ഇടമലക്കുടിയിൽ ക്ലാസ് മുടങ്ങിയിട്ട് രണ്ടാഴ്ച
text_fieldsപെട്ടിമുടിയിലെ ഉരുൾപൊട്ടലിന് ശേഷം ഇടമലക്കുടിയിലെ കുട്ടികളുടെ പഠനം തന്നെ നിലച്ചു. വിദൂര മേഖലയായ ഇടമലക്കുടിയിലേക്ക് എസ്.എസ്.എ മൂന്നാർ ബ്ലോക്ക് പ്രോഗ്രാം ഓഫിസിെൻറ നേതൃത്വത്തിൽ ഓൺലൈൻ ക്ലാസുകൾ പെൻഡ്രൈവിലാക്കി ഇടമലക്കുടിയിലേക്ക് എത്തിക്കുകയായിരുന്നു ചെയ്തിരുന്നത്.
എന്നാൽ, ഇടമലക്കുടിയിലേക്ക് സ്ഥിരമായി പോയിരുന്ന ഡ്രൈവർമാരുൾപ്പെടെയുള്ളവർ പെട്ടിമുടി ദുരന്തത്തിൽ മരണപ്പെട്ടിരുന്നു. മാത്രമല്ല, ഇടമലക്കുടിയിലേക്കുള്ള ഒരു ജീപ്പും മണ്ണിനടിയിലായി. ഈ സാഹചര്യത്തിലാണ് ഇവിടേക്ക് ഒന്നും എത്തിച്ചുനൽകാൻ കഴിയാത്തത്.
മാത്രമല്ല, പെട്ടിമുടി ദുരന്തത്തിനുശേഷം ഇടമലക്കുടിയിൽ വൈദ്യുതിയും കൃത്യമായി ലഭിക്കുന്നില്ല. ഇതുമൂലം പ്രാദേശിക കേന്ദ്രങ്ങളിലടക്കം കുട്ടികൾക്ക് ക്ലാസുകൾ കാണിച്ചുനൽകുന്നതിനും തടസ്സം സൃഷ്ടിക്കുന്നു.
26 കുടികളിലായി പ്രൈമറി മുതൽ പ്ലസ്ടു വരെ പഠിക്കുന്ന നൂറോളം കുട്ടികളാണുള്ളത്. ജില്ലയിലെ വിവിധ സ്കൂളുകളിലെ ഹോസ്റ്റലുകളിൽനിന്നാണ് ഇവർ പഠിച്ചിരുന്നത്. എന്നാൽ, ഹോസ്റ്റലുകൾ അടച്ചതോടെ ഇവരെല്ലാം കുടികളിലേക്കെത്തുകയായിരുന്നു.
നിലവിൽ കോവിഡ് പടരുന്ന സാഹചര്യത്തിൽ ഇടമലക്കുടി സ്വയം പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. കുടിക്ക് പുറത്തുള്ളവരെ ആരെയും ഇവിടേക്ക് പ്രവേശിപ്പിക്കില്ല.
എന്നാൽ, ഇടമലക്കുടിയിലുള്ളവരുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെന്നും ആനക്കുളത്തും മറ്റും എത്തി കുട്ടികൾക്കുള്ള ക്ലാസുകൾ പെൻഡ്രൈവിലാക്കി നൽകാൻ ശ്രമിക്കുന്നതായും എസ്.എസ്.എ അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.