ശബരിമല സ്പെഷൽ സർവിസ്: ഇടുക്കിയിൽനിന്ന് 13 ബസുകൾ
text_fieldsപീരുമേട്: ശബരിമല തീർഥാടനകാലത്ത് പമ്പ സ്പെഷൽ സർവിസ് നടത്തുന്നതിന് ജില്ലയിലെ വിവിധ കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽനിന്ന് 13 ബസുകൾ പമ്പയിലെ താൽക്കാലിക ഡിപ്പോക്ക് നൽകും.
ഇതോടെ കുമളി-കോട്ടയം ദേശസാത്കൃത റൂട്ടിൽ യാത്രക്ലേശം രൂക്ഷമാകുമെന്ന് ആശങ്കയുണ്ട്. കട്ടപ്പന ഡിപ്പോയിൽനിന്ന് നാല്, തൊടുപുഴ -മൂന്ന്, മൂലമറ്റം -രണ്ട്, നെടുങ്കണ്ടം -രണ്ട്, ജില്ല കോമൺ പൂൾ -രണ്ട് എന്നിങ്ങനെയാണ് ബസുകൾ വിട്ടുകൊടുക്കുന്നത്. തൊടുപുഴ ഡിപ്പോയിൽനിന്ന് വിട്ടുകൊടുക്കുന്നവയിൽ ഒരു ജനുറം ബസും ഉൾപ്പെടും.
2017ൽ നിരത്തിലിറക്കിയ ബസുകളാണ് പമ്പക്ക് കൊണ്ടുപോകുന്നത്. കട്ടപ്പന, നെടുങ്കണ്ടം ഡിപ്പോകളിൽനിന്ന് കോട്ടയം റൂട്ടിൽ ദീർഘദൂര സർവിസുകൾ നടത്തുന്ന ഫാസ്റ്റ് പാസഞ്ചർ ബസുകൾ പമ്പക്ക് കൊണ്ടുപോകുന്നതിനാൽ ഈ റൂട്ടിൽ സർവിസിന് ബസുകൾ ഇല്ലാതാകും. കോവിഡിനുശേഷം ഹൈറേഞ്ചിലെ ഡിപ്പോകളിൽനിന്ന് സർവിസുകൾ പൂർണമായും പുനരാരംഭിച്ചിട്ടില്ല. ഇതിനിടയാണ് ബസുകൾ പിൻവലിക്കുന്നത്.
53 സർവിസുകൾ നടത്തിയിരുന്ന കുമളിയിൽനിന്ന് 28 സർവിസ് മാത്രമാണ് പുനരാരംഭിച്ചത്. 21 സർവിസുള്ള നെടുങ്കണ്ടം ഡിപ്പോയിൽ ഒമ്പതെണ്ണം മാത്രമാണ് മുടക്കമില്ലാതെ ഓടുന്നത്. ഇവിടെ നിന്ന് ആരംഭിച്ച ടേക് ഓവർ സർവിസുകളും മുടങ്ങി. ടേക് ഓവർ ഓടിയിരുന്ന ഷെഡ്യൂൾ ബസുകളും ജില്ല കോമൺ പൂളിലേക്ക് (ഡി.സി.പി) നൽകിയതിനാൽ സർവിസ് മുടങ്ങി.
ഫാസ്റ്റ് പാസഞ്ചർ ബസുകൾ പമ്പക്ക് നൽകുമ്പോൾ പകരം ഡി.സി.പിയിൽനിന്ന് ഓർഡിനറി ബസുകൾ ഡിപ്പോകൾക്ക് നൽകി സർവിസുകൾ മുടങ്ങാതിരിക്കാൻ നടപടി ഉണ്ടാകണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. കുമളിയിൽ ഇതര സംസ്ഥാനങ്ങളിൽനിന്നെത്തുന്ന തീർഥാടകരുടെ തിരക്ക് ഉണ്ടാകുമ്പോൾ കുമളി ഡിപ്പോയിലെ ബസുകളും മറ്റുഡിപ്പോകളിൽനിന്ന് കുമളിക്ക് സർവിസ് നടത്തുന്ന ബസുകളും പമ്പക്ക് പ്രത്യേക സർവിസായി റൂട്ട് മാറ്റി വിടുന്നത് മുൻ കാലങ്ങളിൽ പതിവായിരുന്നു. പമ്പ സർവിസിന് 10 ബസുകളാണ് കുമളി ഡിപ്പോക്ക് കഴിഞ്ഞ രണ്ടുവർഷങ്ങളിൽ നൽകിയത്. ഇത് അപര്യാപ്തമാണെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.