പഴയ സാരികളും ബെഡ് ഷീറ്റുകളുമൊക്കെ ചാക്കുകളായി മാറുകയാണ് ഇരട്ടയാറില്‍
text_fieldsഇരട്ടയാര്‍: വീടുകളില്‍ ഉപയോഗിക്കാതെ സൂക്ഷിച്ച പഴയ സാരികളും ബെഡ് ഷീറ്റുകളുമൊക്കെ ചാക്കുകളായി രൂപം മാറുകയാണ് ഇരട്ടയാറില്‍. ഹരിതകര്‍മ സേനാംഗങ്ങളാണ് വീടുകളില്‍നിന്ന് സാരികളും ബെഡ് ഷീറ്റുമൊക്കെ ശേഖരിച്ച് ഭംഗിയുള്ള ചാക്കുകളുണ്ടാക്കുന്നത്. വീടുകളില്‍നിന്ന് മറ്റും ശേഖരിക്കുന്ന പാഴ്വസ്തുക്കള് മെറ്റീരിയല്‍ കലക്ഷന്‍ സെൻററിൽ (എം.സി.എഫ്) സൂക്ഷിക്കുന്നതിനാണ് ഈ സാരിച്ചാക്കുകള് ഇപ്പോള്‍ ഉപയോഗിക്കുന്നത്.
പുനരുപയോഗം സാധ്യമാക്കുന്നത് മാത്രമല്ല, സാമ്പത്തികച്ചെലവും കുറക്കുന്നു. ഒരു വലിയ പ്ലാസ്റ്റിക് ചാക്കിന് ഏഴ് രൂപയെങ്കിലും നല്‍കണം. കുറെനാള്‍ കഴിയുമ്പോള്‍ അത് മറ്റൊരു മാലിന്യമാകുമെന്നതും പ്രശ്നം. ഇതിനൊക്കെ പരിഹാരമെന്ന നിലയിലാണ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബി. ശിവകുമാര്‍ ഇത്തരമൊരു ആശയം മുന്നോട്ടുവെച്ചത്.
സംശയത്തോടെയാണ് ഹരിതകര്‍മ സേനാംഗങ്ങള്‍ ഈ നിര്‍ദേശത്തെ സ്വീകരിച്ചത്. എന്നാല്‍, വീടുകളില്‍ ചെന്ന് ആവശ്യപ്പെട്ടപ്പോള്‍ സാരികള്‍ ഇഷ്ടംപോലെ കിട്ടി. പഴയ വസ്ത്രങ്ങളൊക്കെ എന്തുചെയ്യുമെന്നറിയാതെയിരിക്കുകയായിരുന്നു നല്ലൊരു ശതമാനം പേരും. സാധാരണ ചാക്കുപോലെയല്ല സാരിച്ചാക്കുകള്, പെരുവയറന്മാരാണ്. കൂടുതൽ സാധനങ്ങള്‍ സൂക്ഷിക്കാനാകുമെന്നതിനാല് എം.സി.എഫില്‍ സ്ഥലവും ലാഭിക്കാനായെന്ന് ഹരിതകര്‍മസേന സെക്രട്ടറി ബിന്ദു സുധാകരന്, പ്രസിഡൻറ് സെലിന് വര്‍ഗീസ് എന്നിവര്‍ പറഞ്ഞു. ശുചിത്വ പദവി നേടിയ പഞ്ചായത്തിനെ സമ്പൂര്‍ണശുചിത്വ പദവിയിലെത്തിക്കുന്നതിന് കര്‍മപദ്ധതികള്‍ ആവിഷ്കരിച്ചുവരുകയാണെന്ന് പ്രസിഡൻറ് ജിന്സണ് വര്‍ക്കി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.