ഓപറേഷൻ ഫോക്കസ് ഒരാഴ്ചക്കിടെ 314 കേസ്
text_fieldsതൊടുപുഴ: ടൂറിസ്റ്റ് ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളിലെ നിയമലംഘനം തടയാനുള്ള ഓപറേഷന് ഫോക്കസ് പരിശോധനയുടെ ഭാഗമായി ജില്ലയില്‍ മോട്ടോര്‍ വാഹന വകുപ്പും എന്‍ഫോഴ്സ്മെന്റ് വിഭാഗവും ബുധനാഴ്ചവരെ എടുത്തത് 314 കേസുകള്‍. വിവിധ സ്ക്വാഡുകളായി നടത്തിയ പരിശോധനയിലാണ് ടൂറിസ്റ്റ് ബസുകളില്‍ ഉള്‍പ്പെടെ ഒട്ടേറെ നിയമലംഘനങ്ങള്‍ കണ്ടെത്തിയത്.
വടക്കഞ്ചേരിയില്‍ ടൂറിസ്റ്റ് ബസ് കെ.എസ്.ആര്.ടി.സിയില്‍ ഇടിച്ചുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഏഴു മുതല്‍ 16 വരെയാണ് ഓപറേഷന് ഫോക്കസ് -3 പ്രകാരമുള്ള സ്പെഷല്‍ ഡ്രൈവ് സംസ്ഥാന വ്യാപകമായി നടക്കുന്നത്. മോട്ടോർ വാഹന വകുപ്പ് ബുധനാഴ്ചവരെ 134 കേസാണ് രജിസ്റ്റർ ചെയ്തത്. വിവിധ നിയമലംഘനങ്ങളില്‍ 4,95,000 രൂപ പിഴയീടാക്കി. 15 ടൂറിസ്റ്റ് വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കുകയും ചെയ്തു. വേഗപ്പൂട്ട് ബന്ധം വിച്ഛേദിച്ചതു ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങളിലാണ് നടപടി. മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 180 കേസാണ് ബുധനാഴ്ചവരെ രജിസ്റ്റര്‍ ചെയ്തത്. 1,38,750 രൂപ പിഴയായി ഈടാക്കി. 13 വാഹനങ്ങളുടെ ഫിറ്റ്നസ് എന്‍ഫോഴ്സ്മെന്റ് വിഭാഗം റദ്ദുചെയ്തു.
നിയമവിധേയമല്ലാതെ ലൈറ്റുകളും കാതടപ്പിക്കുന്ന എയര്‍ഹോണുകള്‍ ഘടിപ്പിച്ചതിന്റെ പേരിലാണ് കൂടുതല്‍ കേസുകളും. വാഹനത്തില്‍ രൂപമാറ്റം വരുത്തിയതിനും വേഗപ്പൂട്ടിൽ കൃത്രിമം നടത്തിയതിനും കേസുകളെടുത്തു. ടൂറിസ്റ്റ് കേന്ദ്രങ്ങളും മറ്റും കേന്ദ്രീകരിച്ചാണ് പ്രധാനമായും വാഹന പരിശോധന. ഇവിടെയെത്തുന്ന വാഹനങ്ങളില്‍ നിയമാനുസൃതമല്ലാതെ ലൈറ്റുകളും എയര്‍ഹോണുകളും മറ്റ് സംവിധാനങ്ങളും ഘടിപ്പിച്ചിട്ടുണ്ടെങ്കില്‍ ഉടന്‍ അഴിച്ചുമാറ്റാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരിശോധന ശക്തമാക്കിയതോടെ കോണ്‍ട്രാക്ട് വാഹനങ്ങളില്‍ കൂടുതലും പുറത്തിറക്കുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരിശോധന കടുപ്പിച്ചതിനാല്‍ ഒട്ടേറെ വിനോദയാത്രകള്‍ റദ്ദുചെയ്തിട്ടുമുണ്ട്. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് ഇടുക്കി ആർ.ടി.ഒ രമണന് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.