ഓൺലൈൻ പഠനം: ഇടുക്കിയിൽ 164 പൊതുപഠന കേന്ദ്രങ്ങൾ ഒരുങ്ങുന്നു
text_fieldsതൊടുപുഴ: ഓൺലൈൻ പഠനത്തിന് കുട്ടികൾക്ക് സഹായകരമാകുന്ന തരത്തിൽ 164 പൊതുപഠന കേന്ദ്രങ്ങൾ ജില്ലയിൽ തുറക്കാൻ തീരുമാനം. നെറ്റ്വർക്കിെൻറ അഭാവം മൂലവും ഓൺലൈൻ പഠന സാമഗ്രികളുടെ കുറവും മൂലം കുട്ടികൾക്ക് പഠനം പ്രതിസന്ധിയിലാകുന്ന സാഹചര്യത്തിലാണ് ആദിവാസി മേഖലകളിലടക്കം പൊതു പഠനകേന്ദ്രങ്ങൾ സ്ഥാപിക്കുന്നത്. കഴിഞ്ഞ അധ്യയനവർഷം ഓൺലൈൻ സൗകര്യം ലഭിക്കാത്ത പ്രദേശങ്ങളിലെ കുട്ടികൾക്കായി പൊതുപഠന കേന്ദ്രം തുടങ്ങിയിരുന്നു. 143 കേന്ദ്രങ്ങളാണ് അന്ന് ഉണ്ടായിരുന്നത്.
തോട്ടം മേഖല കേന്ദ്രീകരിച്ചും വിദൂര ആദിവാസി കുടികൾ കേന്ദ്രീകരിച്ചുമാണ് ആരംഭിച്ചത്. ടെലിവിഷൻ, ലാപ്ടോപ്, ടാബ്, മൊബൈൽ തുടങ്ങിയ ഓൺലൈൻ പഠന സൗകര്യങ്ങളില്ലാത്ത കുട്ടികളെ കണ്ടെത്തി ഇവർക്ക് എത്തിച്ചേരാൻ കഴിയുന്ന ഒരു പൊതു ഇടം സജ്ജമാക്കി അവിടെ പഠനത്തിന് സൗകര്യമൊരുക്കുകയാണ് പൊതുപഠന കേന്ദ്രം കൊണ്ട് ഉദ്ദേശിക്കുന്നത്. ആദിവാസി മേഖലയിൽ ട്രൈബൽ ഡിപ്പാർട്മെൻറിെൻറ നേതൃത്വത്തിൽ മുപ്പതോളം പൊതുപഠന കേന്ദ്രങ്ങൾ ഉണ്ട്. അവിടെ ട്രൈബൽ പ്രമോട്ടർമാരുടെ സേവനം ഉപയോഗിച്ച് ക്ലസുകൾ നൽകാനുള്ള നടപടി ആലോചിച്ചിട്ടുണ്ട്.
കുട്ടികളെ എത്തിക്കുന്നതടക്കം കാര്യങ്ങൾ ഇവർ ഉറപ്പാക്കും. കഴിഞ്ഞവർഷം ചില അവസാന സമയമായപ്പോൾ നിർത്തേണ്ടിവന്നു. കുട്ടികൾക്ക് ടി.വിയടക്കമുള്ള സൗകര്യം ലഭിച്ച സാഹചര്യത്തിലാണിത്. അവിടെ നിന്നുള്ള ടെലിവിഷനടക്കമുള്ള സാമഗ്രികൾ പുതിയ പഠന കേന്ദ്രങ്ങളിലെത്തിക്കും. സ്കൂൾ തലത്തിലും പഞ്ചായത്തുതലത്തിലും കുട്ടികൾക്ക് ഇത്തരം സൗകര്യങ്ങളൊരുക്കുന്ന കാര്യവും ആലോചനയിലാണെന്ന് ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ. ശശീന്ദ്ര വ്യാസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.