പെട്ടിമുടി: നടുക്കുന്ന ഓർമക്ക് ഇന്ന് ഒരുമാസം
text_fieldsെതാടുപുഴ: രാജമല പെട്ടിമുടി ദുരന്തത്തിന് ഞായറാഴ്ച ഒരുമാസം തികയുേമ്പാൾ കാണാതായവർക്കായുള്ള തിരച്ചിലാണ് ബന്ധുക്കളും നാട്ടുകാരും. ഉരുളെടുത്ത ലയങ്ങളുടെ സ്ഥാനത്ത് ഇപ്പോഴുള്ളത് കല്ലും മണ്ണും മാത്രം. ഇനിയും നാല് മൃതദേഹങ്ങൾ കൂടി കിട്ടാനുണ്ട്. ആഗസ്റ്റ് ആറിന് രാത്രി 10.45നാണ് പെട്ടിമുടിയിൽ ഉരുൾപൊട്ടലുണ്ടായത്. നാല് ലയങ്ങളിലെ 30 വീടുകളാണ് മണ്ണിനടിയിലായത്. 66പേരുടെ മൃതദേഹങ്ങൾ മണ്ണിനടിയിൽനിന്ന് പെട്ടിമുടി പുഴയിൽനിന്നുമായി രക്ഷാപ്രവർത്തകർ കണ്ടെടുത്തു.
12പേർ ദുരന്തത്തിൽനിന്ന് രക്ഷെപ്പട്ടു. 17 വാഹനങ്ങളും ഉരുൾപൊട്ടലിൽ നശിച്ചു. വൈദ്യുതി വാർത്ത-വിനിമയ സംവിധാനങ്ങളടക്കം തകരാറിലായതോടെ രാത്രി നടന്ന ഉരുൾപൊട്ടൽ വിവരം പിറ്റേന്ന് രാവിലെ ആറിനാണ് പുറംലോകമറിഞ്ഞത്. ഇത് ദുരന്തത്തിെൻറ വ്യാപ്തി കൂട്ടി. മൂന്നാറിൽനിന്ന് പെട്ടിമുടിയിലേക്ക് എളുപ്പത്തിൽ പോകാൻ കഴിയുന്ന പെരിയവരൈ പാലം കനത്ത മഴയിൽ തകർന്നതും രക്ഷാദൗത്യത്തെ ബാധിച്ചു.
ദേശീയ ദുരന്തനിവാരണ സേന, അഗ്നിരക്ഷാസേന, സന്നദ്ധ പ്രവർത്തകർ തുടങ്ങി 500 പേരടങ്ങുന്ന സംഘം നടത്തിയ തിരച്ചിലിലാണ് 66 മൃതദേഹങ്ങൾ കണ്ടെത്താനായത്. രണ്ടാഴ്ച നീണ്ട തിരച്ചിലിന് ശേഷം മൃതദേഹങ്ങൾ കിട്ടാത്ത സാഹചര്യത്തിലും വന്യമൃഗങ്ങളുടെ ഭീഷണിയും മൂലം ജില്ല ഭരണകൂടം കാണാതായവർക്കായുള്ള തിരച്ചിൽ അവസാനിപ്പിച്ചിരുന്നു. എന്നാൽ, കാണാതായവരുടെ ബന്ധുക്കളടക്കമുള്ളവർ ഇപ്പോഴും പ്രദേശം കേന്ദ്രീകരിച്ച് തിരച്ചിൽ നടത്തുന്നുണ്ട്. രണ്ടുദിവസമായി എസ്. രാജേന്ദ്രൻ എം.എൽ.എ അടക്കമുള്ളവരുടെ നേതൃത്വത്തിലും തിരച്ചിൽ നടന്നിരുന്നു. പെട്ടിമുടി പുഴയിൽപെട്ട മാങ്കുളം, ചിക്കണം കുടിയടക്കമുള്ള പ്രദേശങ്ങളിലാണ് തിരച്ചിൽ നടക്കുന്നത്.
കാണാതായവരുടെ ബന്ധുക്കൾ, തോട്ടം തൊഴിലാളികൾ, മൂന്നാറിൽനിന്നുള്ള സന്നദ്ധ പ്രവർത്തകർ എന്നിവരടങ്ങുന്ന 35 സംഘവും വിവിധ മേഖലകളിൽ തിരയുന്നുണ്ട്. ദിനേഷ്കുമാർ (20), പ്രിയദർശിനി (7), കസ്തൂരി (26) കാർത്തിക (21) എന്നിവരെയാണ് ഇനിയും കണ്ടെത്താനുള്ളത്. പെട്ടിമുടി ഡിവിഷനിൽ താമസിച്ച 67 കുടുംബങ്ങൾ മറ്റ് വിവിധ എസ്റ്റേറ്റുകളിലും ബന്ധുവീടുകളിലും താമസിക്കുന്നു. ഇവരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട നടപടി പുരോഗമിക്കുകയാണെന്ന് കമ്പനി അധികൃതർ പറഞ്ഞു. സംസ്ഥാന സർക്കാറിന് പുറമെ തമിഴ്നാട് സർക്കാർ മരിച്ചവരുടെ കുടുംബങ്ങൾക്ക് മൂന്നുലക്ഷവും കണ്ണൻദേവൻ ഹിൽസ് പ്ലാേൻറഷൻ കമ്പനി മരിച്ച തൊഴിലാളി കുടുംബങ്ങൾക്ക് അഞ്ചുലക്ഷവും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. കമ്പനി പ്രഖ്യാപിച്ച അഞ്ചുലക്ഷം ദുരന്തത്തിൽ മരിച്ച 15 തൊഴിലാളികളുടെ കുടുംബങ്ങൾക്ക് ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.