ഏഴിലം പാല പൂത്തു...പൂമരങ്ങൾ കുടപിടിച്ചു...
text_fieldsപീരുമേട്: വൃശ്ചികമാസ രാവുകളിൽ മാത്രം പുഷ്പിക്കുന്ന ഏഴിലം പാലപ്പൂവിന്റെ വശ്യ സുഗന്ധം ദേശീയ പാതയിലെ യാത്രക്ക് സുഗന്ധമേകുന്നു. മുണ്ടക്കയം മുതൽ കൊടികുത്തി വരെ 12ൽപ്പരം കൂറ്റൻ മരങ്ങളാണ് പുഷ്പിച്ചുനിൽക്കുന്നത്. സന്ധ്യക്ക് ശേഷം വിരിയുന്ന പൂക്കളുടെ സൗരഭ്യം റോഡിൽ സദാ തങ്ങിനിൽക്കുന്നു. പതിറ്റാണ്ടുകൾ പ്രായമുള്ള കൂറ്റൻ മരങ്ങൾ ഇലമൂടി പൂ വിരിഞ്ഞ് വെള്ളവിരിച്ചു നിൽക്കുകയാണ്. ജില്ല അതിർത്തിയായ മുണ്ടക്കയം പാലത്തിന് സമീപമുള്ള ക്ഷേത്രത്തിലേക്കുള്ള വഴിയിലും പാല പൂത്തുനിൽക്കുന്നുണ്ട്.
പൂവിന് ഹൃദ്യമായ ഗന്ധമാണങ്കിലും എഴുത്തുകളിലും വാമൊഴിയിലും ഭീതിയുടെ അടയാളമാണ് ഏഴിലം പാല. യക്ഷികളുടെയും ഗന്ധർവൻമാരുടെയും ആവാസ കേന്ദ്രമാണ് പാലമരം എന്ന് വിശ്വസിക്കുന്നു. രാത്രിയിൽ പാലമരചുവട്ടിൽ കിടന്നാൽ രാവിലെ എല്ലും മുടിയും മാത്രമേ കാണൂവെന്നും വിശ്വസിക്കുന്നു. രാത്രിയിൽ യക്ഷിയും പകൽ ഗന്ധർവനും പനയിൽ വസിക്കുന്നു എന്ന മിത്തിനാണ് ഏറെ പ്രചാരം. പകൽ സുന്ദരികളായ സ്ത്രീകളും രാത്രിയിൽ ആരോഗ്യദൃഡരായ ചെറുപ്പക്കാരും പാലച്ചുവട്ടിൽ ഇരിക്കരുതെന്ന പ്രചാരവും നിലനിന്നിരുന്നു. ആണിയിൽ ആവാഹിച്ച് പാലമരത്തിൽ തറക്കുന്ന മാന്ത്രികൻമാരുടെ കഥകളും പഴയകാല എഴുത്തുകളിലുണ്ട്.
ഔഷധ വ്യക്ഷം
ദക്ഷിണാഫ്രിക്കയാണ് ഏഴിലം പാലയുടെ ജന്മദേശം. അസ് റ്റോണിയ സ്കോളാരിസ് എന്നാണ് ശാസ്ത്രീയ നാമം. ചെറിയ ശാഖയിൽ ഏഴ് ഇലകൾ ഉള്ളതിനാൽ ഏഴിലംപാല എന്ന് വിളിക്കുന്നു. ഇലകൾ പൂർണമായും മൂടി കുലകളായി പുഷ്പിക്കുന്നു. യക്ഷി പാല, ദൈവ പാല, കുട പാല, കുരുട്ടുപാല എന്നീ പേരുകളിലും അറിയപ്പെടുന്നു. ആയുർവേദത്തിൽ വാത പിത്തരോഗങ്ങൾ, അൾസർ, ദഹനക്കുറവ്, മലേറിയ തുടങ്ങിയ രോഗങ്ങൾക്ക് ഇല, തൊലി, കറ എന്നിവ ഉപയോഗിക്കുന്നു. തൊലി മുറിക്കുമ്പോൾ പാൽ നിറത്തിൽ കറയും ലഭിക്കും. കൂറ്റൻ മരമാണങ്കിലും പാഴ്തടിയായതിനാൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തടി ഉപയോഗിക്കാറില്ല.
ഏഴിലം പാലയെക്കുറിച്ച് മലയാളികൾ ആദ്യം ഓർമിക്കുന്ന ഗാനം 1973ൽ ‘കാട്’ എന്ന ചിത്രത്തിന് വേണ്ടി വയലാർ രാമവർമ രചിച്ച ‘ഏഴിലം പാല പൂത്തു പൂമരങ്ങൾ കുടപിടിച്ചു’ എന്ന ഗാനമാണ്. 50 വർഷങ്ങൾ പിന്നിടുന്ന ഗാനം ഇന്നും മലയാളികൾ പാടി നടക്കുന്നു. പത്മരാജന്റെ കൃതിയായ പ്രതിമയും രാജകുമാരിയും 1990 ൽ അദ്ദേഹം ‘ഞാൻ ഗന്ധർവൻ’ എന്ന പേരിൽ സിനിമയായി ചിത്രീകരിച്ചപ്പോഴും ഏഴിലംപാലക്കും മുഖ്യസ്ഥാനം ലഭിച്ചു.
സിനിമയിൽ പാലമരത്തെക്കുറിച്ച് ഗാനവും ഉൾപ്പെടുത്തിയിട്ടുണ്ട്. ‘പാലപ്പൂവേനിൻ തിരുമംഗല്യ താലി തരൂ’ എന്ന ഗാനം മനോഹരമായി ചിത്രീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.