പീരുമേട് താലൂക്ക് ആശുപത്രിയിൽ സ്ത്രീകളുടെ വാർഡിൽ പുരുഷന്മാരും
text_fieldsപീരുമേട് താലൂക്ക് ആശുപത്രിയിൽ സ്ത്രീകളുടെ വാർഡിൽ പുരുഷന്മാരും
കോവിഡിന് ശേഷമാണ് പുരുഷന്മാരുടെ വാർഡ് ഇല്ലാതായത്പീരുമേട്: താലൂക്ക് ആശുപത്രിയിൽ സ്ത്രീകളെയും പുരുഷന്മാരെയും ഒരു വാർഡിൽ കിടത്തി ചികിത്സിക്കുന്നത് രോഗികൾക്കും ബന്ധുക്കൾക്കും പ്രയാസം സൃഷ്ടിക്കുന്നു. സ്ത്രീകളുടെ വാർഡിലാണ് കോവിഡിന് ശേഷം പുരുഷന്മാരുടെ വാർഡും.
സ്ത്രീകളുടെ വാർഡിലെ നാല് കിടക്കകളും വാർഡിന്റെ ഇടനാഴിയിൽ ആറ് കിടക്കളുമാണ് പുരുഷന്മാർക്ക് അനുവദിച്ചിട്ടുള്ളത്. സ്ത്രീകളുടെ ശുചിമുറി പുരുഷന്മാരും ഉപയോഗിക്കുന്നു. ഒരേ ശുചിമുറികൾ ഉപയോഗിക്കുന്നതിലും പ്രായോഗിക ബുദ്ധിമുട്ട് അനുഭവപ്പെടുന്നു.
സ്ത്രീകളുടെ വാർഡിനോട് ചേർന്ന് എട്ട് കിടക്കകളുള്ള കുട്ടികളുടെ വാർഡുമുണ്ട്. സ്ത്രീകളുടെയും പുരുഷന്മാരുടെയും കിടക്കകൾ വേർതിരിക്കുന്നത് നാല് അലമാരകൾ ഉപയോഗിച്ചാണ്. പുരുഷന്മാരെ സന്ദർശിക്കാൻ എത്തുന്നവർ സ്ത്രീകളുടെ വാർഡിലൂടെയാണ് കയറി വരുന്നത്. പഴയ കെട്ടിട സമുച്ചയത്തിന്റെ ഒന്നാം നിലയിൽ പുരുഷന്മാർക്ക് 34 കിടക്കകളുള്ള വാർഡ് പ്രവർത്തിച്ചിരുന്നു. കോവിഡ് കാലത്ത് കോവിഡ് ബാധിതർക്കുവേണ്ടി വാർഡ് ഉപയോഗിച്ചതോടെ ഇത് ഇല്ലാതായി. പകരം സ്ത്രീകളുടെ വാർഡിൽ നാല് കിടക്കകൾ അനുവദിക്കുകയായിരുന്നു. കോവിഡിന് മുമ്പ് 34 കിടക്കകളിൽ കിടത്തിച്ചികിത്സിച്ചിരുന്നതാണ് ഇപ്പോൾ 10 ആയി ചുരുങ്ങിയത്. അലമാരകൾ മാത്രം മറയായി പുരുഷന്മാരുടെയും സ്ത്രീകളുടെയും വാർഡ് പ്രവർത്തിക്കുന്നത് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്.
അതേസമയം, പുരുഷന്മാരുടെ പുതിയ വാർഡിന്റെ നിർമാണം നടക്കുകയാണെന്നും പൂർത്തീകരിച്ചാലുടൻ പ്രവർത്തനം ആരംഭിക്കുമെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.