പീരുമേട് മണ്ഡലത്തിൽ 410 കോടിയുടെ കുടിവെള്ള പദ്ധതികൾ
text_fieldsപീരുമേട്: പീരുമേട് നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ 410 കോടിയുടെ കുടിവെളള പദ്ധതികളുടെ നിർമ്മാണം ആരംഭിക്കുന്നു. 53,148 ൽ പരം വീടുകളിൽ ഗാർഹിക കണക്ഷൻ വഴി ശുദ്ധജലം എത്തിക്കുന്നതിന് 410 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതായി വാഴൂർ സോമൻ എം.എൽ.എ.അറിയിച്ചു.
ജൽ ജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഫണ്ടോട് കൂടി ജല വിഭവ വകുപ്പിന് കീഴിൽ ജലഅതോറിറ്റി നടപ്പാക്കുന്ന പദ്ധതികൾക്കാണ് തുക അനുവദിച്ചത്.ഒന്നാം മൈലിൽ സ്ഥാപിക്കുന്ന 25 ദശലക്ഷം ലിറ്റർ ശേഷിയുള്ള ജലശുദ്ധീകരണ ശാലയിൽ നിന്ന് സ്പ്രിങ് വാലി പെരിയാർ വില്ലേജ് ഓഫീസിന് സമീപം നിർമിക്കുന്ന ടാങ്കിലേക്കും അവിടെ നിന്ന് വണ്ടിപ്പെരിയാർ പഞ്ചായത്തിലെ വിവിധ മേഖലകളിലേക്കും വെള്ളം വിതരണം ചെയ്യും.
കൊല്ലംപട്ടട കുരിശുമലയിലേക്ക് പമ്പ് ചെയ്ത ശേഷം കുമളി പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ എത്തിക്കും. ചക്കുപള്ളം പഞ്ചായത്തിലേക്ക് ഏഴാം മൈൽ മാർക്കറ്റിനു സമീപം നിർമിക്കുന്ന ടാങ്കിൽ നിന്നും പീരുമേട്, ഏലപ്പാറ പഞ്ചായത്തുകളിൽ ഹെലിബറിയ പ്ലാന്റിൽ നിന്നും ആയിരിക്കും വിതരണം.ഉപ്പുതറ പഞ്ചായത്തിൽ ഇടുക്കി ഡാമിൽ നിന്നുള്ള ജലം അഞ്ചുരുളിയിൽ നിർമിക്കുന്ന 35 ദശ ലക്ഷം ശേഷിയുള്ള ശുദ്ധീകരണ ശാലയിൽനിന്ന് ഒമ്പതേക്കറിലെ ടാങ്കിൽ എത്തിച്ച് വിതരണം നടത്തും.
അയ്യപ്പൻകോവിൽ പഞ്ചായത്തിലേക്ക് നിലവിലെ ആലടി പ്ലാന്റിൽ നിന്ന് വെള്ളമെത്തിക്കും. ടാങ്ക് നിർമാണത്തിനുള്ള സ്ഥലങ്ങളെല്ലാം കണ്ടെത്തിയിട്ടുണ്ട്. അമരാവതിയിൽ നിർമ്മിക്കേണ്ട ബൂസ്റ്റർ ടാങ്കിനു സ്ഥലം ലഭ്യമാകാത്തത് പദ്ധതിയുടെ ടെൻഡർ നടപടികൾ വൈകിപ്പിക്കുന്നതിനു കാരണമാകുന്നുണ്ട്. മറ്റിടങ്ങളിൽ സ്ഥലം ഏറ്റെടുപ്പ് നടപടികൾ ത്വരിതഗതിയിലാണ്. 2024 ൽ പദ്ധതി പൂർത്തീകരിച്ച് കമീഷൻ ചെയ്യും. ടാങ്കുകൾ സ്ഥാപിക്കാൻ സ്ഥലം സൗജന്യമായി വിട്ടുനൽകിയ വ്യക്തികളെയും സ്ഥാപനങ്ങളെയും മെയ് 18ന് പീരുമേട്ടിൽ നടക്കുന്ന ചടങ്ങിൽ ആദരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.