അശാസ്ത്രീയ ഓട നിർമാണം യാത്രക്കാരെ വലക്കുന്നു
text_fieldsനെടുങ്കണ്ടം: അശാസ്ത്രീയ ഓട നിർമ്മാണം യാത്രക്കാരെ വലകുന്നതായി പരാതി. സെന്‍ട്രല്‍ റോഡ് ഫണ്ട് (സി.ആര്.എഫ്) ഉപയോഗിച്ച് നിർമാണം പുരോഗമിക്കുന്ന നെടുങ്കണ്ടം - പച്ചടി - മേലെചിന്നാര്‍ റോഡിലാണ് യാത്രക്കാര്‍ക്ക് ദുരിതം വിതക്കുന്നത്. മലയോര മേഖലയിലൂടെയുള്ള ഈ റോഡുകളുടെ നിർമാണ പ്രവര്‍ത്തനങ്ങളില്‍ സ്വീകരിക്കേണ്ട മാനദണ്ഡങ്ങളില്‍ ഉണ്ടായിരിക്കുന്ന പിഴവ് സാങ്കേതിക ജ്ഞാനം കുറഞ്ഞ സാധാരണക്കാര്‍ക്ക് പോലും എളുപ്പത്തില്‍ മനസ്സിലാക്കാനാകുമെന്ന് പ്രദേശവാസികള്‍ പറയുന്നു.
മഴക്കാലത്ത് വെള്ളം റോഡിലൂടെ കയറി ഒഴുകുന്ന രീതിയിലാണ് ഓട നിർമാണം. ആവശ്യമായ കലുങ്കുകള്‍ ഇല്ലാത്തതും ഉള്ള കലുങ്കുകള്‍ തമ്മില്‍ വളരെയേറെ അകലം ഉള്ളതും കൃഷിഭൂമിയിലേക്ക് വെള്ളം ഒഴുകി നാശം വിതക്കാൻ കാരണമാകുന്നുമുണ്ട്. പല സ്ഥലങ്ങളിലും റോഡിന് ആവശ്യത്തിന് വീതിയും ഇല്ല. റോഡ് അലൈന്മെന്റ് അശാസ്ത്രീയമാണെന്ന് യാത്രക്കാരും ഡ്രൈവര്‍മാരും പറയുന്നു.
സി.ആര്.എഫ് റോഡുകളുടെ നിർമാണത്തില്‍ പാലിക്കേണ്ട രീതി കണക്കാക്കിയാല്‍ മൊത്തത്തില്‍ ഒരു മീറ്റര്‍ എങ്കിലും വീതി കുറവാണെന്ന് ചുണ്ടിക്കാണിക്കുന്നു. ആവശ്യത്തിന് ടാറും മെറ്റലും ഉപയോഗിച്ചിട്ടില്ലെന്ന ആരോപണവുമുണ്ട്. ആലപ്പുഴ- മധുര സ്റ്റേറ്റ് ഹൈവേ എന്ന നിലയില്‍ പണിതീര്‍ത്ത സംസ്ഥാന പാതയാണിത്. എന്നാൽ മുമ്പ് ഉണ്ടായിരുന്ന റോഡിന്റെ നിലവാരം പോലും പുതിയ നിർമാണ പ്രവര്‍ത്തനങ്ങളില്‍ ഇല്ല എന്നാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.