തട്ടാത്തിക്കാനത്തെ വനം വകുപ്പിന്‍റെ നിർമാണം നാട്ടുകാർ തടഞ്ഞു
text_fieldsപീരുമേട്: തട്ടാത്തിക്കാനത്തെ പൈൻതോട്ടത്തിൽ വനം വകുപ്പ് നടത്തുന്ന നിർമാണം തടഞ്ഞു. ഗ്രാമപഞ്ചായത്ത് പദ്ധതിയിട്ട പൈൻ പാർക്ക് ടൂറിസം പദ്ധതി തകർക്കാൻ വനം വകുപ്പ് ഇക്കോ ഷോപ്പും കോഫി ഹൗസും നിർമിക്കുന്നുവെന്നാരോപിച്ചാണ് സി.പി.എം പ്രവർത്തകരും നാട്ടുകാരും ചേർന്ന് തടഞ്ഞത്.
കുട്ടിക്കാനം പൈൻതോട്ടത്തിൽ പണം വാങ്ങി ആളുകളെ പ്രവേശിപ്പിക്കാനുള്ള വനം വകുപ്പ് നീക്കമാണ് പിന്നിലെന്ന് ഇവർ പറയുന്നു. എരുമേലി റേഞ്ച് ഓഫിസറുടെ നേതൃത്വത്തിലുള്ള വനപാലക സംഘത്തെയാണ് തടഞ്ഞത്. കഴിഞ്ഞ ദിവസം പൈൻകാട്ടിൽ ഇക്കോ ഷോപ്, കോഫി ഷോപ് എന്നിവ നിർമിക്കൻ ഏതാനും മരങ്ങൾ മുറിക്കുകയും മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കി തറ പണിയുകയും ചെയ്തിരുന്നു.
കൂടാതെ പൈൻകാട്ടിൽ അനധികൃതമായി കയറുന്നവർക്ക് 25,000 രൂപ പിഴയും ഏഴുവർഷം തടവും നൽകുമെന്ന് കാട്ടി ബോർഡും സ്ഥാപിച്ചു. ഇതേ തുടർന്ന് സി.പി.എം പ്രവർത്തകർ നിർമാണ പ്രവർത്തനങ്ങൾ തടയുകയും ബോർഡ് നീക്കം ചെയ്യുകയും ചെയ്തിരുന്നു.
സംഭവത്തെ തുടർന്ന് പീരുമേട് ഡിവൈ.എസ്.പിയുടെ സാന്നിധ്യത്തിൽ ജനപ്രതിനിധികളും വനം വകുപ്പ് ഉദ്യോഗസ്ഥരും ചർച്ച നടത്തി. ഇക്കോ ഷോപ്, പ്രവേശന ഫീസ് എന്നീ വിഷയങ്ങളിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ ഉറച്ചുനിന്നതിനാൽ ചർച്ച പരാജയപ്പെടുകയും ഈ മാസം അഞ്ചാം തീയതിയിലേക്ക് ചർച്ച മാറ്റുകയും ചെയ്തു.
പീരുമേട് പഞ്ചായത്ത് പ്രസിഡന്‍റ് എസ്. സാബു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ. ദിനേശൻ, തോമസ് അറക്കപറമ്പിൽ, സി.പി.വി.എസ്. പ്രസന്നൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.