ജനവാസ മേഖലയിൽ കാട്ടാന ആക്രമണം
text_fieldsനെടുങ്കണ്ടം: പുഷ്പകണ്ടത്ത് ജനവാസ മേഖലയിൽ വീണ്ടും കാട്ടാന ആക്രമണം. തിങ്കളാഴ്ച മൂന്നേക്കർ സ്ഥലത്തെ കൃഷികൾ നശിപ്പിച്ചു.
പുഷ്പകണ്ടം അണക്കരമെട്ട് തെറ്റാലിക്കൽ ജോമോൻ, മാത്യു തോമസ് തെറ്റാലിക്കൽ, ജയ്മോൻ തെറ്റാലിക്കൽ, അഭിന്ദ്രം എ.ആർ. ഷിജു, മൂഴിക്കാട്ട് ജോയി, അജി കുളത്തിങ്കൽ, ജോസുകുട്ടി പുതുപ്പള്ളിക്കുന്നേൽ എന്നിവരുടെ കൃഷികളാണ് കാട്ടാനക്കൂട്ടം തകർത്തത്. ഏഴ് കർഷകരുടെ മൂന്നേക്കർ സ്ഥലത്തെ വിളവെടുപ്പിന് പാകമായ 1000ത്തോളം ഏലച്ചെടിയാണ് നശിപ്പിച്ചത്.
തിങ്കളാഴ്ച പുലർച്ച മുതൽ പുലരും വരെ കാട്ടാനക്കൂട്ടം മേഖലയിൽ തങ്ങി. ഒറ്റ രാത്രികൊണ്ട് കർഷകർക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണുണ്ടാക്കിയത്.
ഏലച്ചെടികൾ കാട്ടാനക്കൂട്ടം ചവിട്ടി നശിപ്പിച്ച നിലയിലാണ്. 100 വാഴ, കരിമ്പ്, തെങ്ങ് എന്നിവയും നശിപ്പിച്ചു. മൂഴിക്കാട്ട് ജോയിയുടെ വീടിെൻറ പുകക്കുഴലും തകർത്തു.
തമിഴ്നാട് വനമേഖലയിൽനിന്ന് എത്തുന്ന കാട്ടാനക്കൂട്ടമാണ് പ്രദേശത്താകെ നാശം വിതക്കുന്നത്. മാസങ്ങളായി കേരള തമിഴ്നാട് അതിർത്തി മേഖലയിൽ കാട്ടാനശല്യം അതിരൂക്ഷമാണ്.
പ്രദേശവാസികൾ കടുത്ത ഭീതിയിലാണ് കഴിയുന്നത്. മേഖലയിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 30 ഏക്കറോളം സ്ഥലത്താണ് കാട്ടാന നാശം വിതച്ചത്. ശല്യം രൂക്ഷമായതോടെ പ്രദേശത്തെ ഏലത്തോട്ടങ്ങളിൽ തൊഴിലാളികൾ പണിക്കിറങ്ങാത്ത സാഹചര്യമാണുള്ളത്.
ഇത് ഉടമകളെയും പ്രതിസന്ധിയിലാക്കി. പാറത്തോട് വില്ലേജ് ഓഫിസർ ടി.എ. പ്രദീപ്, വി.കെ. സന്തോഷ് എന്നിവരടങ്ങിയ സംഘം സ്ഥലത്ത് പരിശോധന നടത്തി.
വനം വകുപ്പ് ഓഫിസിന് മുന്നിൽ ധർണ
പീരുമേട്: കാട്ടാനശല്യം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ വനം വകുപ്പ് ഓഫിസിന് മുന്നിൽ ധർണ നടത്തി. ഗ്രാമപഞ്ചായത്ത് അംഗം ആർ. ദിനേശൻ ഉദ്ഘാടനം ചെയ്തു. വി.എസ്. പ്രസന്നൻ, എ.ജെ. തോമസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.