ലയങ്ങളിൽ ദുരിതംപേറി അഞ്ഞൂറിലേറെ കുടുംബം
text_fieldsകട്ടപ്പന: പീരുമേട് താലൂക്കിലെ പൂട്ടിക്കിടക്കുന്ന തേയിലത്തോട്ടങ്ങൾ മനുഷ്യാവകാശ കമീഷൻ അംഗം വെള്ളിയാഴ്ച സന്ദർശിക്കും. പീരുമേട് താലൂക്കിൽ പൂട്ടിക്കുടക്കുന്ന നാല് വൻകിട എസ്റ്റേറ്റാണുള്ളത്. ഇതിൽ പീരുമേട് ടീ കമ്പനിയുടെ ചീന്തലാർ, ലോൺട്രി, നമ്പർ - ഒന്ന്, നമ്പർ-രണ്ട്, നമ്പർ -മൂന്ന് ഡിവിഷനുകൾ 23 വർഷമായി പൂട്ടിക്കിടക്കുന്നതാണ്. അറ്റകുറ്റപ്പണി നടത്താത്ത ലയങ്ങളിൽ ദുരിതംപേറി അഞ്ഞുറിലേറെ തൊഴിലാളി കുടുംബമാണ് കഴിയുന്നത്.
2000 ഡിസംബർ 13നാണ് പീരുമേട് ടീ കമ്പനി ഉടമ ഉപേക്ഷിച്ച് പോയത്. പിന്നീട് ഒരിക്കൽപോലും ഉടമ തോട്ടം സന്ദർശിച്ചിട്ടില്ല. ഈ തോട്ടങ്ങൾ ഉൾപ്പെടെ മനുഷ്യാവകാശ കമീഷൻ അംഗം വി.കെ. ബീനാകുമാരി വെള്ളിയാഴ്ച സന്ദർശിക്കും. ഇവരോടൊപ്പം സംസ്ഥാന ലേബർ കമീഷണർ, കലക്ടർ, ചീഫ് ഇൻസ്പെക്ടർ ഓഫ് പ്ലാന്റേഷൻ (സി.ഐ.പി) എന്നിവരും ഉണ്ടാകും. മാധ്യമവാർത്ത അടിസ്ഥാനമാക്കി മനുഷ്യാവകാശ പ്രവർത്തകൻ ഡോ. ഗിന്നസ് മാടസ്വാമി നൽകിയ പരാതിയെ തുടർന്നാണ് സന്ദർശനം. തൊഴിലാളികളുടെ ദുരിതം നേരിട്ടു മനസ്സിലാക്കുകയാണ് സന്ദർശന ലക്ഷ്യം. ലയമുറി തകർന്നുവീണ് തൊഴിലാളി സ്ത്രീ മരിച്ച കോഴിക്കാനം എസ്റ്റേറ്റും കമീഷൻ സന്ദർശിക്കും. രാവിലെ ഒമ്പതിന് കമീഷൻ പീരുമേട് ഗെസ്റ്റ് ഹൗസിലെത്തും. തുടർന്നാണ് സന്ദർശനം.
2018ലെ പെട്ടിമുടി ദുരന്തവും 2021ൽ കോഴിക്കാനത്ത് ലയം തകർന്നുവീണ് തൊഴിലാളി സ്ത്രീ മരിക്കുകയും ചെയ്തതോടെ ലയങ്ങൾ നവീകരിക്കാൻ സംസ്ഥാന സർക്കാർ രണ്ട് ബജറ്റുകളിലായി 20 കോടി രൂപ അനുവദിച്ചിരുന്നു.
എന്നാൽ, തൊഴിൽ വകുപ്പിന്റെയും ജില്ല ഭരണകൂടത്തിന്റെയും മെല്ലെപ്പോക്ക് കാരണം നവീകരണം ഇതുവരെ നടന്നില്ല. ചോർന്നൊലിച്ച് ഏത് നിമിഷവും തകർന്നുവീഴാവുന്ന മേൽക്കൂരക്ക് കീഴിൽ ഭയന്നുവിറച്ചാണ് തൊഴിലാളി കുടുംബങ്ങൾ കഴിയുന്നത്. ചില ലയങ്ങൾ പൂർണമായും നിലംപൊത്തി. ഭാഗികമായി തകർന്ന ലയങ്ങളുടെ അവശേഷിക്കുന്ന ഭാഗങ്ങളിലും ചില കുടുംബങ്ങൾ താമസിക്കുന്നുണ്ട്.
ലയങ്ങളുടെ അപകടാവസ്ഥ വീണ്ടും ശ്രദ്ധയിൽ വന്നതോടെയാണ് നേരിട്ട് സന്ദർശിക്കാൻ കമീഷൻ തീരുമാനിച്ചത്. പ്രവർത്തിക്കുന്ന എസ്റ്റേറ്റുകളിലെ ചില ലയങ്ങളുടെ സ്ഥിതിയും ശോച്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.