മണ്ഡലകാലമെത്തി; സത്രം ഇടത്താവളത്തിൽ അസൗകര്യങ്ങൾ മാത്രം
text_fieldsപീരുമേട്: ശബരിമല തീർഥാടന കാലം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ സത്രം ഇടത്താവളം അസൗകര്യങ്ങൾക്ക് നടുവിൽ. വണ്ടിപെരിയാർ സത്രം കാനന പാതയാണ് അസൗകര്യങ്ങളിൽ വീർപ്പുമുട്ടുന്നത്. ശബരിമല സന്നിധാനത്തിലേക്ക് പോകാനുള്ള ഏറ്റവും ദൂരക്കുറവുള്ള പുല്ലുമേട് കാനന പാതയിലാണ് സത്രം. എന്നാൽ, സത്രത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഇപ്പോഴുമായിട്ടില്ല.
രണ്ടു വർഷം മുമ്പ് അന്നത്തെ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ സത്രം സന്ദർശിച്ചപ്പോൾ ശബരിമല തീർഥാടകർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കിനൽകുമെന്നും സത്രം പ്രധാന ഇടത്താവളമാക്കുമെന്നും ഉറപ്പ് നൽകിയിരുന്നു. എന്നാൽ തീർഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഇപ്പോഴും സത്രത്തിൽ ഇല്ല. ഈ വർഷത്തെ തീർഥാടന കാലം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ സത്രത്തിൽ മുന്നൊരുക്കങ്ങളൊന്നും ആരംഭിച്ചിട്ടില്ല. ദേവസ്വം ബോർഡ് തീർഥാടകർക്ക് ആവശ്യമായ ക്രമീകരണങ്ങളും നടപ്പിലാക്കിയിട്ടില്ല.
കഴിഞ്ഞ തീർഥാടനകാലത്ത് അഞ്ച് അയ്യപ്പൻമാർ ഇവിടെ ഹൃദയഘാതത്തെ തുടർന്ന് മരിച്ചിരുന്നു. വേണ്ടത്ര ഡോക്ടർമാർ, നഴ്സുമാർ തുടങ്ങി 24 മണിക്കൂറും പ്രവർത്തിക്കുന്ന മെഡിക്കൽ സംവിധാനങ്ങൾ തീർഥാടനം ആരംഭിക്കുമ്പോൾ തന്നെ സത്രത്തിൽ നടപ്പിലാക്കണമെന്ന ആവശ്യം ശക്തമാണ്. 2011 ജനുവരി 14ന് പുല്ലുമേട് ദുരന്തമുണ്ടായത് ഈ പാതക്കു സമീപമാണ്.
ഏകദേശം 12 കിലോ മീറ്റോളം ദൂരമാണ് സത്രത്തിൽ നിന്ന് കൊടുംകാട്ടിലൂടെയടക്കം സന്നിധാനത്തേക്കുള്ളത്. പ്രധാനമായും തെക്കൻ ജില്ലകളിൽ നിന്നുള്ളവരും തമിഴ്നാട്, ആന്ധ്ര സ്വദേശികളുമാണ് ഇതുവഴി പോകുന്നത്. വണ്ടിപ്പെരിയാറിൽ നിന്ന് അരണക്കല്ല് വഴി സത്രം വരെ ഏകദേശം 12 കി.മീറ്ററോളം ദൂരം വാഹനങ്ങൾ പോകുന്ന വഴിയാണ്. ഇതുവഴി കെ.എസ്.ആർ.ടി.സി ബസുകളും സ്വകാര്യ വാഹനങ്ങളും സത്രം വരെ എത്തുന്നു. ഇവിടെ നിന്ന് രാവിലെ ഏഴു മുതൽ ഉച്ചക്ക് രണ്ടു വരെ മാത്രമാണ് പ്രവേശനം.
അയ്യപ്പഭക്തരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സത്രത്തിൽ വേണ്ടത്ര സ്ഥലമില്ല. ഇത് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കും. ദേവസ്വം ബോർഡിന് ഏക്കർ കണക്കിന് സ്ഥലം വെറുതെ കിടക്കുന്നുണ്ടെങ്കിലും വാഹങ്ങൾ പാർക്ക് ചെയ്യാൻ ഉപയോഗിക്കുന്നില്ല.
ശുചിമുറി ആവശ്യത്തിനില്ലെന്നത് മറ്റൊരു പ്രശ്നം. സത്രത്തിൽ ആകെയുള്ളത് ദേവസ്വം ബോർഡിന്റെ അഞ്ച് ശുചിമുറികളാണ്. വണ്ടിപ്പെരിയാർ പഞ്ചായത്ത് താൽകാലികമായി പണിതുനൽകിയ 20 ശുചിമുറികൾ ഉപയോഗശൂന്യമായി കിടക്കുന്നു. ശുദ്ധജല വിതരണം പലപ്പോഴും സത്രത്തിൽ തകരാറിലാകുന്നുണ്ട്. എപ്പോഴും ശുദ്ധജലവിതരണം നടത്താൻ ഒരു കുഴൽ കിണർ നിർമിക്കണമെന്ന ആവശ്യമുണ്ട്. തീർഥാടകർക്ക് സത്രത്തിൽ വിരി വെക്കാൻ സൗകര്യം ഇല്ല. അസൗകര്യങ്ങളുടെ നടുവിലാണ് വിരിവെക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.