ഗുണനിലവാരമില്ലാത്ത മീൻ അതിർത്തി കടന്നെത്തുന്നു
text_fieldsപീരുമേട്: ഗുണനിലവാരമില്ലാത്ത മീൻ തമിഴ്നാട്ടിൽനിന്ന് അതിർത്തി കടന്നെത്തുന്നു. ട്രോളിങ് നിരോധനം ഉണ്ടായതിന് ശേഷമാണ് വൻതോതിൽ ലോറികളിൽ മത്സ്യം എത്തിതുടങ്ങിയത്. നിരവധി കണ്ടെയ്നർ ലോറികളാണ് രാത്രിയിൽ കുമളി വഴി എത്തുന്നത്. തെക്കൻ ജില്ലകളിലേക്കാണ് ഭൂരിഭാഗം ലോറികളും പോകുന്നത്. മത്തി, ചൂര, അയല തുടങ്ങിയ മീനുകളാണ് എത്തുന്നത്. ഇവയിൽ മിക്കവയും രാസപദാർഥങ്ങൾ കലർത്തി സൂക്ഷിച്ചവയും കാലപ്പഴക്കവുമുള്ളവയാണെന്നാണ് ആക്ഷേപം. കുമളി വഴി എത്തുന്ന ലോറികളിൽ ബന്ധപ്പെട്ട വകുപ്പുകളുടെ പരിശോധന രാത്രി കാലങ്ങളിൽ നടക്കാത്തതിനാൽ ലോറികളുടെ എണ്ണം വർധിച്ചുവരികയാണ്. വാളയാർ, ആര്യങ്കാവ് ചെക്ക് പോസ്റ്റുകളിൽ പരിശോധന കർശനമായതിനാൽ കുമളി, കമ്പംമെട്ട് ചെക്ക് പോസ്റ്റുകൾ വഴി മീൻ ലോറികൾ കേരളത്തിലേക്ക് കടക്കുന്നതെന്നാണ് വിവരം. ട്രോളിങ് നിരോധനമായതിനാൽ കേരളത്തിൽ എത്തുന്ന മീൻ വള്ളക്കാരുടെ മീൻ എന്ന പേരിൽ വിൽക്കപ്പെടുന്നു. തുത്തുക്കുടി ഉൾപ്പെടെയുള്ള മേഖലകളിൽ നിന്നെത്തുന്ന മീനുകൾ നാടൻ മീൻ എന്ന പേരിലും വിറ്റഴിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.