ഞായറാഴ്ചയെത്തിയത് 4000 പേർ; രാമക്കൽമേട്ടിലേക്ക് സഞ്ചാരികൾ ഒഴുകുന്നു
text_fieldsനെടുങ്കണ്ടം (ഇടുക്കി): പ്രകൃതിയുടെ വശ്യസൗന്ദര്യവും ഐതിഹ്യങ്ങളും കെട്ടുപിണഞ്ഞുകിടക്കുന്ന ഇടുക്കി ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ രാമക്കൽമേട്ടിൽ സഞ്ചാരികളുടെ തിരക്ക് വർധിച്ചുതുടങ്ങി. കോവിഡിെൻറ കടന്നുവരവോടെ സഞ്ചാരികളുടെ ഒഴുക്ക് നിലച്ച ഇവിടെ മാസങ്ങൾക്കുശേഷം ഞായറാഴ്ച ഏറെ തിരക്ക് അനുഭവപ്പെട്ടു. 4000ഓളം സഞ്ചാരികൾ എത്തിയതായാണ് അനൗദ്യോഗിക കണക്ക്. ഔദ്യോഗിക കണക്കുപ്രകാരം രണ്ടായിരം പേർ എത്തി. കഴിഞ്ഞ ഒരുവർഷത്തിനിെട ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തിയത് ഞായറാഴ്ചയായിരുന്നു. രണ്ടാഴ്ചയായി ദിനേന ആയിരത്തോളം പേർ എത്തുന്നുണ്ട്. പ്രധാന ഗേറ്റുവഴി മാത്രമാണ് സഞ്ചാരികളെ കയറ്റിവിടുന്നത്. കോവിഡ് േപ്രാട്ടോകോൾ പാലിച്ചാണിത്.
പ്രകൃതിയുടെ വശ്യസൗന്ദര്യവും കാറ്റാടിപ്പാടങ്ങളുമാണ് സഞ്ചാരികളെ ആകർഷിക്കുന്നത്. ഈ വർഷം ക്രിസ്മസും ന്യൂ ഇയറും പ്രമാണിച്ച് കൂടുതൽ സഞ്ചാരികൾ എത്തിച്ചേരാനാണ് സാധ്യത. മൂന്നാർ-തേക്കടി റൂട്ടിൽ നെടുങ്കണ്ടത്തുനിന്നും 16 കിലോമീറ്റർ അകലെ തമിഴ്നാട് അതിർത്തിയിലാണ് വിനോദസഞ്ചാര കേന്ദ്രം. ഇവിടെനിന്ന് താഴേക്ക് നോക്കിയാൽ കൊടൈക്കനാലിലെ ആത്മഹത്യ മുനമ്പിനെ വെല്ലുന്ന അഗാധ താഴ്വാരം കാണാം. താഴെ ചതുരംഗ കളങ്ങൾ പോലെ പരന്നുകിടക്കുന്ന നിലക്കടല പാടങ്ങളും. കേരളത്തിെൻറയും തമിഴ്നാടിെൻറയും അതിർത്തികൾ നിരനിരയായി നിൽക്കുന്ന തെങ്ങിൻ തോപ്പുകളും വശ്യമായ കാഴ്ചയാകുന്നു.
ആയിരക്കണക്കിന് ഏക്കർ കൃഷിയിടങ്ങൾ. അവിടങ്ങളിലെ കാർഷികവിഭവങ്ങളുടെ തരം തിരിവനുസരിച്ചുള്ള നിറഭേദങ്ങൾകൂടി ആകുമ്പോൾ വർണച്ചായങ്ങൾ ചേർത്ത് തുന്നിയ ചിത്രക്കമ്പളംപോലെ സുന്ദരമാണ് വിദൂര ദൃശ്യങ്ങൾ. ഇതിനിടയിൽ നിരവധി പട്ടണങ്ങൾ -കമ്പം, ഉത്തമപാളയം, കോമ്പ, തേവാരം, ബോഡിനായ്ക്കന്നൂർ തുടങ്ങിയവയും ചില ഗ്രാമങ്ങളും കാണാം. സന്ധ്യ മയങ്ങുന്നതോടെ ഈ പ്രദേശങ്ങൾ കൂടുതൽ സൗന്ദര്യമുളവാക്കുന്നു. തേനി ജില്ലയിലെ ഈ പട്ടണങ്ങൾ സന്ധ്യക്ക് തെളിയുന്ന വൈദ്യുതിപ്രഭയിൽ ഒരായിരം നക്ഷത്രങ്ങൾ ഒന്നിച്ചുതെളിയുന്ന ആകാശം പോലെ കൗതുകക്കാഴ്ചയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.