നെടുങ്കണ്ടത്ത് ട്രാഫിക് ഐലന്‍ഡുകള്‍ യാഥാര്‍ഥ്യമായില്ല
text_fieldsനെടുങ്കണ്ടം: ടൗണിലെ കിഴക്കേ കവലയിലും പടിഞ്ഞാറേ കവലയിലും ട്രാഫിക് ഐലന്‍ഡുകള്‍ സ്ഥാപിക്കണമെന്ന ആവശ്യത്തിന് ഇനിയും നടപടിയുണ്ടായില്ല. അഞ്ച് റോഡുകളുടെ സംഗമകേന്ദ്രമാണ് നെടുങ്കണ്ടം കിഴക്കേക്കവല. പടിഞ്ഞാറെ കവലയില്‍നിന്ന് ചക്കക്കാനം ഭാഗത്തേക്കുപോകുന്ന റോഡില്‍ വൺവേ ഒരുക്കണമെന്ന ആവശ്യവും പരിഹരിച്ചിട്ടില്ല.
കിഴക്കേക്കവല ബി.എഡ് സെന്റര്‍ മുതല്‍ പടിഞ്ഞാറേകവല ബസ് സ്റ്റാന്‍ഡ് വരെയുള്ള ബസ് സ്റ്റോപ്പുകളിലും ബസ്ബേ സംവിധാനം ഏര്‍പ്പെടുത്തിയാല്‍ ഗതാഗതക്കുരുക്ക് കുറക്കാനാകും. റോഡിന് വീതിയുണ്ടെങ്കിലും ബസുകള്‍ അലക്ഷ്യമായി നിര്‍ത്തുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപമുണ്ട്.
ചക്കക്കാനം ഭാഗത്തേക്കുള്ള വാവച്ചേട്ടന്‍ റോഡിലും കിഴക്കേക്കവല പഞ്ചായത്ത് ഓഫിസിന് സമീപത്തുകൂടി കടന്നുപോകുന്ന സ്റ്റേഡിയം റോഡിലും വൺവേ താളംതെറ്റി. ഇടുങ്ങിയ റോഡില്‍ പല വാഹനങ്ങളും വൺവേ നിയമം പാലിക്കുന്നില്ല.
കുമളി-മൂന്നാര്‍ സംസ്ഥാന പാത കടന്നുപോകുന്ന പ്രധാന റോഡ് നെടുങ്കണ്ടം ടൗണിലൂടെയാണ്. ടൗണിലെ അപകടസാധ്യത പരിഹരിക്കാന്‍ ബസ് സ്റ്റാന്‍ഡ് ജങ്ഷന് വരെ ഡിവൈഡറുകള്‍ സ്ഥാപിക്കണമെന്ന ആവശ്യവും നടപ്പായിട്ടില്ല. റോഡരികിലെ അനധികൃത പാര്‍ക്കിങ് ഒഴിവാക്കാൻ പ്രത്യേക സ്ഥലം കണ്ടെത്തി പേ ആന്‍ഡ് പാര്‍ക്ക് സംവിധാനവും ഒരുക്കേണ്ടതുണ്ട്. നടപ്പാതയും വേണം.
കിഴക്കേകവല പടിഞ്ഞാറേ കവല ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലാണ് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുള്ളത്. മറ്റിടങ്ങളില്‍ റോഡരികില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുന്നിലാണ് ബസ് കാത്തുനില്‍ക്കുന്നത്. പച്ചടി ജങ്ഷനിൽ ബസ് കാത്തിരിപ്പുകേന്ദ്രം അത്യന്താപേക്ഷിതമാണ്. ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ കുട്ടികളടക്കമുള്ള യാത്രക്കാര്‍ റോഡ് മുറിച്ചുകടക്കാന്‍ പാടുപെടുകയാണ്. പലയിടങ്ങളിലും ട്രാഫിക് പൊലീസിന്റെ സേവനം കാര്യക്ഷമമല്ല. കിഴക്കേ കവല,സെന്‍ട്രല്‍ ജങ്ഷന്,പച്ചടി ജങ്ഷന്,ബസ് സ്റ്റാൻഡ് ജങ്ഷന് എന്നിവിടങ്ങളിലെങ്കിലും ട്രാഫിക് പൊലീസിന്റെ സേവനം അത്യന്താപേക്ഷിതമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.