ഉമ്മൻ ചാണ്ടിയോട് 'നന്ദിപൂർവം ഇടുക്കി'
text_fieldsനെടുങ്കണ്ടം: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് പ്രവർത്തകസമിതി അംഗവുമായ ഉമ്മൻ ചാണ്ടി നിയമസഭ സാമാജികൻ എന്ന നിലയിൽ 50 വർഷം പൂർത്തിയാക്കുന്ന വ്യാഴാഴ്ച ജില്ലയിൽ 'നന്ദിപൂർവം ഇടുക്കി' പേരിൽ വിപുല ആഘോഷ പരിപാടികൾ നടത്തുമെന്ന് ഡി.സി.സി പ്രസിഡൻറ് ഇബ്രാഹീംകുട്ടി കല്ലാർ അറിയിച്ചു. കോട്ടയത്ത് നടക്കുന്ന ചടങ്ങ് തത്സമയ സംേപ്രഷണത്തിലൂടെ ജില്ലയിലെ മുഴുവൻ വാർഡ് തലങ്ങളിലെയും പ്രധാന ജങ്ഷനുകളിൽ പ്രത്യേക ടി.വി സ്ഥാപിച്ച് പൊതുജനങ്ങൾക്ക് കാണാനുള്ള സൗകര്യം ഒരുക്കും.
വാർഡ്, മണ്ഡലം കോൺഗ്രസ് കമ്മിറ്റികൾ ഇതിനുവേണ്ട സൗകര്യം സജ്ജീകരിക്കും. ജില്ലയിലെ 10 ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെയും നേതൃത്വത്തിൽ അനാഥാലയങ്ങളിൽ ഭക്ഷണം നൽകും.
ഡി.സി.സി പ്രസിഡൻറും പ്രമുഖ നേതാക്കളും അദ്ദേഹത്തിെൻറ പേരിൽ അറിയപ്പെടുന്ന കഞ്ഞിക്കുഴി പഞ്ചായത്തിലെ ആദിവാസി കോളനി നിവാസികളോടൊപ്പം ഉച്ചഭക്ഷണം കഴിക്കും. ഡി.സി.സി യുടെ ഉമ്മൻ ചാണ്ടി പുരസ്കാരം ആദിവാസി രാജാവ് രാമൻ രാജമന്നാനും മഴുവടി ഉമ്മൻ ചാണ്ടി കോളനി ഈരുമൂപ്പൻ സുകുമാരൻ കുന്നുംപുറത്തിനും ഡി.സി.സി പ്രസിഡൻറ് നൽകും. ഇവിടെ വിഡിയോ കോൺഫറൻസിലൂടെ ഉമ്മൻ ചാണ്ടി ആദിവാസി കോളനി നിവാസികളോട് സംസാരിക്കും. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ ഇടുക്കിക്ക് സമ്മാനിച്ച മെഡിക്കൽ കോളജിനു മുന്നിൽ വാഴത്തോപ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നന്ദിപ്രകാശന സംഗമം സംഘടിപ്പിക്കും.
45,000 പട്ടയങ്ങൾ വിതരണം ചെയ്ത ഉമ്മൻ ചാണ്ടിയോടുള്ള നന്ദിപ്രകാശനമായി നെടുങ്കണ്ടം മണ്ഡലത്തിൽ പട്ടയം ലഭിച്ച അഞ്ച് കർഷകരെ ഡി.സി.സി ആദരിക്കും.
ഇന്ത്യയിൽ തന്നെ ആദ്യമായി തോട്ടം തൊഴിലാളികൾക്ക് ഏറ്റവുമുയർന്ന വേതന വർധന നടത്തിയ അദ്ദേഹത്തോടുള്ള ആദര സൂചകമായി മൂന്നാറിലും വണ്ടൻമേട്ടിലും ഉടുമ്പൻചോലയിലും പീരുമേട്ടിലും തോട്ടം തൊഴിലാളികളുടെ നേതൃത്വത്തിൽ നന്ദിപ്രകാശന സംഗമങ്ങൾ നടത്തും. കല്ലാർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ കവലയായ, മുണ്ടിയെരുമയിൽ കെ.എസ്.യു ഉടുമ്പൻചോല താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നന്ദിപ്രകാശന സംഗമം നടത്തും.
യൂത്ത് കോൺഗ്രസ്, മഹിള കോൺഗ്രസ്, ഐ.എൻ.ടി.യു.സി, കെ.എസ്.യു, ദലിത് കോൺഗ്രസ്, ആദിവാസി കോൺഗ്രസ്, സേവാദൾ, കർഷക കോൺഗ്രസ് തുടങ്ങിയ പോഷക സംഘടനകളുടെ നേതൃത്വത്തിൽ കേക്ക് മുറിച്ച് നിരവധി കേന്ദ്രങ്ങളിൽ പരിപാടികൾ നടത്തുമെന്നും കല്ലാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.