ഓണത്തെ വരവേൽക്കാനൊരുങ്ങി നാട്
text_fieldsതൊടുപുഴ: ചിങ്ങം പിറന്നതോടെ നാടും നഗരവും ഓണത്തെ വരവേൽക്കാനൊരുങ്ങി. സ്കൂൾ കുട്ടികൾക്ക് ഓണപ്പരീക്ഷകൂടി അവസാനിക്കുന്നതോടെ വരും ദിവസങ്ങളിൽ നാടും നഗരവുമെല്ലാം തിരക്കിലാകും. ആഘോഷത്തിന് മുന്നോടിയായി വീടും പരിസരവും വൃത്തിയാക്കുന്ന ജോലികളും പൊതുസ്ഥലങ്ങളും മാർക്കറ്റുകളും തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ ശുചീകരിക്കുന്ന ജോലികളും ആരംഭിച്ചു.
വിളവെടുപ്പ് ഉത്സവം കൂടിയായ ഓണാഘോഷത്തിന് ആവശ്യമായ പച്ചക്കറികളും ജില്ലയിലെ വിവിധ ഗ്രാമങ്ങളിൽ തയാറായി വരികയാണ്. ‘ഓണത്തിന് ഒരുമുറം പച്ചക്കറി’യുൾപ്പെടെയുള്ളവയും സജ്ജമായി. 18ന് സർക്കാറിന്റെ ഓണം വിപണികൾ ആരംഭിക്കാനാണ് തീരുമാനം. സിവിൽ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തിലുള്ള ഓണം ഫെയറുകൾക്ക് പുറമെ, സഹകരണ സ്ഥാപനങ്ങൾ, കുടുംബശ്രീ യൂനിറ്റുകൾ എന്നിവയുടെ നേതൃത്വത്തിലും ഗ്രാമങ്ങളിലും നഗരപ്രദേശങ്ങളിലും വ്യാപാരമേളകൾക്ക് തുടക്കമാകും. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും സർക്കാർ ജീവനക്കാർക്കും പരമ്പരാഗത തൊഴിൽ മേഖലകളിലുള്ളവർക്കും ഓണത്തിന് ബോണസും ശമ്പളവുമെത്തുന്നതോടെ ഈ വർഷവും ഓണം കെങ്കേമമാകുമെന്ന പ്രതീക്ഷയിലാണ് ഏവരും.
ഓണക്കാലം വരവേൽക്കാൻ വ്യാപാരികളും തയാറെടുത്തുകഴിഞ്ഞു. കർക്കടകത്തിൽ പതിവുള്ള ആടിസെയിലിനുശേഷം പുതുമയാർന്ന ഓണക്കോടികളുമായാണ് തുണിക്കടകൾ ഒരുങ്ങുന്നത്. അയൽ സംസ്ഥാനങ്ങളിലെ മില്ലുകളിൽനിന്ന് ലോഡ് കണക്കിന് തുണിത്തരങ്ങളാണ് കേരളത്തിലേക്ക് ഒഴുകുന്നത്. ഗൃഹോപകരണ വിൽപനശാലകളും ഇലക്ട്രോണിക് ഉപകരണ വ്യാപാര കേന്ദ്രങ്ങളും ഓണക്കച്ചവടത്തിനുള്ള സ്റ്റോക്ക് സംഭരണവും ഫെസ്റ്റിവൽ സ്റ്റാളും ഒരുക്കി. ടി.വി, ഫ്രിഡ്ജ്, വാഷിങ് മെഷീൻ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണ വിൽപന കേന്ദ്രങ്ങളാണ് ആദ്യം രംഗത്തിറങ്ങിയത്. പ്രമുഖ ഇലക്ട്രോണിക് വ്യാപാരസ്ഥാപനങ്ങളിലെല്ലാം ബ്രാൻഡഡ് കമ്പനികളുടെ ലോഡ് കണക്കിന് ഉൽപന്നങ്ങൾ ഓണക്കച്ചവടത്തിനായി എത്തിച്ചു. ഒന്നിനൊന്ന് സൗജന്യവും വിലക്കിഴിവുമുൾപ്പെടെ കമ്പനികളും ഷോപ്പുകളും ആകർഷകമായ ഓഫറുകൾ വാഗ്ദാനം ചെയ്തിട്ടുണ്ട്.
സപ്ലൈകോ ഓണം ഫെയര്‍ 19 മുതല്‍
കട്ടപ്പന: നഗരസഭ മൈതാനത്ത് സപ്ലൈകോ ഓണം ഫെയര്‍ ആഗസ്റ്റ് 19ന് രാവിലെ 10ന് മന്ത്രി റോഷി അഗസ്റ്റിന് ഉദ്ഘാടനം ചെയ്യും. എം.എം. മണി എം.എല്‍.എ അധ്യക്ഷതവഹിക്കും. ശീതീകരിച്ച സ്റ്റാളിൽ 28വരെയാണ് ഫെയര്‍ സംഘടിപ്പിക്കുന്നത്. ഉൽപന്നങ്ങള്ക്ക് അഞ്ച് മുതല്‍ 50 ശതമാനം വരെ വിലക്കുറവും കോമ്പോ ഓഫറുകളും ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.