പ്രതീക്ഷയായി ജാതിക്ക വിലയിൽ കുതിപ്പ്
text_fieldsതൊടുപുഴ: ജാതിക്ക വിലയിൽ പ്രതീക്ഷയർപ്പിച്ച് ഹൈറേഞ്ചിലെ കർഷകർ. മുൻകാലങ്ങളെ അപേക്ഷിച്ച് ഇരട്ടി വിലയാണ് ജാതിക്കക്കും ജാതിപത്രിക്കും ഇപ്പോൾ ലഭിക്കുന്നത്. കുരുമുളകിനും ഗ്രാമ്പുവിനും ഉൾപ്പെടെ വിലയിടിഞ്ഞിരിക്കെ ജാതിക്കാക്ക് ലഭിക്കുന്ന ഉയർന്നവില കർഷകർക്ക് ആശ്വാസമാണ്. കാർഷിക ഉൽപന്നങ്ങളിൽ ഏലക്ക ഒഴികെയുള്ളവക്ക് വിലയില്ലാത്ത പശ്ചാത്തലത്തിൽ പ്രത്യേകിച്ചും. മുന്തിയ ഇനം ജാതിപത്രി ഒരു കിലോക്ക് നിലവിൽ രണ്ടായിരത്തിലേറെയാണ് വില. ജാതിക്കക്ക് 370-390 ഉം. ഇടക്ക് ഉയർന്ന വില ലഭിച്ചിരുന്ന ജാതിയുടെ വില പിന്നീട് കുത്തനെ കുറയുകയായിരുന്നു.
പടിപടിയായി ഉയർന്നാണ് ഇപ്പോഴത്തെ മെച്ചപ്പെട്ട വിലയിലെത്തിയത്. ഈ വർഷം പെയ്ത തുടർച്ചയായ മഴമൂലം വിളവ് കുറവാണ്. ഉയർന്ന വില ലഭിക്കുന്നതിനാൽ ഈ കുറവ് പരിഹരിക്കാനാകുമെന്നാണ് കർഷകരുടെ പ്രതീക്ഷ. പ്രളയാനന്തരം ചില തോട്ടങ്ങളിൽ ജാതിമരങ്ങൾ ഉണങ്ങിപ്പോകുന്ന അവസ്ഥയുണ്ടായി. പ്രളയത്തെത്തുടർന്നുണ്ടായ കാലവർഷത്തിലും ധാരാളം മരങ്ങൾ നശിച്ചിരുന്നു. ഇപ്പോൾ ലഭിക്കുന്ന ഉയർന്നവില കൃഷിക്ക് കൂടുതൽ പരിഗണന നൽകാൻ ഹൈറേഞ്ച് കർഷകർക്ക് പ്രേരണയാണ്. തരിശുഭൂമിയിൽപോലും കൃഷി ചെയ്യാൻ കഴിയുന്നതാണ് ജാതിച്ചെടികൾ. കടുത്ത വേനലിൽ ജലസേചനം നടത്താനുള്ള സൗകര്യം ഉണ്ടാകണമെന്ന് മാത്രം.
വളവും കീടനാശിനികളുമൊന്നും കാര്യമായി പ്രയോഗിച്ചില്ലെങ്കിലും വിള ലഭിക്കുമെന്ന പ്രത്യേകതയാണ് ജാതി കൃഷിയിലേക്ക് ധാരാളംപേരെ ആകർഷിക്കുന്നത്. കുരുമുളകിനും കാപ്പിക്കും ഗ്രാമ്പുവിനുമൊന്നും വില കിട്ടുന്നില്ലെന്നതിൽ കർഷകർ കണ്ണീരിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.