ഡോക്ടർമാരില്ല, മരുന്നും... കാഞ്ചിയാർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം താളംതെറ്റി
text_fieldsകാഞ്ചിയാർ: നാല് സ്ഥിരം ഡോക്ടർമാർ ഉൾപ്പെടെ അഞ്ചുപേരുടെ സേവനം ലഭിച്ചിരുന്ന കാഞ്ചിയാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നിലവിലുള്ളത് ഒരു സ്ഥിരം ഡോക്ടറും രണ്ട് താൽക്കാലിക ഡോക്ടർമാരും മാത്രം. ഇതോടെ കിടത്തിച്ചികിത്സ നിലച്ചു. താൽക്കാലിക ഡോക്ടർമാരിൽ ഒരാളെ സായാഹ്ന ഒ.പിയിലേക്കാണ് നിയോഗിച്ചിരിക്കുന്നത്. ജനറൽ ഒ.പിയിൽ രണ്ട് പേരുടെ സേവനം മാത്രമാണുള്ളത്. സ്ഥിരം ഡോക്ടർക്ക് മെഡിക്കൽ ഓഫിസറുടെ ചുമതലകൂടിയുണ്ട്. കൂടാതെ ക്യാമ്പുകൾക്കും മറ്റുമായി വിവിധ കേന്ദ്രങ്ങളിലേക്കും പോകേണ്ടി വരുമ്പോൾ ആശുപത്രിയുടെ പ്രവർത്തനം കുഴപ്പത്തിലാകും. ഡോക്ടർമാരുടെ കുറവിന് പുറമെ മരുന്ന് ക്ഷാമവും രോഗികളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
ഡോക്ടർമാരുടെ കുറവുണ്ടായപ്പോൾ ഒരാളെ ജോലി ക്രമീകരണത്തിന്റെ ഭാഗമായി ഇവിടേക്കു നിയോഗിച്ചെങ്കിലും അദ്ദേഹത്തിനും സ്ഥലംമാറ്റമായതോടെയാണ് ബുദ്ധിമുട്ട് വർധിച്ചത്. ദിവസേന 250ലധികം രോഗികളാണ് ഒ.പിയിൽ ചികിത്സ തേടിയെത്തിയിരുന്നത്. ഡോക്ടർമാരുടെ എണ്ണം കുറഞ്ഞതോടെ മണിക്കൂറുകൾ കാത്തിരിക്കേണ്ട ഗതികേടാണ്. ഇതുമൂലം പലരും സ്വകാര്യ ആശുപത്രികളെ ഉൾപ്പെടെ ആശ്രയിക്കേണ്ടിയും വരുന്നു.
കോഴിമല അടക്കം ആദിവാസി മേഖലകളിൽനിന്നുള്ളവരും കർഷകരും തോട്ടം തൊഴിലാളികളും അടക്കം നൂറുകണക്കിന് സാധാരണക്കാർ ആശ്രയിക്കുന്ന ആശുപത്രിക്കാണ് ഈ ദുരവസ്ഥ. പനി ഉൾപ്പെടെ രോഗങ്ങൾ വ്യാപകമായിരിക്കെ ആശുപത്രിയുടെ പ്രവർത്തനം താളംതെറ്റിയത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.