അരുതേ... കുട്ടികളാണ്; ഇടുക്കിയിൽ ആറ് മാസത്തിനിടെ കൊല്ലപ്പെട്ടത് നാല് കുട്ടികൾ
text_fieldsതൊടുപുഴ: കുട്ടികൾക്കെതിരായ അതിക്രമങ്ങൾക്ക് അറുതിയില്ല. വീടിന്റെ അകത്തളത്തിലോ പുറത്തോപോലും അവർ സുരക്ഷിതരല്ലെന്ന് തെളിയുന്ന സംഭവങ്ങൾ ആവർത്തിക്കപ്പെടുേമ്പാൾ അതിനൊപ്പം ആശങ്കയും വർധിക്കുന്നു.
2020 ജനുവരി മുതൽ ഈ മാസം നാലുവരെ ജില്ലയിൽ നവജാതശിശു ഉൾപ്പെടെ നാല് കുട്ടികളാണ് കൊല്ലപ്പെട്ടത്. 112 ലൈംഗികാതിക്രമ കേസുകൾ റിപ്പോർട്ട് ചെയ്തു. 20 കുട്ടികൾ ജീവനൊടുക്കി. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം 24 കേസുകൾ രജിസ്റ്റർ ചെയ്തതായും കണക്കുകൾ വ്യക്തമാക്കുന്നു.
ലൈംഗികാതിക്രമം, ദേഹോപദ്രവം, സംരക്ഷണം നൽകാതിരിക്കൽ കേസുകളാണ് അധികവും. ഭൂരിഭാഗം കേസിലും പരിചയക്കാരോ ബന്ധുക്കളോ രക്ഷിതാക്കളോ ആണ് പ്രതിസ്ഥാനത്ത്. കുമളി ആനവിലാസത്ത് 2011 ജൂൺ ഒന്നിന് നാലുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം മരപ്പൊത്തിൽ ഒളിപ്പിച്ചതും 2013 മാർച്ച് മൂന്നിന് തൊടുപുഴ കോലാനി പാറക്കടവ് പുത്തൻപുരക്കൽ ശെൽവെൻറ മകൾ ദേവിയെ (13) മുത്തശ്ശി മണ്ണെണ്ണയൊഴിച്ച് ചുട്ടുകൊന്നതും രണ്ടാനച്ഛെൻറ ക്രൂരമർദനത്തിനിരയായി മരണപ്പെട്ട ഏഴുവയസ്സുകാരനെയും കേരളം മറന്നിട്ടില്ല.
മാതാപിതാക്കളുടെ ക്രൂരതകൾക്കിരയായി ഷെഫീഖും ആരോമലും. ഇതിനിടയിലാണ് വീണ്ടും നാടിനെ നടുക്കി വണ്ടിപ്പെരിയാറിൽ ആറുവയസ്സുകാരിയെ അയൽവാസി പീഡനത്തിനിരയാക്കിയശേഷം കൊലപ്പെടുത്തിയത്. മനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവങ്ങൾ ആവർത്തിക്കപ്പെടുേമ്പാഴും കുട്ടികൾക്കെതിരായ അതിക്രമം തടയാൻ കൂട്ടായ പരിശ്രമമുണ്ടാകണമെന്നാണ് ആവശ്യം.
സംരക്ഷണത്തിന് ശരണബാല്യം, കാവൽ
കുട്ടികളുടെ അവകാശ സംരക്ഷണത്തിനും സുരക്ഷിതത്വത്തിനും വ്യക്തിത്വവികസനത്തിനുമടക്കം ഒട്ടേറെ പദ്ധതികളും സംവിധാനങ്ങളും ജില്ലയിലും പ്രവർത്തിക്കുന്നുണ്ട്. ഇവയെക്കുറിച്ച് പലർക്കും വേണ്ടത്ര അറിവില്ലാത്തത് പ്രശ്നങ്ങൾ സങ്കീർണമാക്കുന്നു.
കേസുകൾ റിപ്പോർട്ട് ചെയ്താൽ ആ നിമിഷം അധികൃതർ സ്ഥലത്തെത്തി അന്വേഷണം നടത്തും. പ്രശ്നങ്ങൾ നേരിടുന്ന കുട്ടികളെ കണ്ടെത്തി അവർക്ക് സംരക്ഷണംവരെ നൽകാൻ ഇവർക്ക് കഴിയും. ശരണബാല്യം, കാവൽ, ഒ.ആർ.സി എന്നിവ അതിൽ പ്രധാനപ്പെട്ടതാണ്.
ബാലവേല, ബാലഭിക്ഷാടനം, ബാലചൂഷണം, തെരുവുബാല്യ വിമുക്തകേരളം എന്ന ലക്ഷ്യേത്താടെ വനിത-ശിശു വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതിയാണ് ശരണബാല്യം. ജില്ല ശിശു സംരക്ഷണ യൂനിറ്റുകൾവഴിയാണ് പദ്ധതി നടപ്പാക്കുന്നത്. നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികൾക്ക് കുട്ടികൾക്ക് മനഃശാസ്ത്ര പരിരക്ഷയും പിന്തുണയും നൽകി സ്വഭാവപരിവർത്തനം സാധ്യമാക്കുകയാണ് കാവൽപദ്ധതി ഉദ്ദേശിക്കുന്നത്.
ഔവർ റെസ്പോൺസബിലിറ്റി ടു ചിൽഡ്രൻ (ഒ.ആർ.സി) എന്ന പദ്ധതിയും കുട്ടികളുടെ വ്യക്തിത്വ വികാസത്തിനും സംരക്ഷണത്തിനുമായി നടപ്പാക്കിവരുന്നു. വിവിധ വകുപ്പുകളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുക.
ആശങ്ക വേണ്ട; ഒപ്പമുണ്ടിവർ
ജില്ല ശിശുസംരക്ഷണ യൂനിറ്റ് (ഡി.സി.പി.യു)
ജില്ലതലത്തിൽ കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കാനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് ജില്ല ശിശു സംരക്ഷണ യൂനിറ്റാണ്. പരിതാപകരമായ സാഹചര്യങ്ങളിലുള്ള കുട്ടികളെ കണ്ടെത്തുക, കുട്ടികളുമായി ബന്ധപ്പെട്ട പദ്ധതികളെയും കർത്തവ്യവാഹകരെയും ശാക്തീകരിക്കുക, കുട്ടികളുടെ വികാസത്തിനും സംരക്ഷണത്തിനുമുള്ള പദ്ധതികൾ ഏകോപിപ്പിക്കുക എന്നതാണ് പ്രധാന ലക്ഷ്യം.
ചൈൽഡ് വെൽഫെയർ കമ്മിറ്റി (സി.ഡബ്ല്യു.സി)
ശ്രദ്ധയും പരിചരണവും ആവശ്യമായുള്ള കുട്ടികളുടെ കാര്യത്തിൽ തീർപ്പുകൽപിക്കാൻ ജില്ലതലത്തിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി പ്രവർത്തിക്കുന്നു. ചെയർമാനും നാല് അംഗങ്ങളുമാണുള്ളത്. ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിെൻറ അധികാരങ്ങളാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് നൽകിയിട്ടുള്ളത്.
ജുവനൈൽ ജസ്റ്റിസ് ബോർഡ് (ജെ.ജെ.ബി)
നിയമവുമായി പൊരുത്തപ്പെടാത്ത അല്ലെങ്കിൽ കുറ്റം ആരോപിക്കപ്പെടുന്ന കുട്ടികളുടെ പ്രശ്നം കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനമാണ് ജുവനൈൽ ജസ്റ്റിസ് ബോർഡ്.
ബാലവകാശ സംരക്ഷണ കമീഷൻ
കുട്ടികൾക്കായുള്ള ക്ഷേമപദ്ധതികളും സുരക്ഷ ഏർപ്പാടുകളും പരിശോധിക്കുകയും കുട്ടികളുടെ അവകാശങ്ങൾ ലംഘിക്കപ്പെടുകയോ നിഷേധിക്കപ്പെടുകേയാ ചെയ്യുന്ന സാഹചര്യത്തിൽ സ്വേമധയ നടപടി സ്വീകരിക്കുക, ബാലാവകാശ ലംഘനങ്ങൾ വിചാരണ ചെയ്യുക, ആവശ്യമായ നടപടിക്ക് ശിപാർശ ചെയ്യുക എന്നതാണ് കമീഷെൻറ ചുമതലകൾ.
ചൈൽഡ് ലൈൻ
കുട്ടികൾക്കുവേണ്ടി കേന്ദ്ര വനിത-ശിശു വികസന മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന അടിയന്തര സഹായ പദ്ധതിയാണ് ചൈൽഡ് ലൈൻ. 24 മണിക്കൂറും പ്രവർത്തനസജ്ജമായ 1098 എന്ന ടോൾ ഫ്രീ നമ്പറിലേക്ക് 18 വയസ്സിന് താഴെയുള്ള ഏതൊരാൾക്കും വിവരം കൈമാറാം.
സ്പെഷൽ ജുവനൈൽ പൊലീസ് യൂനിറ്റ്
കുട്ടികളുമായി ഇടപഴകാൻ പ്രത്യേക പരിശീലനം നേടിയ പൊലീസ് ഉദ്യോഗസ്ഥർ അടങ്ങിയ സംവിധാനമാണ് സ്പെഷൽ ജുവനൈൽ പൊലീസ് യൂനിറ്റ്.
ചൈൽഡ് റെസ്ക്യൂ ഓഫിസർ
പ്രയാസകരമായ ഏതൊരു സാഹചര്യത്തിലുള്ള കുട്ടിയെയും സംബന്ധിച്ച വിവരം ഉടൻ ലഭിച്ചാൽ പൊലീസ്, ചൈൽഡ് വെൽഫെയർ കമ്മിറ്റി, മറ്റ് വകുപ്പുകൾ എന്നിവരുടെ സഹായത്തോടെ കുട്ടികളുടെ തുടർ സംരക്ഷണത്തിന് അടിയന്തര നടപടി സ്വീകരിക്കുക എന്നതാണ് ലക്ഷ്യം. ചൈൽഡ് റെസ്ക്യൂ ഓഫിസറുടെ സേവനം ജില്ല ശിശുസംരക്ഷണ യൂനിറ്റിൽ ലഭിക്കും.
അതിക്രമങ്ങൾ ശ്രദ്ധയിൽെപട്ടാൽ, വിളിക്കൂ...
കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ, ചൂഷണങ്ങൾ എന്നിവ ശ്രദ്ധയിൽപെട്ടാൽ 1098 അല്ലെങ്കിൽ 1517 നമ്പറുകളിൽ വിളിക്കാം. സൗജന്യമായി 24 മണിക്കൂറും സേവനം. ഇടുക്കി ജില്ല ശിശുസംരക്ഷണ യൂനിറ്റ് -04862 200108.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.