അല്ല, വനം വകുേപ്പ ഇതൊന്നും കാണുന്നില്ലേ
text_fieldsഅടിമാലി: കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം മുതൽ വാളറ വരെ കാനന പാതയിൽ മാലിന്യാഭിഷേകം. ദുർഗന്ധം മൂലം മൂക്ക് അടച്ച് പിടിക്കാതെ ഇതിലെ യാത്ര ചെയ്യാനാകില്ല. കക്കൂസ് മാലിന്യം ഉൾപ്പെടെ ഇവിടെ തള്ളുന്നു. ഇതിന് പുറമെ ഹോട്ടൽ മാലിന്യം മുതൽ അറവ് - മത്സ്യ മാലിന്യം വരെ ചാക്കിൽ കെട്ടി തള്ളുന്നതും പതിവ്. മാലിന്യം അഴുകി പ്രദേശമാകെ രൂക്ഷഗന്ധം പരക്കുകയാണ്.
ചിലയിടങ്ങളിൽ ടൺ കണക്കിന് മാലിന്യമാണ് നിക്ഷേപിച്ചിരിക്കുന്നത്. മാലിന്യത്തിൽ നിന്ന് തീറ്റ തേടുന്ന തെരുവ് നായ്ക്കളും വാനരൻമാരും പരസ്പരം ആക്രണകാരികളാകുന്നതും ഇവിടെ പതിവാണ്. ഇത് ഇരുചക്ര വാഹന യാത്രക്കാർക്കടക്കം ഭീഷണിയാണ്. മഴ പെയ്താൽ മാലിന്യം ഒലിച്ച് ദേവിയാർ പുഴയിലും പിന്നീട് പെരിയാറിലും എത്തുന്നു. പെരിയാറിലെ വെള്ളം ഉപയോഗിക്കുന്ന പതിനായിരക്കണക്കിനാളുകൾക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങളും ഇതുണ്ടാക്കുന്നു. വെള്ളത്തിൽ നിന്ന് സാംക്രമിക രോഗങ്ങൾ പടരാൻ സാധ്യത ഏറെയാണ്. നാട്ടുകാർ ഒട്ടേറെ തവണ പൊലീസിലും പഞ്ചായത്തിലും പരാതി നൽകിയിട്ടും മാലിന്യം തള്ളുന്നവരെ പിടികൂടാനായിട്ടില്ല.
വനം വകുപ്പ് നോക്ക് കുത്തി
മാലിന്യം വനത്തിൽ തള്ളിയതുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ രജിസ്റ്റർ ചെയ്ത വനം വകുപ്പ് ഇപ്പോൾ നോക്കുകുത്തിയാണ്. വാഹനങ്ങളും ഫയർഫോഴ്സും വി.എസ്.എസും ഒക്കെ ഉണ്ടായിട്ടും കാട്ടാനയും കുരങ്ങും മറ്റും വിഹരിക്കുന്ന കാട്ടിൽ മാലിന്യം തള്ളുന്നത് തടയാനോ ബോധവത്കരണം നടത്താനോ വനം വകുപ്പ് നടപടികളെടുക്കുന്നില്ല.
വിനോദ യാത്ര സംഘങ്ങളും മാലിന്യം തള്ളുന്നു
മൂന്നാർ വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് എത്തുന്ന പ്രധാന പാതയാണിത്. വലിയ ബസുകളിലും ട്രാവലറുകളിലും എത്തുന്നവർ കൊണ്ടുവരുന്നതും വഴിയിൽ പാചകം ചെയ്ത് കഴിക്കുന്നതുമായ ഭക്ഷണ പദാർഥങ്ങൾ, ഡിസ്പോസബ്ൾ പാത്രങ്ങൾ എന്നിവ വനത്തിലേക്ക് നിക്ഷേപിക്കുന്നു.
ഇതിന് പരിഹാരം കാണാൻ നേര്യമംഗലത്തും വാളറയിലും ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ച് വാഹന യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രദേശം സി.സി.ടി.വി നിയന്ത്രണത്തിൽ ആക്കണമെന്നും ആവശ്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.