മഴയില്ല; ഏലകൃഷി വാടുന്നു കർഷകർ അങ്കലാപ്പിൽ
text_fieldsകട്ടപ്പന: കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് മഴ ലഭിക്കാതായതോടെ ഹൈറേഞ്ചിൽ ഏലച്ചെടി വാടിക്കരിയുന്നു. കഴിഞ്ഞ ഒരുവ്യാഴവട്ടത്തിനിടെ ഇതാദ്യമായാണ് കർക്കടക മാസത്തിൽ മഴ ലഭിക്കാത്തത്. കർക്കടകത്തിൽ തോരാമഴ ലഭിച്ചിരുന്ന മലയോര മേഖലയിൽ ഇതാദ്യമാണ് കർക്കടകത്തിൽപോലും മഴകിട്ടാതെ വരുന്നത്. കർക്കടകം കഴിഞ്ഞു ചിങ്ങംവന്നിട്ടും കാർമേഘംപോലും എങ്ങുംകാണാനില്ല. ഇതേ തുടർന്ന് മഴയെ മാത്രം ആശ്രയിച്ച് കൃഷിനടത്തിയിരുന്ന ഏലച്ചെടികൾ ഒന്നാകെ വാടിക്കരിയുകയാണ്.
മുൻ വർഷങ്ങളിൽ ഡിസംബർ മുതൽ മാത്രമാണ് ഏലച്ചെടികളെ അല്പമെങ്കിലും ഉണക്ക് ബാധിച്ചിരുന്നത്. മഴക്കാലത്തുതന്നെ ചെടികൾ വാടിത്തുടങ്ങിയത് കർഷകരെ ആശങ്കയിലാക്കിയിരിക്കുകയാണ്. ഏറെക്കാലത്തിന് ശേഷം ഏലത്തിന് കിലോഗ്രാമിന് 2000രൂപ വില ഉയർന്നെങ്കിലും ജലസേചനത്തിന്റെ അഭാവം മൂലമുണ്ടായ ഉൽപാദനക്കുറവ് വിലവർധനയുടെ പ്രയോജനം നഷ്ടപ്പെടുത്തിയെന്ന് കർഷകർ പറയുന്നു. ഏലത്തിന്റെ ചുവട്ടിൽ ഒന്നോ രണ്ടോ ഏലക്ക മാത്രമാണ് ഉള്ളത്. പുതിയ കായ് ഉണ്ടാകുന്നില്ല. ഇപ്പോഴത്തെ രീതിയിൽ മഴ വിട്ടുനിന്നാൽ ഹൈറേഞ്ചിലെ ഏലകൃഷി ഒന്നാകെ നശിക്കുന്ന സ്ഥിതിയാണ്.
ഏലത്തോട്ടങ്ങളോട് അനുബന്ധിച്ച് നിർമിച്ച പടുതാക്കുളങ്ങൾ വെള്ളത്തിന്റെ കുറവ് മൂലം നോക്കുകുത്തികളായിക്കൊണ്ടിരിക്കുകയാണ്. സ്വന്തമായി വലിയ സംഭരണശേഷിയുള്ള പടുതാക്കുളങ്ങളുള്ള തോട്ടമുടമകൾപോലും ചെടികൾ വാടാൻ തുടങ്ങിയതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്. കഴിഞ്ഞ വേനലിൽ പലരും പടുതാക്കുളങ്ങളിലെ വെള്ളം ഉപയോഗിച്ചാണ് പ്രതിസന്ധിയെ അതിജീവിച്ചത്. എന്നാൽ, മഴ കുറഞ്ഞതോടെ പടുതാക്കുളങ്ങളിൽ ആവശ്യത്തിനു വെള്ളമില്ല. ജലസേചന സൗകര്യമില്ലാത്ത ചെറുകിട തോട്ടമുടമകൾ കൂടുതൽ പ്രതിസന്ധിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.