കെ.എസ്.ആർ.ടി.സി സർവിസുകൾ കൂട്ടത്തോടെ മുടങ്ങുന്നു; യാത്രക്ലേശം രൂക്ഷം
text_fieldsപീരുമേട്: ബസുകൾ കട്ടപ്പുറത്തായതോടെ ഹൈറേഞ്ചിലെ 21 കെ.എസ്.ആർ.ടി.സി. സർവീസുകൾ മുടങ്ങി. മുടങ്ങിയവയെല്ലാം ദീർഘദൂര സർവീസുകളും ടേക്ക് ഓവർ സർവീസുകളുമാണ്. കുമളി- 11, കട്ടപ്പന- 4, നെടുങ്കണ്ടം- 6 എന്നിങ്ങനെയാണ് സർവീസുകൾ മുടങ്ങിയത്.
ബസുകളുടെ അറ്റകുറ്റപ്പണികൾ തീരാത്തതാണ് കാരണമെന്ന് കെ.എസ്.ആർ.ടി.സി.അധികൃതർ പറഞ്ഞു. മെക്കാനിക്കൽ വിഭാഗത്തിലെ ജീവനക്കാരുടെ കുറവും അറ്റകുറ്റപ്പണികളെ ബാധിക്കുന്നുണ്ട്. എന്നാൽ, കുമളി ഡിപ്പോയിലെ താൽക്കാലിക ജീവനക്കാരെ മൂന്നാർ ഡിപ്പോയിലെ പമ്പിലേക്ക് സ്ഥലം മാറ്റിയതാണ് ജോലി അവതാളത്തിലാകാൻ കാരണമെന്നും ആരോപണമുയർന്നു. കുമളിയിലെ 37 സർവീസുകളിൽ 11 എണ്ണമാണ് മുടങ്ങിയത്.
രാവിലെ 6.30 ന് കോട്ടയത്തേക്ക് ബസ് പോയ ശേഷം 9.30 നാണ് കെ.എസ്.ആർ.ടി.സി ഉണ്ടായിരുന്നത്. തുടർച്ചയായ മൂന്ന് മണിക്കൂർ സർവീസ് നിലച്ചു. ഇതിനിടയിലുള്ള മൂന്ന് സ്വകാര്യ ബസുകൾ മാത്രമാണ് യാത്രക്കാർക്ക് ആശ്വാസമായത്. കോട്ടയം - കുമളി-റൂട്ട് കെ.എസ്.ആർ.ടി.സിയുടെ കുത്തകയായതിനാൽ ഒരു ബസ് മുടങ്ങുമ്പോൾ തന്നെ വൻ യാത്രാക്ലേശമാണ് ഉണ്ടാകുന്നത്.
ഈ സർവീസുകൾ രണ്ട് ട്രിപ്പ് വീതം ഓടുന്നതിനാൽ ഉച്ചക്ക് ശേഷവും ബസുകൾ ഉണ്ടായില്ല. കെ.കെ.റോഡിലെ ലാഭത്തിൽ ഓടുന്ന സർവീസുകൾ നിലക്കുമ്പോഴും കുമളിയിൽ നിന്ന് രാവിലെ ഏഴിന് കട്ടപ്പനക്ക് നഷ്ടത്തിൽ ഓടുന്ന സർവീസ് മുടങ്ങാറില്ല.
കുമളിയിൽ നിന്ന് രാവിലെ 5.15 ന് എറണാകുളം-അമൃത ടേക്ക് ഓവർ സർവീസും രണ്ടാഴ്ചയായി ഓടുന്നില്ല. ശബരിമല തീർഥാടനകാലം ആരംഭിച്ചതിന് ശേഷം കുമളിയിൽ നിന്ന് കെ.കെ റോഡ് വഴിയാത്രക്കാരുടെ വൻ തിരക്ക് അനുഭവപ്പെടുമ്പോഴും സർവീസുകൾ കൂട്ടത്തോടെ മുടങ്ങുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.