സമീപ നിലങ്ങൾ നികത്തി; ഒന്നരയേക്കര്‍ നെൽപാടം വെള്ളം കയറി നശിക്കുന്നു
text_fieldsവണ്ണപ്പുറം: സമീപ നിലങ്ങൾ നികത്തിയതുമൂലം വിളഞ്ഞ് കിടക്കുന്ന ഒന്നരയേക്കർ നെൽപാടം വെള്ളം കയറി നശിക്കുന്നുവെന്ന പരാതിയുമായി കർഷകൻ രംഗത്ത്. വണ്ണപ്പുറം ഒടിയപാറ പള്ളിക്കമാലിൽ ജോയി പോളിന്റെ നെൽപാടമാണ് വെള്ളം കയറി ഉപയോഗശൂന്യമാക്കിയിരിക്കുന്നത്. തലമുറകൾ കൈാമാറി കൃഷി ചെയ്തുവരുന്ന നിലമാണിത്.
ഇടുക്കി-എറണാകുളം ജില്ലകളുടെ അതിര്‍ത്തിയിലാണിത്. നെല്‍കൃഷിയിലേക്ക് വെള്ളം കയറി നശിക്കുകയും സമീപത്തെ നിലം നികത്തുകയും ചെയ്യുന്നതായി പരാതി ഉയര്‍ന്നിട്ടും അധികൃതർ നടപടിയെടുക്കുന്നില്ല. സംഭവത്തിൽ ആറുമാസം മുമ്പ് മുതൽ റവന്യൂ വകുപ്പിൽ ഉള്‍പ്പെടെ രേഖാമൂലം പരാതി നല്‍കിയിട്ടും അധികൃതര്‍ കണ്ണടക്കുന്നതായും പറയുന്നു.
അയല്‍വാസിയാണ് സംഭവത്തിന് പിന്നിലെന്നും പരാതി നല്‍കിയതിനെ തുടര്‍ന്ന് തന്നെയും മക്കളെയും നിരന്തരം കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ജോയ് പറയുന്നു. പതിറ്റാണ്ടുകളായി നെല്‍കൃഷി നടക്കുന്ന സ്ഥലത്ത് ആറുമാസം മുമ്പ് മുതലാണ് പ്രശ്നങ്ങള്‍ ഉടലെടുത്തത്.
അതേസമയം, പാടം നികത്തലിനെതിരെ വണ്ണപ്പുറം പഞ്ചായത്ത് പാടശേഖര സമിതിയും രംഗത്തെത്തി. പ്രദേശത്ത് വന്‍തോതിൽ നെൽപാടം നികത്തൽ നടക്കുന്നുണ്ടെന്ന് പാടശേഖര സമിതി നടത്തിയ അന്വേഷണത്തില്‍ വ്യക്തമായതായി ഭാരവാഹികള്‍ പറഞ്ഞു. ഇതേക്കുറിച്ച് പരാതി നല്‍കിയിട്ടും നടപടിയില്ല. സര്‍ക്കാര്‍ നെല്‍കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന നയം സ്വീകരിക്കുമ്പോൾ ഉദ്യോഗസ്ഥർ അത് അട്ടിമറിക്കുകയാണ്.
വില്ലേജ് രേഖകൾ പ്രകാരം പ്രദേശം മുഴുവൻ പാടമെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് സ്ഥലം സന്ദര്‍ശിച്ച പൊതുപ്രവര്‍ത്തകർ സൂചിപ്പിച്ചു. എന്നാൽ, ചുരുക്കം ചിലർ മാത്രമാണ് ഇവിടെയിപ്പോൾ നെല്‍കൃഷി നടത്തുന്നത്. പലരും നിലംനികത്തി കെട്ടിടങ്ങൾ പണിയുകയും റബർ പോലുള്ള കൃഷികൾ നടത്തുകയും ചെയ്യുന്നു.
ജില്ല അതിര്‍ത്തിയായതിനാൽ ഇടുക്കി, മൂവാറ്റുപുഴ ആര്.ഡി.ഒമാർ, കാളിയാർ, പോത്താനിക്കാട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാർ, വണ്ണപ്പുറം, കടവൂർ വില്ലേജ് ഓഫിസുകൾ, വണ്ണപ്പുറം, പോത്താനിക്കാട് പഞ്ചായത്ത് ഓഫിസുകള്‍ എന്നിവിടങ്ങളില്‍ ഇതിനോടകം പരാതി സമര്‍പ്പിച്ചിട്ടും ഇതുവരെ ഒരുതീരുമാനം കൈക്കൊണ്ടില്ലെന്ന് ജോയി പോള്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.