുണ്ട്. മിക്ക പഞ്ചായത്തിലും കഴിഞ്ഞകാല ബജറ്റുകളിൽ പുതിയ ജലവിതരണ പദ്ധതികൾക്ക് തുക വകകൊള്ളിച്ചതായി പ്രഖ്യാപനങ്ങളുണ്ടായി. എന്നാൽ, ഇതെല്ലാം ജലരേഖയായി മാറുകയാണ്. പഞ്ചായത്തുകളിൽ ലക്ഷങ്ങൾ മുടക്കി ജലനിധി പദ്ധതികൾ ആരംഭിച്ചെങ്കിലും ഉദ്ദേശിച്ച പ്രയോജനം ചെയ്യുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.