സഞ്ചാരികളില്ല; പൂട്ട് വീണത് നിരവധി പേരുടെ ഉപജീവനത്തിന്
text_fieldsകട്ടപ്പനയിൽനിന്ന് ചെറുതോണിക്ക് വരുമ്പോൾ ഇടുക്കി ജങ്ഷന് ഒരുകിലോമീറ്റർ ഇപ്പുറത്തായി ഡാംടോപ്പ് കാണാം. ഇവിടെയിറങ്ങിനിന്നാൽ കുറവൻ കുറത്തിമലയും ഇവയെ ബന്ധിപ്പിച്ചിരിക്കുന്ന ലോകപ്രശസ്ത ആർച്ച് ഡാമിെൻറയും മനോഹര ദൃശ്യം ആസ്വദിക്കാം. സഞ്ചാരികളുെട ഇഷ്ട കേന്ദ്രങ്ങളിലൊന്നാണിവിടം .
സഞ്ചാരികളെയും ഇതുവഴി സഞ്ചരിക്കുന്ന യാത്രക്കാരെയും ആശ്രയിച്ച് കഴിയുന്ന പത്തോളം കടകളാണ് ഡാം ടോപ്പിൽ മാത്രം ഉണ്ടായിരുന്നത്. ചായ മുതൽ കരിക്കിൻവെള്ളം വരെ ഇവിടെ ഉണ്ട്. ചായയും കുടിച്ച് അണക്കെട്ടിെൻറ സൗന്ദര്യവും ആസ്വദിച്ച് നിന്ന ഈ സ്ഥലമിപ്പോൾ മൂകമാണ്. കോവിഡിെൻറ വരവോടെ കടകൾ തുറക്കാതായി. തുറന്നാൽ തന്നെ സഞ്ചാരികളും ഇല്ലാത്ത സ്ഥിതി. ജില്ല ആസ്ഥാനത്തേക്കുള്ള ടൂറിസ്റ്റുകളുടെ വരവും നിലച്ചതോടെ ചെറുതോണിയിലടക്കമുള്ള വ്യാപാരമേഖല വലിയ പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്. അണക്കെട്ടും സമീപത്തുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളും സന്ദർശിക്കാൻ നൂറുകണക്കിനാളുകളാണ് ദിവസവും ഇടുക്കിയിൽ എത്തിയിരുന്നത്. 2018ലെ പ്രളയത്തെത്തുടർന്ന് ഡാം തുറന്നുവിട്ടപ്പോൾ ഭാഗികമായി തകർന്ന പട്ടണം തിരിച്ചുവരാൻ തുടങ്ങുന്നതിനിടെയാണ് കോവിഡ് ആ പ്രതീക്ഷകളെ തല്ലിക്കെടുത്തിയതെന്ന് വ്യാപാരികൾ പറയുന്നു.
ഉപജീവനമാർഗം നിലച്ച് കച്ചവടക്കാർ
സഞ്ചാരികളുടെ അഭാവം മൂലം ചെറുകിട കച്ചവടക്കാർ, പെട്ടിക്കടക്കാർ, ഹോട്ടലുകൾ, ചായക്കടകൾ തുടങ്ങി പലതിനും പൂട്ട് വീണുവെന്ന് മാത്രമല്ല നിരവധിപേരുടെ ഉപജീവനമാർഗവും നിലച്ചു. ജില്ല ആസ്ഥാനത്തെ പ്രമുഖ ഹോട്ടലടക്കം മാസങ്ങളായി അടഞ്ഞുകിടക്കുകയാണ്. കലക്ടറേറ്റ്, ജില്ല പഞ്ചായത്ത്, മെഡിക്കൽ കോളജ്, വ്യവസായ കേന്ദ്രം തുടങ്ങിയ സ്ഥലങ്ങളിൽ വിവിധ ആവശ്യങ്ങൾക്ക് വരുന്നവരും ഈ ഹോട്ടലിലാണെത്തിയിരുന്നത്. ആളുകൾ എത്താതായതോടെ ഹോട്ടൽ അടച്ചു. ഇവിടെ ജോലി ചെയ്തിരുന്ന 60 കുടുംബങ്ങൾക്കും തൊഴിലില്ലാതായി. ഇടുക്കി ഡാമിലേക്കുള്ള റോഡിൽ പലരും ബങ്ക് ഷോപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. ഭീമമായ സംഖ്യക്കാണ് ബങ്ക് ഷോപ്പുകൾ ലേലത്തിൽ പിടിച്ചതും കച്ചവടമാരംഭിച്ചതും. ഇതും പൂട്ടിക്കിടക്കുകയാണ്. വിനോദസഞ്ചാരികളിൽ പ്രതീക്ഷയർപ്പിച്ച് ജീവിതം കരുപ്പിടിപ്പിച്ചിരുന്ന വഴിയോര കച്ചവടക്കാരും ദുരിതത്തിലാണ്.
ഓട്ടോ-ടാക്സി ജീവനക്കാരും ദുരിതത്തിൽ
ഇടുക്കി ഡാമിനോട് ചേർന്ന കാൽവരി മൗണ്ട്, പാൽക്കുളം മേട്, തകരപ്പിള്ളി മേട്, ഹിൽവ്യൂ പാർക്ക് തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങൾക്കും പൂട്ടുവീണതോടെ ഓട്ടോ ടാക്സി ജീവനക്കാരുടെയും അവസ്ഥ വളരെ ബുദ്ധിമുട്ടിലായി. ഇവിടുത്തെ ലോഡ്ജുകളടക്കം പൂട്ടി. സഞ്ചാരികളെയും കാത്ത് 150 ഓളം ടാക്സികളാണ് ഇവിടെ ഉണ്ടായിരുന്നത്.
ജില്ല ആസ്ഥാനത്ത് ഏറ്റവും കൂടുതൽ വ്യാപാരം നടക്കുന്ന ഇടമാണ് തടിയമ്പാട്. ഇവിയൊണ് മലഞ്ചരക്ക് ഉൽപന്നങ്ങൾ വിറ്റഴിക്കാൻ ജില്ല ആസ്ഥാനത്തുള്ളവർ എത്തുന്നത്്. ഒരുവർഷമായി കച്ചവടസ്ഥാപനങ്ങൾ അടഞ്ഞുകിടക്കുന്നു. ഇതിനിടെ കോവിഡ് ബാധിച്ച് ഒരു വ്യാപാരി മരിക്കുകയും ചെയ്തു. പ്രതിസന്ധികൾ ഒഴിവായി ഇനിയെന്നാണ് ഉയിർത്തെഴുന്നേൽപ് എന്നാണ് ഇവരുടെയെല്ലാം ചോദ്യം. (അവസാനിച്ചു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.