അമിത വേഗവും അനധികൃത പാർക്കിങ്ങും; വണ്ടിപ്പെരിയാർ-മുണ്ടക്കയം റോഡിൽ ‘ഇടിയോടിടി’
text_fieldsപീരുമേട്: കെ.കെ റോഡിൽ വണ്ടിപ്പെരിയാർ മുതൽ മുണ്ടക്കയം വരെ കഴിഞ്ഞ രണ്ട് മാസത്തിനുള്ളിലുണ്ടായത് 16 അപകടം. ഇതിൽ രണ്ടുപേർ മരിച്ചു. 19 ആളുകൾക്ക് പരിക്കേറ്റു.
കടുവാപ്പാറയിൽ ഓട്ടോയുടെ മുകളിലേക്ക് ലോറി മറിഞ്ഞും ഇതിന് സമീപം വ്യാഴാഴ്ച മിനിവാൻ കൊക്കയിലേക്ക് മറിഞ്ഞുമാണ് രണ്ട് ഡ്രൈവർമാർ മരിച്ചത്. കർക്കടകം ഒന്നിന് അമലഗിരിയിൽ റോഡിൽ നിന്ന തമിഴ്നാട് സ്വദേശിയായ ശബരിമല തീർഥാടകന് കെ.എസ്.ആർ.ടി.സി ബസിടിച്ച് പരിക്കേറ്റു. ജൂലൈ ആദ്യവാരം ദിശതെറ്റിയെത്തിയ കാർ ടൂറിസ്റ്റ് ബസിലിടിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ വളഞ്ചാങ്കാനം വളവിൽ രണ്ട് ലോറികൾ അപകടത്തിൽപെട്ട് ഡ്രൈവർമാർക്ക് പരിക്കേറ്റു. കുട്ടിക്കാനത്ത് വെള്ളിയാഴ്ച രാത്രി പൊലീസ് ജീപ്പ് നിയന്ത്രണംവിട്ട് റോഡിൽ മറിഞ്ഞ് മൂന്നു പൊലീസുകാർക്ക് പരിക്കേറ്റു. ജൂലൈ ആദ്യവാരം കുട്ടിക്കാനം ജങ്ഷനിൽ നിയന്ത്രണംവിട്ട കാർ സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചുതെറിപ്പിച്ചു. ഗുരുതര പരിക്കേറ്റ ഇവർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണ്.
നിർത്താതെ പോയ ഏലപ്പാറ സ്വദേശിയെ പെരുവന്താനം പൊലീസാണ് പിടികൂടിയത്. ജൂലൈ ആദ്യവാരം മത്തായി കൊക്കയിൽ നിയന്ത്രണംവിട്ട കാർ ക്രാഷ് ബാരിയർ തകർത്ത് മറിഞ്ഞു. ജൂലൈ എട്ടിന് 55ാം മൈലിൽ കെ.എസ്.ആർ.ടി.സി ബസിന് പിന്നിൽ ഓട്ടോയിടിച്ച് യാത്രക്കാരന് പരിക്കേറ്റു. കഴിഞ്ഞ 20ന് ഇതിന് സമീപം സ്വകാര്യ ബസും പിക്അപ് വാനും കൂട്ടിയിടിച്ചു. വണ്ടിപ്പെരിയാർ നെല്ലിമലയിൽ സർക്കാർ മദ്യ വിൽപനശാലക്ക് മുന്നിൽ അപകടങ്ങൾ പതിവാണ് ജൂലൈയിൽ മൂന്ന് അപകടമാണ് നടന്നത്. ഓഫ് റോഡ് ജീപ്പും. ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. കഴിഞ്ഞ ദിവസം ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് പരിക്കേറ്റു. അടുത്ത ദിവസം കാറുകൾ കൂട്ടിയിടിച്ചു. റോഡിന്റെ ഇരുവശങ്ങളിലും മദ്യം വാങ്ങാൻ എത്തുന്നവർ വാഹനങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്യുന്നതാണ് അപകട കാരണം. അനധികൃത പാർക്കിങ്ങിനെ തുടർന്ന് ഗതാഗത തടസ്സം ഉണ്ടാകുമ്പോൾ യാത്രാബസുകളും മറ്റ് വാഹനങ്ങളും ഇവിടെ കുടുങ്ങി കിടക്കും. റോഡിലെ പാർക്കിങ് തടയാൻ പൊലീസും നടപടി സ്വീകരിക്കുന്നില്ല. അമിത വേഗവും അനധികൃത പാർക്കിങ്ങിൽ കാഴ്ച മറയ്ക്കുന്നതും അപകടം സൃഷ്ടിക്കുന്നു. സ്ഥിരം അപകട മേഖലയായ നെല്ലിമലയിലെ മദ്യവിൽപനശാലക്ക് സമീപമുള്ള പാർക്കിങ് നിയന്ത്രിക്കണമെന്നും പരിശോധന കർശനമാക്കണമെന്നും ആവശ്യം ഉയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.