സർക്കാർ ഭൂമി കൈയേറ്റം: അന്വേഷണം ഇഴയുന്നു
text_fieldsപീരുമേട്: അഗ്നിരക്ഷാസേന ഓഫിസിന് പിന്നിലെ മലയിൽ സർക്കാർ ഭൂമി കൈയേറിയ സംഭവത്തിൽ അന്വേഷണം ഇഴയുന്നു. കൈയേറ്റക്കാരനെയും കണ്ടെത്താൻ സാധിച്ചില്ല. സ്വാതന്ത്ര്യസമര സേനാനി അക്കാമ്മ ചെറിയാൻ സ്മാരക മ്യൂസിയം സ്ഥാപിക്കാൻ തിരിച്ചിട്ടിരുന്ന സ്ഥലം ഉൾപ്പെടെ സർക്കാർ ഭൂമിയിലാണ് കൈയേറ്റം നടന്നത്. ഏപ്രിൽ 22, 23 തീയതികളിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് റോഡ് നിർമിക്കുകയും സ്ഥലം നിരപ്പാക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് പൊതുപ്രവർത്തകർ റവന്യൂ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല. പിന്നീട് മാധ്യമങ്ങളിൽ വാർത്ത വന്നതിന് ശേഷമാണ് അന്വേഷണം ആരംഭിച്ചത്.
സ്ഥലം അളന്ന് കണ്ടെത്താൻ താലൂക്ക് സർവേയർക്ക് തഹസിൽദാർ നിർദേശം നൽകി. കൈയേറ്റം നടന്ന് 20 ദിവസം പിന്നിട്ടിട്ടും അന്വേഷണം വഴിമുട്ടി. റവന്യൂ ജീവനക്കാർ തെരഞ്ഞെടുപ്പ് ജോലിയിലായിരുന്ന വേളയിലാണ് കൈയേറ്റം നടന്നത്. ഇവിടെ പട്ടയം ലഭിച്ചിട്ടുണ്ടെന്ന് ചിലർ അവകാശവാദവുമായി എത്തിയിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ 20 വർഷത്തിനുള്ളിൽ ലാൻഡ് അസൈമെൻറ് കമ്മിറ്റി പട്ടയത്തിന് അനുമതി നൽകിയിട്ടില്ല. റവന്യൂ വകുപ്പിലെ ചിലരുടെ ഓത്തശയോടെ കൈയേറ്റം നടന്നതിനാലാണ് അന്വേഷണം ഇഴയുന്നതെന്നും ആരോപണമുയർന്നു.
അക്കാമ്മ ചെറിയാൻ സ്മാരകം കുട്ടിക്കാനത്തേക്ക് മാറ്റിസ്ഥാപിക്കാൻ തീരുമാനിച്ചിരുന്നു. ഏറ്റെടുത്ത സ്ഥലം അതിര് തിരിച്ചിടാതെ ഉപേക്ഷിച്ചതും കൈയേറ്റക്കാർക്ക് സഹായമായി. 2014ൽ ഭൂരഹിതർ കെ.എസ്.കെ.ടി.യുവിന്റെ നേതൃത്വത്തിൽ ഇവിടെ സ്ഥലം കൈയേറി അതിര് തിരിച്ചിട്ടിരുന്നു. അതേ രീതിയിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഭൂരഹിതർ അഞ്ച് സെൻറ് വീതം കൈയേറാനും നീക്കം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.