വനംവകുപ്പിന്റെ തടസ്സം; 12 കോടി ചെലവിട്ട സത്രം എയർ സ്ട്രിപ് പാതിവഴിയിൽ
text_fieldsപീരുമേട്: 12 കോടി ചെലവഴിച്ച എൻ.സി.സിയുടെ വണ്ടിപ്പെരിയാർ സത്രത്തെ എയർ സ്ട്രിപ് അനാഥം. വർഷംതോറും 1000 എൻ.സി.സി കേഡറ്റുകൾക്ക് വിമാനം പറത്തൽ പരിശീലിക്കാനുള്ള അവസരം നഷ്ടമായതിന് പുറമേ മുതൽമുടക്ക് പാഴായതും മിച്ചം. എൻ.സി.സിയിലെ എയർവിങ് കേഡറ്റുകൾക്ക് പരിശീലനത്തിനായാണ് എയർ സ്ട്രിപ് നിർമിച്ചത്.
പണികൾ അവസാന ഘട്ടത്തിലെത്തിയപ്പോൾ വനംവകുപ്പ് തടസ്സവുമായി രംഗത്തെത്തി. എയർ സ്ട്രിപ്പിലേക്കുള്ള റോഡിന്റെ 400 മീറ്റർ വനഭൂമിയിലൂടെ കടന്നുപോകുന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് വനംവകുപ്പ് നിർമാണം തടസ്സപ്പെടുത്തിയത്. രണ്ട് വർഷം മുമ്പ് കനത്ത മഴയിൽ എയർസ്ട്രിപ് റൺവേയുടെ ഒരു ഭാഗം ഇടിഞ്ഞുവീണു. ഇതുനിർമിക്കാൻ 6.30 കോടി രൂപ എൻ.സി.സി കൈമാറിയെങ്കിലും പണി നടന്നിട്ടില്ല.
ഇടുക്കിയുടെ ഹൈറേഞ്ച് മേഖലയാകെയും പമ്പ, ശബരിമല എന്നിവിടങ്ങളിലും അടിയന്തര സാഹചര്യമുണ്ടായാൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് ചെറുവിമാനങ്ങളും ഹെലികോപ്റ്ററുകളും സത്രത്തിൽ ഇറക്കാൻ കഴിയുമെന്ന വ്യോമസേന റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് എയർ സ്ട്രിപ് തീരുമാനിച്ചത്. റൺവേയും വിമാനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യവും പരിശീലനത്തിനെത്തുന്ന വിദ്യാർഥികൾക്കുള്ള താമസസൗകര്യവും അടക്കം പൂർത്തിയായിട്ടുണ്ട്. എയർസ്ട്രിപ്പ് യാഥാർഥ്യമാകാത്തതിനാൽ കോടികളുടെ മുതൽമുടക്ക് വെറുതെയായ അവസ്ഥയിലാണ് പ്രതിരോധ വകുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.