ലാബിെൻറ അശ്രദ്ധ; കോവിഡ് പോസിറ്റിവ് മണിക്കൂറുകള്‍ക്കുള്ളില്‍ നെഗറ്റിവ്
text_fieldsനെടുങ്കണ്ടം: ആര്.ടി.പി.സി.ആര് ഫലം തെറ്റായിനല്കി കോവിഡ് രോഗിയായി ചിത്രീകരിച്ചെന്ന് സ്വകാര്യ ലാബിനെതിരെ ആരോപണം. നെടുങ്കണ്ടം സെന്‍ട്രല്‍ ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ലാബിനെതിരെയാണ് പരാതി. ലാബില്‍ നടത്തിയ ആര്.ടി.പി.സി.ആര് പരിശോധനയില്‍ ആദ്യം കോവിഡ് പോസിറ്റിവ് ആണെന്ന് അറിയിക്കുകയും മണിക്കൂറുകള്‍ക്ക് ശേഷം നെഗറ്റിവ് ആണെന്ന സന്ദേശം ലഭിക്കുകയുമായിരുന്നു. തെറ്റായ അറിയിപ്പ് മൂലം രോഗിയെന്ന് സംശയിച്ച ആളെ ആംബുലന്‍സ് വിളിച്ചുവരുത്തിയാണ് തമിഴ്നാട്ടിലെ വീട്ടിലേക്ക് മാറ്റിയത്.
ലാബിന് സമീപത്തെ തയ്യല്‍ സ്ഥാപനത്തില്‍ ജോലിചെയ്തിരുന്ന തമിഴ്നാട് കമ്പം സ്വദേശിയുടെ ആര്.ടി.പി.സി.ആര് ഫലമാണ് തെറ്റായി നല്‍കിയത്. കോവിഡ് പ്രതിസന്ധിമൂലം ആഴ്ചയില്‍ ഒരിക്കലാണ്, ഇയാള്‍ കമ്പത്തെ വീട്ടിലേക്ക് പോയിരുന്നത്. ഇത്തവണയും വീട്ടില്‍ പോകുന്നതിനായി ആര്.ടി.പി.സി.ആര് പരിശോധന നടത്തി. ശനിയാഴ്ച ഉച്ചയോടെ ഫലം ആവശ്യപ്പെട്ടപ്പോള്‍ പോസിറ്റിവാണെന്നാണ് ലാബില്‍നിന്ന് അറിയിച്ചത്. തുടര്‍ന്ന് തയ്യല്‍ സ്ഥാപനം അടച്ചു. തൊഴിലാളിയെ ആംബുലന്‍സില്‍ കമ്പത്തെ വീട്ടിലെത്തിച്ചു. ബന്ധുക്കള്‍ക്കൊപ്പം ഒരു യാത്രയിലായിരുന്ന സ്ഥാപന ഉടമയും കുടുംബവും വിവരമറിഞ്ഞ്്് യാത്ര പാതിവഴി ഉപേക്ഷിച്ച് മടങ്ങിയെത്തി. എന്നാല്‍, മണിക്കൂറുകള്‍ക്ക് ശേഷം ഫലം നെഗറ്റിവ് ആണെന്ന സന്ദേശമാണ് ഇവര്‍ക്കും ലഭിച്ചത്.
മുമ്പും സമാനമായ ആരോപണം ഈ ലാബിനെതിരെ ഉയര്‍ന്നിട്ടുണ്ട്. ഒരേദിവസം ഒരേവ്യക്തി, സ്വകാര്യ ലാബിലും സര്‍ക്കാര്‍ ലാബിലും പരിശോധിച്ചപ്പോള്‍ ലഭിച്ച ഫലം വ്യത്യസ്തമായിരുന്നുവെന്നായിരുന്നു പരാതി. എന്നാല്‍, സാമ്പിള്‍ പരിശോധിക്കുന്ന സ്ഥാപനത്തില്‍നിന്ന് ലഭിച്ച വിവരത്തിലെ അവ്യക്തതയാണ് തെറ്റായ ഫലം നല്കാന് ഇടയാക്കിയതെന്നാണ് ലാബ് നടത്തിപ്പുകാരുടെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.