നായ്ക്കളെ പേടിച്ച് ജനം; ഒന്നും കണ്ടില്ലെന്ന മട്ടിൽ അധികൃതർ
text_fieldsആളൊഴിഞ്ഞ ഇടറോഡുകളിൽപോലും കുരച്ചുചാടുന്ന തെരുവുനായ്ക്കൾ സൃഷ്ടിക്കുന്ന ഭീതി ചെറുതല്ല. കാൽനടയായും സൈക്കിളിലും ഇരുചക്ര വാഹനത്തിലും യാത്രചെയ്യുന്നവരാണ് മിക്കവാറും ഇരകൾ. കൂട്ടമായും അല്ലാതെയും ചാടിവീഴുന്ന നായ്ക്കൾ പെറ്റുപെരുകുന്നത് നിയന്ത്രിക്കാൻ കൊണ്ടുവന്ന എ.ബി.സി പദ്ധതിയും നിലച്ചു. രാപ്പകൽ വ്യത്യാസമില്ലാതെ പാതയോരത്തും അല്ലാതെയും തമ്പടിക്കുന്ന തെരുവുനായ്ക്കൾ കൊച്ചുകുട്ടികൾ മുതൽ മുതിർന്നവരെപ്പോലും വെറുതെവിടില്ല. ജനങ്ങൾക്ക് ജീവിതത്തിന് ഭീഷണിയായി ആക്രമണസ്വഭാവമുള്ള നായ്ക്കൾ ഇപ്പോഴും തെരുവ് കീഴടക്കി വിലസുകയാണ്. ഫലപ്രദമായ ഇടപെടൽ നടത്തേണ്ട അധികൃതർ ഒന്നും കണ്ടില്ലെന്ന മട്ടിൽ മാറിനിൽക്കുകയാണ്.
പ്രഖ്യാപനങ്ങൾ യാഥാർഥ്യമായില്ല
തൊടുപുഴ: കണ്ണൂർ മുഴപ്പിലങ്ങാട് 11കാരനെ തെരുവുനായ് കടിച്ച് കൊന്നതിന്റെ ഞെട്ടലിലാണ് ജില്ലയും. ഇവിടെയും തെരുവുനായ് ശല്യം രൂക്ഷമാണെങ്കിലും ശാസ്ത്രീയമായ പരിഹാരം ഇതുവരെ ഉണ്ടായിട്ടില്ല. എ.ബി.സി പദ്ധതിയുമായി ബന്ധപ്പെട്ട് നായ്ക്കളെ പിടികൂടി പാര്‍പ്പിക്കാനുള്ള ഷെല്‍ട്ടര്‍, ഓപറേഷന് തിയറ്റര്‍ തുടങ്ങി ഒട്ടേറെ പ്രഖ്യാപനങ്ങൾ നടത്തിയെങ്കിലും ഒന്നുപോലും യാഥാർഥ്യമായില്ല.
നായ്ക്കളുടെ കടിയേറ്റ് ചികിത്സ തേടുന്നവരുടെ എണ്ണം പ്രതിദിനം വർധിക്കുകയാണ്. കൂട്ടമായെത്തുന്ന നായ്ക്കൾ വഴിയോരങ്ങളിൽ തലങ്ങും വിലങ്ങും വിലസുമ്പോൾ വാഹനയാത്രികരും ഭീതിയിലാണ്. ഇരുചക്ര വാഹനങ്ങൾക്ക് പിന്നാലെ നായ്ക്കൾ കുരച്ചുകൊണ്ട് പായുന്നതും പതിവാണ്. പുലർച്ച നടക്കാനിറങ്ങിയിരുന്ന പലരും നായ്ക്കളെ പേടിച്ച് നടത്തം നിർത്തി.
ഓപറേഷന് തിയറ്റര്‍, നായ്ക്കളെ പാര്‍പ്പിക്കാനുള്ള ഷെല്‍ട്ടര്‍ എന്നിവയടക്കമുള്ള സൗകര്യങ്ങളോടെ വിവിധ ഇടങ്ങളിൽ ശാസ്ത്രീയമായി എ.ബി.സി സെന്ററുകൾ ആരംഭിക്കുമെന്നായിരുന്നു അധികൃതർ പറഞ്ഞിരുന്നത്.
ജില്ലയിൽ നായ്ക്കളുടെ ആക്രമണവും എണ്ണവും വർധിച്ച സാഹചര്യത്തിൽ ഒരുവർഷം മുമ്പ് ജില്ല പഞ്ചായത്ത് വിളിച്ചുചേർത്ത യോഗത്തിലാണ് ഈ പ്രഖ്യാപനങ്ങളുണ്ടായത്. നാലോളം സെന്ററുകൾ സ്ഥാപിക്കുമെന്നും ചൂണ്ടിക്കാട്ടി.
ഒരു സെന്ററിന് 60 ലക്ഷം മുതൽ 80 ലക്ഷം വരെ ചെലവ് വരുമെന്നായിരുന്നു അറിയിച്ചിരുന്നത്.ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്ത് മുനിസിപ്പാലിറ്റികൾ എന്നിവ അഞ്ചുലക്ഷം വീതം സമാഹരിച്ച് സെന്റർ ക്രമീകരിക്കാനും തീരുമാനമെടുത്തു. എന്നാൽ, പ്രദേശവാസികളുടെ എതിർപ്പിനെ തുടർന്ന് ഇവയൊന്നുപോലും യാഥാർഥ്യമായില്ല. അതേസമയം ഇടുക്കിയിൽ സെന്റർ സ്ഥാപിക്കുന്നതിനുള്ള സ്ഥലം ഏറ്റെടുത്തിട്ടുണ്ടെന്നും തുടർ നടപടികളുമായി മുന്നോട്ടുപോകുകയാണെന്നും ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു പറഞ്ഞു.
മാലിന്യം പ്രധാന വില്ലൻ
അലക്ഷ്യമായ മാലിന്യം തള്ളലും അശാസ്ത്രീയമായ രീതിയിൽ പ്രവർത്തിക്കുന്ന അറവുശാലകളുമാണ് തെരുവുനായ്ക്കൾ പെരുകാൻ ഒരു കാരണം. മാലിന്യനിർമാർജനത്തിനുള്ള പദ്ധതികൾ തദ്ദേശസ്ഥാപനങ്ങൾ നടപ്പിലാക്കുന്നുണ്ടെങ്കിലും മാലിന്യം കുന്നുകൂടുന്നത് കുറക്കാൻ ഇത് ഫലപ്രദമാകുന്നില്ല. നഗരത്തിലെ സ്ഥിരം മാലിന്യനിക്ഷേപ കേന്ദ്രങ്ങളിലും റോഡരികിൽ കൂടിക്കിടക്കുന്ന മാലിന്യത്തിനരികിലുമാണ് നായ്ക്കൾ കൂട്ടമായി വിഹരിക്കുന്നത്.
റോഡരികിൽ ചാക്കിൽകെട്ടി വലിച്ചെറിയുന്ന മാലിന്യം നായ്ക്കൾ റോഡിലിട്ട് കടിച്ചുകീറുന്നത് പതിവാണ്.അറവുശാലകളിൽനിന്ന് റോഡരികിലും ഒഴിഞ്ഞ സ്ഥലത്തും തള്ളുന്ന ഇറച്ചിമാലിന്യം തിന്നാനെത്തുന്ന നായ്ക്കളും ആളുകൾക്ക് വലിയ ഭീഷണിയാണ്.
എ.ബി.സി സെന്റർ: ആശങ്കകൾക്ക് അടിസ്ഥാനമില്ല -മൃഗസംരക്ഷണ വകുപ്പ്
എ.ബി.സി സെന്ററിനെ നായ് വളർത്തൽ/സംരക്ഷണകേന്ദ്രം എന്ന് തെറ്റിദ്ധരിച്ച് വൻതോതിൽ ജനങ്ങളുടെ എതിർപ്പ് നേരിടേണ്ടിവന്നതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് മൃഗ സംരക്ഷണ വകുപ്പ് വിലയിരുത്തുന്നു.
എ.ബി.സി സെന്ററുകളിൽ തെരുവുനായ്ക്കളെ സ്ഥിരമായി പാർപ്പിക്കുകയല്ല മറിച്ച് ജില്ലയുടെ വിവിധ സ്ഥലങ്ങളിൽനിന്നും പിടികൂടി കൊണ്ടുവരുന്ന തെരുവുനായ്ക്കളെ ഇവിടങ്ങളിൽ എത്തിച്ച് വന്ധ്യംകരണം നടത്തിയശേഷം പേവിഷബാധ പ്രതിരോധ കുത്തിവെപ്പും നൽകി ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ പിടികൂടിയ അതേസ്ഥലത്ത് തന്നെ അവയെ തിരിച്ചുവിടുന്നതാണ് സെന്ററുകളുടെ പ്രവർത്തനം.അത്യാധുനിക രീതിയിലുള്ള ഓപറേഷൻ യൂനിറ്റും മാലിന്യനിർമാർജന യൂനിറ്റും ഉൾപ്പെടുന്നതാണ് ഒരു എ.ബി.സി സെന്റർ.പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകും എന്ന ആശങ്കക്ക് ഒരുവിധ അടിസ്ഥാനവുമില്ലെന്നും ഇവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.