ഓൺലൈൻ പഠനം: ഇടുക്കിയെ പരിധിക്കുള്ളിലാക്കാൻ നടപടി, ടവറുകൾ സ്ഥാപിക്കൽ പുരോഗമിക്കുന്നു
text_fieldsെതാടുപുഴ: ഓൺലൈൻ അധ്യയനം വീണ്ടും തുടങ്ങാനിരിക്കെ ജില്ലയിലെ വിദൂര മേഖലകളെയടക്കം പരിധിക്കുള്ളിലാക്കാൻ നടപടി ഊർജിതമാക്കി ജില്ല ഭരണകൂടം. കഴിഞ്ഞ ദിവസം ഇരവികുളം നാഷനൽ പാർക്കിനോട് ചേർന്നുകിടക്കുന്ന രാജമല എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികളുടെ കുട്ടികൾ റേഞ്ച് തേടി ആറ് കിലോമീറ്ററോളം നടന്ന് റോഡരികിൽ ഇരുന്ന് പഠിക്കുന്ന ചിത്രം മൂന്നാറിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് പുറംലോകത്തെ അറിയിച്ചത്. എന്നാൽ, ഇത്തരത്തിൽ നൂറുകണക്കിന് കുട്ടികളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലടക്കം റേഞ്ച് കിട്ടാതെ ഓൺലൈൻ ക്ലാസുകളുടെ സേവനം ലഭിക്കാതെ വലയുന്നത്.
ബി.എസ്.എൻ.എൽ, ജിയോ തുടങ്ങിയ സേവന ദാതാക്കളുമായി ചർച്ച നടത്തിയതായും വിഷയത്തിൽ ഉടൻ പരിഹാരം കാണാനാകുമെന്നുമാണ് ഇടുക്കി കലക്ടർ എച്ച്. ദിനേശൻ പറയുന്നത്.
മൂന്നാറിലും സമീപങ്ങളിലുമാണ് നെറ്റ്വർക്ക് ഏറ്റവും പ്രതിസന്ധി സൃഷ്ടിക്കുന്നത്. ടവർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ മൂന്നാറിൽ കെ.ഡി.എച്ച്.പി കമ്പനിയുമായി ചർച്ച ചെയ്തിട്ടുണ്ട്.
ടവർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് പഠിക്കാൻ 15 ദിവസം സമയം കമ്പനി അധികൃതർ ചോദിച്ചിട്ടുണ്ട്. അതല്ലെങ്കിൽ ദുരന്ത നിവാരണ നിയമപ്രകാരം ടവർവെക്കാനുള്ള നടപടി സ്വീകരിക്കുമെന്നും കലക്ടർ പറഞ്ഞു. റേഞ്ച് ലഭിക്കാൻ ബുദ്ധിമുട്ടുള്ള ഇടങ്ങളിലെല്ലാം ഇത്തരത്തിൽ വിവിധ മൊബൈൽ സേവന ദാതാക്കളുമായി ചർച്ച ചെയ്ത് തീരുമാനമായിട്ടുണ്ട്. ബി.എസ്.എൻ.എൽ കുറച്ച് ഫണ്ട് വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിഷയം എം.എൽ.എമാരുമായും ചർച്ച ചെയ്യുമെന്നും കലക്ടർ പറഞ്ഞു.
ഇതുകൂടാത മണ്ണിടിച്ചിൽ ഉരുൾപൊട്ടൽപോലുള്ള ദുരന്ത മേഖലയിൽ പലപ്പോഴും ആശയ വിനിമയമടക്കം സാധ്യമാകാതെ വരുന്നത് ദുരന്ത വ്യാപ്തി വർധിപ്പിക്കുന്ന സാഹചര്യമാണ് ജില്ലയിൽ. പെട്ടിമുടിയിൽ ഉണ്ടായ ദുരന്തം പുറം ലോകം അറിയാൻ വൈകിയതാണ് അവിടെ രക്ഷാപ്രവർത്തനം വൈകാനിടയാക്കിയത്.
പെട്ടിമുടി ദുരന്തത്തിനുശേഷം മൂന്നാറിലടക്കം കൂടുതൽ ടവറുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ച പലതവണ നടന്നെങ്കിലും തീരുമാനമുണ്ടായില്ല. ഇത്തവണയും അധ്യയനം ഓൺലൈനിലായതിനാൽ എത്രയും വേഗത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നെറ്റ്വർക്ക് സേവനം എത്തിക്കാനാണ് ജില്ല ഭരണകൂടത്തിെൻറ ശ്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.