വിലയില്ല; തേനിയിൽ വാഴക്കുലകൾ വെട്ടി മൂടുന്നു
text_fieldsകുമളി: കോവിഡ് വ്യാപനം തിരിച്ചടിയായതോടെ കാർഷിക മേഖലയിൽ വൻ നഷ്ടം. വിപണിയിൽ വൻ ഡിമാൻഡ് ഉണ്ടായിരുന്ന വാഴക്കുലകൾക്ക് ആവശ്യക്കാരില്ലാതായതോടെ വിളഞ്ഞ് പാകമായ കുലകൾ വാഴയുൾപ്പെടെ വെട്ടി മണ്ണിൽ മൂടുകയാണ് കർഷകർ.
തമിഴ്നാട്ടിലെ തേനി ജില്ലയിലാണ് വാഴത്തോട്ടത്തിൽ കർഷകരുടെ കണ്ണീർ വീഴുന്നത്. തേനി ജില്ലയിലെ ഗൂഡല്ലൂർ, ചുരുളി, പുതുപ്പെട്ടി, ആനമലയൻപെട്ടി, ചിന്നമന്നൂർ, ഉത്തമപാളയം മേഖലകളിലായി നിരവധി ഏക്കർ സ്ഥലത്താണ് വാഴകൃഷി. ഇവിടെ നിന്നുള്ള വാഴക്കുലകൾ കേരളത്തിലെ വിപണികൾക്ക് പുറമെ കർണാടകയിലേക്കും വിദേശങ്ങളിലേക്കും കയറ്റി അയക്കുന്നു.
ലോക്ഡൗണിനു മുമ്പ് കൃഷിയിടത്തിൽ കിലോക്ക് 15-20 രൂപ നിരക്കിലാണ് റോബസ്റ്റ, ചെമ്പൂവൻ, ചാരപ്പൂവൻ ഉൾെപ്പടെ പഴങ്ങൾ വ്യാപാരികൾ വാങ്ങിയിരുന്നത്. ഇപ്പോഴിതിന് കിലോക്ക് മൂന്ന് രൂപ മാത്രമാണ് കർഷകർക്ക് ലഭിക്കുന്നത്. മിക്ക തോട്ടങ്ങളിലും മൂന്ന് രൂപക്കുപോലും വാങ്ങാൻ വ്യാപാരികൾ എത്താത്തത് വലിയ നഷ്ടത്തിന് ഇടയാക്കി. മുടക്കുമുതൽ പോലും ലഭിക്കാതായതോടെ ഏക്കർ കണക്കിന് സ്ഥലത്തെ വാഴയും പഴുത്തകുലകളും വെട്ടി മണ്ണിൽ കുഴിച്ചുമൂടുകയാണ്.
മുമ്പ് ഗൂഡല്ലൂരിലെ കേന്ദ്രത്തിൽനിന്ന് മാത്രം ആയിരക്കണക്കിന് കിലോ റോബസ്റ്റ പഴം കഴുകി വൃത്തിയാക്കി പ്രത്യേക പെട്ടിയിൽ നിറച്ച് കൊച്ചിവഴി വിദേശത്തേക്ക് അയക്കുന്നത് പതിവായിരുന്നു. കോവിഡിനെ തുടർന്നുണ്ടായ തിരിച്ചടി കാർഷിക മേഖലയിലും വൻ നഷ്ടത്തിന് ഇടയാക്കിയതോടെ കർഷകരുടെ ജീവിതം വലിയ പ്രതിസന്ധിയിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.