കളിക്കളമില്ല; കുടയത്തൂർ പഞ്ചായത്തിലെ കേരളോത്സവം അറക്കുളത്ത്
text_fieldsകാഞ്ഞാർ: അനുയോജ്യമായ കളിക്കളം ഇല്ലാത്തതിനാൽ കുടയത്തൂർ പഞ്ചായത്തിലെ കേരളോത്സവത്തിലെ ചില മത്സരങ്ങൾ നടത്തുന്നത് അറക്കുളത്ത്. ഷട്ടിൽ, ക്രിക്കറ്റ് മത്സരങ്ങളാണ് അറക്കുളം പഞ്ചായത്ത് പരിധിയിലെ ഗ്രൗണ്ടുകളിൽ നടത്തിയത്. ക്രിക്കറ്റ് മത്സരം അറക്കുളം സെന്റ് ജോസഫ് കോളജ് ഗ്രൗണ്ടിൽ നടന്നപ്പോൾ ഷട്ടിൽ മത്സരം അശോകയിലാണ് നടന്നത്.
ഓരോ പഞ്ചായത്തിലെയും കായികതാരങ്ങളെ വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടാണ് കേരളോത്സവം നടത്തുന്നത്. അതത് പഞ്ചായത്തിലെ താമസക്കാർ മാത്രമേ പങ്കെടുക്കാവൂ എന്നതാണ് ചട്ടം. എന്നാൽ, കുടയത്തൂരിൽ മത്സരങ്ങൾതന്നെ നടത്തുന്നത് മറ്റൊരു പഞ്ചായത്തിലാണ്.
ശനിയാഴ്ച അറക്കുളം സെന്റ് ജോസഫ് കോളജിന്റെ പ്രധാന ഗ്രൗണ്ടിലായിരുന്നു കുടയത്തൂർ പഞ്ചായത്തിന്റെ ക്രിക്കറ്റ് മത്സരം നിശ്ചയിച്ചിരുന്നത്. എന്നാൽ, കളിക്കാർ എത്തിയപ്പോഴാണ് ഇവിടെ അറക്കുളം പഞ്ചായത്തിന്റെ കേരളോത്സവം നടക്കുന്ന വിവരം അറിഞ്ഞത്. ഇതോടെ കുടയത്തൂരിന്റെ മത്സരം സെന്റ് ജോസഫ് കോളജിന്റെ മുകളിലെ ചെറിയ ഗ്രൗണ്ടിലേക്ക് മാറ്റുകയായിരുന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച് മത്സരങ്ങളുടെ എണ്ണവും ഇക്കുറി കുറവാണ്. ഫണ്ടിന്റെ അപര്യാപ്തതയാണ് കാരണം.
നിരവധി സംസ്ഥാന, ദേശീയ താരങ്ങളെ സംഭാവന ചെയ്ത കുടയത്തൂർ പഞ്ചായത്തിൽ നല്ലൊരു ഗ്രൗണ്ട് എന്നത് നാട്ടുകാരുടെ സ്വപ്നമാണ്. മികച്ച കളിക്കാർക്കും പരിശീലകർക്കും ഇവിടെ ക്ഷാമമില്ല. എന്നാൽ, മഴയത്തും വെയിലത്തും ഒരുപോലെ കളിക്കാൻ ഉതകുന്ന ഗ്രൗണ്ട് എന്ന സ്വപ്നം ഇനിയും യാഥാർഥ്യമായിട്ടില്ല. വോളിബാൾ, ഫുട്ബാൾ, ഷട്ടിൽ കായിക താരങ്ങളാണ് കാഞ്ഞാറിൽ അധികവും. കാഞ്ഞാറിൽ വോളിബാൾ ഗ്രൗണ്ട് ഉണ്ടെങ്കിലും അത് എം.വി.ഐ.പിയുടെ അധീനതയിലാണ്.
കാഞ്ഞാർ പൊലീസ് സ്റ്റേഷന് എതിർ വശത്ത് 10 സെന്റ് വരുന്ന എം.വി.ഐ.പി വക ഭൂമിയിലാണ് കളിക്കളം. മഴ ചെയ്താൽ ഇവിടം ചളിക്കുളമാകും. വർഷത്തിൽ 365 ദിവസവും കൈപ്പന്ത് കളി നടക്കുന്ന ജില്ലയിലെതന്നെ ഏക ഗ്രൗണ്ടാണ് കാഞ്ഞാർ വിജിലന്റ് ഗ്രൗണ്ട്.
എന്നാൽ, ആ സ്ഥലം എം.വി.ഐ.പിയുടെ അധീനതയിലായതിനാൽ ഒരു പുരോഗതിയും ഇല്ല. സ്ഥലം പഞ്ചായത്തിന് ലഭിച്ചാൽ ഇൻഡോർ സ്റ്റേഡിയം ഉൾപ്പെടെ സ്ഥാപിക്കാൻ കഴിയും.
സ്ഥലം എം.എൽ.എയും ജലവിഭവ മന്ത്രിയുമായ റോഷി അഗസ്റ്റിൻ 25 ലക്ഷം രൂപ കളിക്കളത്തിന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, സ്ഥലം ഏറ്റെടുത്ത് എന്ന് വോളിബാൾ കോർട്ട് യാഥാർഥ്യമാകുമെന്ന കാര്യത്തിൽ ആശങ്കയുണ്ട്. ഇതിന് സമീപംതന്നെ എം.വി.ഐ.പി ഭൂമിയിൽ ഫുട്ബാൾ ഗ്രൗണ്ടിന്നും അനുയോജ്യമായ സ്ഥലം ഉണ്ട്. ഇതിന് വേണ്ടിയും അധികാരികൾ ശ്രദ്ധചെലുത്തണമെന്നാണ് ആവശ്യം.
കുടയത്തൂരിൽ ഫുട്ബാൾ ഗ്രൗണ്ടു് ഉണ്ടെങ്കിലും അത് വനംവകുപ്പിന്റെ അധീനതയിലാണ്. രണ്ട് പതിറ്റാണ്ടായി ടൂർണമെന്റുകൾ നടന്നിരുന്ന ഗ്രൗണ്ടാണിത്. ഈ സ്ഥലം പൊതു ഗ്രൗണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരും കായിക പ്രേമികളും നിരവധി നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.