പുതിയ ബസ് റോഡിൽ ഇറക്കാൻ 38 ലക്ഷം; ഇതര സംസ്ഥാനങ്ങളിലെ പഴയ ബസിന് നാല് ലക്ഷം
text_fieldsപീരുമേട്: കുറഞ്ഞ വിലക്ക് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ബസ് കേരളത്തിലെ റൂട്ടുകളിൽ ഓടിക്കുന്നവരുടെ എണ്ണം കൂടുന്നു. പുതിയ ഓട്ടോറിക്ഷ വാങ്ങുന്ന ചെലവിൽ വരെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പഴയ ബസ് ലഭിക്കുന്ന സ്ഥിതി വന്നതോടെയാണ് പെർമിറ്റിനായി അപേക്ഷിക്കുന്നവർ വർധിക്കുന്നത്. പുതിയ ഷാസി വാങ്ങി ബോഡി ചെയ്ത് ബസ് റോഡിൽ ഇറക്കുമ്പോൾ 38 ലക്ഷം രൂപയിലധികം ചെലവാകുമ്പോൾ ഇത്തരത്തിലെത്തുന്ന ബസുകൾക്ക് അഞ്ച് ലക്ഷം മുതൽ 10 ലക്ഷം വരെ മതിയാകും.
ഇത്തരം ബസുകൾക്ക് പെർമിറ്റ് സംഘടിപ്പിച്ച് വിൽപന നടത്തുന്ന കച്ചവടക്കാരാണ് പുതുതായി പെർമിറ്റ് നേടുന്നത്. കേന്ദ്രമോട്ടോർ വാഹന നിയമപ്രകാരം 15 വർഷം പിന്നിട്ട ബസുകൾക്ക് സ്റ്റേറ്റ് കാര്യേജ് പെർമിറ്റ് ലഭിക്കുകയില്ല. ഇതര സംസ്ഥാനങ്ങൾ ഈ നിയമം പാലിക്കുമ്പോൾ കേരളത്തിൽ 20 വർഷമായി ദീർഘിപ്പിച്ച് സംസ്ഥാന സർക്കാർ കേന്ദ്ര നിയമം പുനർനിർണയിച്ചു. കെ.എസ്.ആർ.ടി.സി.ക്ക് പുതിയ ബസ് വാങ്ങാൻ പണമില്ലാത്തതിനാൽ കാലദൈർഘൃം നീട്ടി നൽകിയതിന്റെ മറവിലാണ് സ്വകാര്യ ബസുടമകൾ അവസരം മുതലാക്കുന്നത്. ഈ പഴുത് ഉപയോഗിച്ചാണ് 15 വർഷം പിന്നിട്ട ബസുകൾ കേരളത്തിൽ എത്തുന്നത്. 15 വർഷം പിന്നിട്ട ബസുകൾക്ക് ഇതര സംസ്ഥാനങ്ങളിൽ പരമാവധി നാല് ലക്ഷം വരെയും 10 വർഷം പിന്നിട്ട ബസുകൾ 10 ലക്ഷത്തിൽ താഴെയും ലഭിക്കും. ഇവ കേരളത്തിൽ എത്തിച്ച് മുൻവശവും പിൻ വശവും പൊളിച്ച് പണിത് കേരളത്തിൽ പുനർ രജിസ്റ്റർ ചെയ്ത് റൂട്ടുകളിൽ പെർമിറ്റ് നേടുകയാണ് രീതി. കോട്ടയം, ഇടുക്കി ആർ.ടി.എ. ബോർഡുകളിൽ പുതിയ പെർമിറ്റിന് ഇത്തരം ബസുകൾ എത്തിയിട്ടുണ്ട്. ഹരിയാന, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് പഴയ ബസുകൾ കൂടുതലും എത്തുന്നത്. വടക്കെ ഇന്ത്യയിലെ നഗരങ്ങളിലെ വൻ സ്ഥാപനങ്ങളിൽ കരാർ അടിസ്ഥാനത്തിൽ തൊഴിലാളികളെയും ജീവനക്കാരെയും കൊണ്ടു പോകുന്ന ബസുകളും കാലാവധി കഴിയുമ്പോൾ കേരളത്തിൽ എത്തുന്നു. പുതിയ ബസുകൾക്ക് 10 വർഷമാണ് ഈ സ്ഥാപനങ്ങൾ കരാർ നൽകുന്നത്. 10 വർഷം പിന്നിട്ട ബസുകൾക്ക് അവിടെ ആവശ്യക്കാർ ഇല്ല. എന്നാൽ കേരളത്തിൽ നിന്ന് വാങ്ങാൻ നിരവധി ആളുകൾ എത്തുന്നു. ഇത്തരം ബസുകൾ എത്തിയതോടെ ആർ.ടി. എ. ബോർഡുകളിൽ പുതിയ പെർമിറ്റുകൾക്ക് നിരവധി അപേക്ഷകളാണ് ലഭിച്ചത്. ഈ മാസം നടന്ന കോട്ടയം ബോർഡിൽ 75 അപേക്ഷകളും ഇടുക്കിയിൽ 52 അപേക്ഷകളുമാണ് ലഭിച്ചത്. പുതിയ അപേക്ഷകളിൽ മിക്കവയും നിലവിൽ ഓടുന്ന സ്വകാര്യ ബസുകൾക്ക് അഞ്ച് മിനിറ്റ് മുന്നിൽ വരെയാണ് അപേക്ഷിച്ചിട്ടുള്ളത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കണ്ടം ചെയ്ത ബസുകൾ വാങ്ങി പുതിയ പെർമിറ്റുകൾ സംഘടിപ്പിച്ച് ഏതാനും മാസങ്ങൾക്കകം വിൽക്കുകയാണ് ചെയ്യുന്നത്. കേരളത്തിൽ കാലങ്ങളായി സർവിസ് നടത്തുന്ന ഓപറേറ്റർമാരെ ഇത് സാരമായി ബാധിക്കുന്നു. ഉൾനാടൻ മേഖലകളിൽ നിന്ന് പ്രധാന ടൗണുകളെ ബന്ധിപ്പിക്കുന്ന രീതികളിലും പെർമിറ്റിന് അപേക്ഷ നൽകിയിട്ടുണ്ട്. അതോടൊപ്പം കെ.എസ്.ആർ.ടി.സിയുടെ കുത്തകയായ ദേശസാത്കൃത റൂട്ടുകളിലും, നോട്ടിഫൈഡ് റൂട്ടുകളിലും ദൂരത്തിന്റെ 10 ശതമാനം ഓവർലാപ് ചെയ്യാമെന്നതിനാൽ ദേശസാത്കൃത -നോട്ടിഫൈഡ് റൂട്ടുകളെ ബന്ധിപ്പിച്ചും പുതിയ പെർമിറ്റുകൾക്ക് ആർ.ടി.എ ബോർഡിൽ അപേക്ഷ ലഭിച്ചിട്ടുണ്ട്.
ഇത്തരത്തിൽ നിരവധി ബസുകൾ നിരത്തിൽ എത്തുന്നതോടെ നിലവിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുടെയും കെ.എസ്.ആർ.ടി.സി.ബസുകളുടെയും വരുമാനത്തെ സാരമായി ബാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.