ബസുകളുടെ മത്സരയോട്ടം: ജി.പി.എസും ഫലംകണ്ടില്ല
text_fieldsപീരുമേട്: സ്വകാര്യ ബസുകളുടെ മത്സര ഓട്ടവും നിയമലംഘനവും തടയാൻ കാമറ സ്ഥാപിക്കാനുള്ള തീരുമാനം ജി.പി.എസ് സംവിധാനത്തെ അവഗണിച്ച്. ജി.പി.എസ് ഉള്ള വാഹനങ്ങളുടെ വിവരങ്ങൾ ആർ.ടി ഓഫിസുകളിലെ കമ്പ്യൂട്ടറിൽ ലഭ്യമായിരിക്കെയാണ് വീണ്ടും കാമറ സ്ഥാപിക്കുന്നത്. വൻ തുക ചെലവഴിച്ചാണ് ബസ് ഉടമകൾ ജി.പി.എസ് സ്ഥാപിച്ചത്. 2022 മാർച്ചിനുശേഷം ജി.പി.എസ് സ്ഥാപിക്കാത്ത ബസുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നില്ല.
മോട്ടോർ വാഹന വകുപ്പ് റോഡിൽ പരിശോധന നടത്തുമ്പോൾ ചെറിയ വാഹനങ്ങളുടെ നിയമലംഘനങ്ങൾക്ക് കനത്ത പിഴ ഈടാക്കുകയും സ്വകാര്യ ബസുകൾ പരിശോധിക്കാതിരിക്കുകയും ചെയ്യുന്നതായി ആക്ഷേപമുണ്ട്. ഹൈറേഞ്ചിൽനിന്ന് മറ്റ് ജില്ലകളിലേക്ക് പുലർച്ച സർവിസ് നടത്തുന്ന ചില സ്വകാര്യ, കെ.എസ്.ആർ.ടി.സി ബസുകളിലെ ഡ്രൈവർമാർ മദ്യലഹരിയിലാണെന്ന് പരാതി ഉയർന്നിട്ടും രാവിലെ പരിശോധന ഉണ്ടാകുന്നില്ല.
ഹൈറേഞ്ചിൽ സർവിസ് നടത്തുന്ന ചില സ്വകാര്യ ബസുകളുടെ അമിതവേഗം യാത്രക്കാർക്കും മറ്റ് വാഹനങ്ങൾക്കും ഭീഷണിയാണ്. 2014ൽ സ്വകാര്യ സൂപ്പർ ക്ലാസ് ബസുകൾക്ക് ലിമിറ്റഡ് സ്റ്റോപ് ഓർഡിനറി പെർമിറ്റ് നൽകിയെങ്കിലും സൂപ്പർ ഫാസ്റ്റിന്‍റെ സമയമാണ് അനുവദിച്ചത്. സൂപ്പർ ഫാസ്റ്റിന് ഒന്നര മിനിറ്റും ഫാസ്റ്റിന് 1.45 മിനിറ്റുമാണ് ഒരുകിലോമീറ്റർ ഓടാൻ അനുവദിച്ചിട്ടുള്ളത്.
ഓർഡിനറിക്ക് ഹൈറേഞ്ചിൽ 2.25 മിനിറ്റും ലോറേഞ്ചിൽ രണ്ട് മിനിറ്റുമാണ്. എന്നാൽ, ടൈം ഹിയറിങ് നടത്താത്തതിനാൽ ഓർഡിനറി ബസുകൾ സൂപ്പർഫാസ്റ്റിന്‍റെ സമയത്തിൽ പായുന്നു. ജി.പി.എസ് സംവിധാനം മോട്ടോർ വാഹന വകുപ്പ് ഓഫിസുകളിൽ കാര്യക്ഷമമായി പരിശോധിച്ചാൽ മത്സരഓട്ടം കുറക്കാൻ സാധിക്കുമെന്ന് ജീവനക്കാരും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.