വൈദ്യുതി കണക്ഷന് കാത്തിരിക്കുന്നു,വൈദ്യുതി ഭവൻ!
text_fieldsനെടുങ്കണ്ടം: പുതിയ വീട് നിർമിച്ച് വയറിങ് കഴിഞ്ഞാലും വൈദ്യുതി എത്താൻ വൈകുന്നുവെന്ന് പരാതി പറയാത്തവർ അപൂർവമായിരിക്കും. അത് വീട് നിർമിച്ചവന്റെ പങ്കപ്പാട്. ഇവിടെ ഇതാ വൈദ്യുതി വകുപ്പ് തന്നെ പരാതിക്കാരായ സ്ഥിതിയിലാണ്. നിർമാണം പൂർത്തിയായ നെടുങ്കണ്ടം വൈദ്യുതി ഭവനിൽ വയറിങ് ജോലികൾക്ക് തടസ്സം വൈദ്യുതി വകുപ്പു ഉന്നത ഉദ്യോഗസ്ഥർ ആണ് എന്നതാണ് കൗതുകം.
കെ.എസ്.ഇ.ബിയുടെ നെടുങ്കണ്ടത്തെ വിവിധ ഓഫിസുകള്‍ ഒരു കുടക്കീഴില് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കല്ലാറില്‍ മിനി വൈദ്യുതി ഭവന് നിര്‍മിച്ചത്. രണ്ട് കോടി 20 ലക്ഷത്തോളം മുടക്കി നിർമിച്ച കെട്ടിടത്തിന്റെ പെയിന്റിങ് ഉള്‍പ്പടെയുള്ള എല്ലാ ജോലികളും മാസങ്ങള്‍ക്ക് മുമ്പ് പൂര്‍ത്തീകരിച്ചിരുന്നു. എന്നാൽ, കെട്ടിടത്തിന് ആവശ്യമായ ഇലക്ട്രിക്കല്‍, പ്ലംബിങ് ജോലികള്‍ ഇനിയും ആരംഭിച്ചിട്ടില്ല. ഇതിനായി ഉന്നത ഉദ്യോഗസ്ഥ തല അംഗീകാരം കാത്ത് കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങൾ ഏറെയായി. അതുകൊണ്ട് ഓഫിസുകൾ ഇവിടേക്ക് മാറ്റലും ഉദ്ഘാടനവും ഇനിയും വൈകും.
കെട്ടിട നിര്‍മാണം ആരംഭിക്കുന്നതിന് മുമ്പ് എസ്റ്റേറ്റിമേറ്റ് എടുത്തപ്പോള്‍ ഇലക്ട്രിക്, പ്ലംബിങ്, ജോലികളും ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍, കെട്ടിട നിര്‍മാണം പൂര്‍ത്തീകരിച്ചപ്പോള്‍, ചില മാറ്റങ്ങള്‍ ആവശ്യമാണെന്ന് കണ്ടെത്തുകയായിരുന്നു. ഇതിന് പ്രകാരം പുനര്‍രൂപരേഖ സമര്‍പ്പിച്ചെങ്കിലും ഇതിന് ഇതുവരേയും ഉന്നത ഉദ്യോഗസ്ഥ തല അംഗീകാരം ലഭിച്ചിട്ടില്ല. ഇനി തെരഞ്ഞെടുപ്പ് കഴിയാതെ റീ ടെൻഡർ നടപടികൾ നടത്താൻ കഴിയില്ലെന്നാണ് കെ.എസ്.ഇ.ബി അധികൃതർ പറയുന്നത്
നെടുങ്കണ്ടം സ്റ്റേഡിയം കോംപ്ലക്സിലെ ഇടുങ്ങിയ മുറികളിലാണ് നിലവില്‍ കെ.എസ്.ഇ.ബി ഓഫിസ് പ്രവര്‍ത്തിക്കുന്നത്. മിനി വൈദ്യുതി ഭവന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചെങ്കിലും പ്രതിമാസം 10000 ലധികം രൂപ വാടക നല്‍കേണ്ട സ്ഥിതി തുടരുകയാണ്. നെടുങ്കണ്ടം ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസ്, അസി. എക്സിക്യൂട്ടീവ് എൻജിനീയര്‍ ഓഫിസ്, ട്രാന്സ്മിഷന് ഡിവിഷന് ഓഫിസ്, ട്രാന്സ്മിഷന് സബ് ഡിവിഷന് ഓഫിസ് തുടങ്ങിയ ഓഫിസുകളാണ് വൈദ്യുതി ഭവനിലേക്ക് മാറ്റേണ്ടത്. ഉടന്‍, അംഗീകാരം ലഭിക്കുമെന്നും വയറിങ്, പ്ലംബിങ് ജോലികൾ വേഗത്തില്‍ പൂര്ത്തീകരിക്കാനാകുമെന്നുമായിരുന്നു കെ.എസ്.ഇ.ബി അധികൃതര്‍ പറഞ്ഞിരുന്നത്. ഇപ്പോൾ പറയുന്നത് പെരുമാറ്റ ചട്ടമാണ് എല്ലാ തടസ്സങ്ങൾക്കും കാരണമെന്നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.